കൊല്ലം ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്കു കടക്കുമ്പോൾ ജില്ലയിൽ പുറത്താകുന്നത് 1.67 ലക്ഷം പേർ. 2002 ലെ വോട്ടർപട്ടികയിൽ അടുത്ത ബന്ധുക്കളെ കണ്ടെത്താൻ സാധിക്കാത്ത ജില്ലയിലെ 2 ലക്ഷം വോട്ടർമാർ ഹിയറിങ്ങിന് ഹാജരായി തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടി വരും.
തിരിച്ചു വന്ന എസ്ഐആർ ഫോമുകൾ 100 ശതമാനവും ജില്ലയിൽ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞെന്നും കരടു പട്ടികയിൽ ഉൾപ്പെടാതെ പോകുന്നവർക്കു പുതുതായി ഫോം വാങ്ങി വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും കലക്ടർ എൻ.ദേവിദാസ് അറിയിച്ചു.
കണ്ടെത്താനാവാത്ത 44,214 വോട്ടർമാർ
ജില്ലയിൽ ആകെ 21.44 ലക്ഷം വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1.67 ലക്ഷം പേരെയാണ് ഇപ്പോൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്.
ജില്ലയിലെ ആകെ വോട്ടർമാരുടെ 7.80 ശതമാനം വോട്ടർമാരാണിത്. ഇതിൽ 49,003 ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്.
54,531 പേർ സ്ഥിരമായി താമസം മാറിയതായും 10,169 പേർ മറ്റു ജില്ലകളിലെ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ജില്ലയിലെ 44,214 പേരെ ഇതുവരെ ബിഎൽഒമാർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
9,548 പേർ താൽപര്യമില്ലാത്തത് അടക്കമുള്ള മറ്റു കാരണങ്ങളാലും എസ്ഐആർ ഫോം തിരികെ നൽകിയിട്ടില്ല.
പുറത്താകുമെന്ന് കണക്കാക്കുന്ന ഈ 1.67 ലക്ഷം പേരിൽ എല്ലാവർക്കും ഇന്നുകൂടി ബിഎൽഒമാരെ ബന്ധപ്പെട്ട് പട്ടികയിൽ ഉൾപ്പെടാനുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കും. മരിച്ചവരെന്നു കണക്കാക്കിയവരിലടക്കം പരാതികളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കു ബിഎൽഒമാരെ ഇന്ന് അറിയിക്കാം.
എന്യൂമറേഷൻ ഇന്ന് അവസാനിക്കും
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമയക്രമം അനുസരിച്ചു കഴിഞ്ഞ നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള ഒരു മാസമാണ് എസ്ഐആറിന്റെ എന്യൂമറേഷൻ സമയമായി കണക്കാക്കിയിരുന്നത്.
അത് പിന്നീട് ഡിസംബർ 18 വരെ നീട്ടുകയായിരുന്നു. അതുകൊണ്ട് ഇന്നു രാത്രി 12 വരെ എസ്ഐആർ ഫോം തിരികെ നൽകാം.
ഭവന സന്ദർശന വേളയിൽ കണ്ടെത്താൻ കഴിയാത്തവരെ കണ്ടെത്തുന്നതിനും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും പോളിങ് സ്റ്റേഷൻ തലത്തിലും വില്ലേജ്, താലൂക്ക്, ഓഫിസ് തലത്തിലും പ്രത്യേക ക്യാംപുകൾ നടത്തിയിരുന്നു.
കരട് വോട്ടർപട്ടിക 23ന്
എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഹരായ എല്ലാ വോട്ടർമാരുടെയും പേര് ഉൾപ്പെടുത്തി 23 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഫോം പൂരിപ്പിച്ചു നൽകിയതിൽ തെറ്റ് പറ്റിയവരടയ്ക്കം എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തും.
23 മുതൽ 2026 ജനുവരി 26 വരെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പരാതികളും ആക്ഷേപങ്ങളും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ മുന്നിൽ നൽകാൻ സാധിക്കും.
2026 ഫെബ്രുവരി 14ന് മുൻപ് ഓഫിസർമാർ ഈ പരാതികൾ പരിശോധിക്കുകയും തീർപ്പുണ്ടാക്കും. 23 മുതൽ ഫെബ്രുവരി 14 വരെയാണ് ഹിയറിങ്.
2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട ബന്ധുക്കളില്ലാത്ത 2 ലക്ഷം വോട്ടർമാർക്ക് ഈ കാലയളവിൽ ഹിയറിങ്ങിന് ഹാജരായി രേഖകൾ കാണിച്ചു പട്ടികയിൽ ഉൾപ്പെടാൻ സാധിക്കും.
ആധാർ, പാസ്പോർട്ട് അടക്കമുള്ള 12 രേഖകളിലൊന്നാണ് ഹാജരാക്കേണ്ടത്. തുടർന്ന് അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
ഇനിയും വോട്ട് ചേർക്കാം
എസ്ഐആർ ഫോം ലഭിക്കാത്തവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവർക്കും പ്രവാസികൾക്കും കരട് വോട്ടർപട്ടിക വന്ന ശേഷം ഫോം 6,ഫോം 6എ എന്നിവ ഉപയോഗിച്ചു പുതുതായി വോട്ട് ചേർക്കാം.
കഴിഞ്ഞ ലോക്സഭ തിര ഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടും എസ്ഐആർ ഫോം ലഭിക്കാത്തവർക്കും ഇത്തരത്തിൽ വോട്ട് ചേർക്കാം. പ്രവാസികളുടെ ഫോമുകൾ മാതാപിതാക്കൾ മുഖേന സ്വീകരിച്ചിട്ടുണ്ട്.
ഇവരെ പ്രവാസി വോട്ടർമാരായി പരിഗണിച്ചു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.
ജില്ലയിലെ എസ്ഐആർ
ആകെ വോട്ടർമാർ: 21,44,527
വിതരണം ചെയ്തത്: 19,77,062
ഡിജിറ്റൈസ് ചെയ്തത്: 19,77,062
ഫോം നൽകാൻ സാധിക്കാത്തത്: 1,67,465
മരിച്ചവർ: 49,003
സ്ഥിരമായി താമസം മാറിയവർ: 10,169
കണ്ടെത്താനാവാത്തവർ: 44,214
മറ്റുള്ള കാരണങ്ങൾ: 9,548
2002 ലെ പട്ടികയിൽ ബന്ധുക്കളില്ലാത്തവർ: 2,00,490
ഓർക്കുക ഈ തീയതികൾ
∙ എന്യൂമറേഷൻ ഫോം സ്വീകരണം: ഇന്ന് വരെ
∙ കരട് വോട്ടർപട്ടിക: ഡിസംബർ 23
∙ ആക്ഷേപം അറിയിക്കാം: 23 മുതൽ ജനുവരി 22 വരെ
∙ ഹിയറിങ്: ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെ
∙ അന്തിമ വോട്ടർപട്ടിക: ഫെബ്രുവരി 21
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

