കോട്ടവാസൽ ∙ തിരുമംഗലം ദേശീയപാതയിൽ അപകടക്കെണിയായി കൊടുംവളവിലെ വലിയ കുഴി. കോട്ടവാസൽ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിക്കു സമീപം കൊടുംവളവിൽ വലിയ ചരക്കു ലോറികൾ അടക്കം ഈ കുഴിയിപ്പെടുന്നതോടെ ഗതാഗതതടസ്സം പതിവായിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്ന് ഇറക്കം ഇറങ്ങിവരുന്ന ചരക്കു ലോറികൾ വളവു തിരിയുമ്പോൾ ചക്രങ്ങൾ കുഴിയിൽപ്പെട്ടു തകരാറിലാകുന്നതാണു പ്രധാനപ്രശ്നം. ഇങ്ങനെ കുടുങ്ങുന്ന ലോറികൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ സമയമേറെ വേണ്ടി വരുന്നതോടെ വാഹനഗതാഗതം പ്രതിസന്ധിയിലാകുകയാണു പലപ്പോഴും.
വലിയ ചരക്കുലോറികൾ കൊടുംവളവു തിരിയാൻ പ്രയാസപ്പെടുമ്പോഴാണു കുഴിയും കുഴപ്പമുണ്ടാക്കുന്നത്. ശബരിമല മണ്ഡലകാലം അടുത്തു വരുമ്പോഴും ദേശീയപാതയിലെ അപകടക്കുഴികൾ നികത്തിയും സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ ഒരുക്കിയും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ നടപടിയില്ലെന്നാണു പരാതി.കഴിഞ്ഞ ആഴ്ച എക്സൈസ് ചെക്പോസ്റ്റിൽ പരിശോധനയ്ക്കു നിർത്തിയിട്ട
ബസിനു പിന്നിൽ നിർത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച ശേഷം എതിരെ വന്ന കണ്ടെയ്നർ ലോറിയിലും ഇടിച്ച് അപകടമുണ്ടായിരുന്നു.
ഇറക്കത്തിൽ ന്യൂട്രൽ ഗിയർ ഇട്ടു വരുന്ന ചരക്കുലോറികളാണ് ഇത്തരത്തിൽ അപകടപ്പെടുന്നതിൽ പകുതിയും എന്നു നാട്ടുകാർ പരാതിപ്പെടുന്നു. പഴയ വിൽപന നികുതി ചെക്പോസ്റ്റ് കവലയിൽ അമിതവേഗക്കാരെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
തെന്മല കടുവക്കലുങ്ക്, പാലക്കര, ആര്യങ്കാവ് മുരുകപ്പൻചാൽ, ഇടപ്പാളയം എന്നിവിടങ്ങളിൽ ഗതാഗതത്തിനു തടസ്സമായിരുന്ന ദേശീയപാതയിലെ തകർച്ച കൽപാളികൾ നിരത്തി ഗതാഗതസജ്ജം ആക്കിയിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് കോട്ടവാസൽ ആര്യങ്കാവ് പാതയിൽ ശബരിമല തീർഥാടക വാഹനം കുഴിയിലേക്കു മറിഞ്ഞു തീർഥാടകർ മരിച്ച പശ്ചാത്തലത്തിൽ സുരക്ഷാ ഒാഡിറ്റ് നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്ന സുരക്ഷാ നടപടികൾ പൂർണമായും ഏർപ്പെടുത്താൻ കഴിയാത്തതും തിരിച്ചടിയാണെന്നു വിലയിരുത്തലുണ്ട്.ബസ് മറിഞ്ഞ ഭാഗത്ത് ഇതേവരെ സുരക്ഷ വേലി സ്ഥാപിച്ചിട്ടില്ല. തമിഴ്നാട് പുളിയറയിൽ ചരക്കുലോറി താഴ്ചയിലെ റെയിൽവേപാളത്തിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ച സംഭവത്തെത്തുടർന്ന് അപകടസ്ഥലത്ത് ഇരുമ്പു സുരക്ഷാ വേലി നിർമിച്ചു തമിഴ്നാട് ദേശീയപാതാ വിഭാഗം മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

