
കൊട്ടാരക്കര∙ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസിയെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശികളായ ദമ്പതികൾക്കു കഠിനതടവ്. എറണാകുളം സ്വദേശി വേണുഗോപാലിനെ (38) ക്രൂരമായി മർദിച്ച ശേഷം അമിത അളവിൽ ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയെന്ന കേസിൽ കോട്ടയം കിടങ്ങൂർ മരിയൻ ദിവ്യ കാരുണ്യാശ്രമം ഉടമ കിടങ്ങൂർ ചിറയർക്കര കുമ്മന്നൂർ തെക്കുംകാട്ടിൽ വീട്ടിൽ തോമസിനു (58) 14 വർഷം കഠിനതടവും 1.51 ലക്ഷം രൂപ പിഴയും, ഭാര്യ ഗീത തോമസിന് (54) 3 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.ആർ.റീനദാസ് ഉത്തരവായി.
2008 ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം.
വേണുഗോപാലിനെ മർദിച്ച് അവശനാക്കിയ ശേഷം ആശ്രമത്തിലെ സെല്ലിലിട്ടു പൂട്ടി. അവശനിലയിലായ വേണുഗോപാലിനെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ദമ്പതികൾ കാറിൽ കയറ്റി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്കു കൊണ്ടു പോയി. യാത്രാമധ്യേ വേണുഗോപാൽ മരിച്ചു.
വേണുഗോപാലിന്റെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിൽ മറവ് ചെയ്തു. 22നു കൊട്ടാരക്കര സ്റ്റേഷനിലെത്തി അന്തേവാസി വേണുഗോപാലിനെ യാത്രാമധ്യേ കാണാനില്ലെന്നു പരാതി നൽകി.
പരാതിയിൽ കൊട്ടാരക്കര സ്റ്റേഷൻ എസ്ഐ എസ്.മഞ്ജുലാൽ റജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഇൻസ്പെക്ടർ എ.പ്രദീപ്കുമാറും പ്രത്യേകസംഘവും നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൊലപ്പെടുത്തി സംസ്കരിച്ച ശേഷം വേണുഗോപാലിന്റെ ബന്ധുക്കളുടെ വീട്ടിലെത്തി ആളിനെ കാണാനില്ലെന്ന് അറിയിച്ചത് അന്വേഷണത്തിൽ വഴിത്തിരിവായി. യാത്രാമധ്യേ കൊട്ടാരക്കര ഭാഗത്ത് വച്ച് കാറിൽ നിന്നു രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചത്.
വേണുഗോപാലിനെ കണ്ടെത്താൻ ഉത്തരവ് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കോടതി നിർദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
51 സാക്ഷികളിൽ 29 പേരെ വിസ്തരിച്ചു. ദൃക്സാക്ഷികൾ മിക്കവരും കൂറുമാറിയ കേസിൽ ശ്മശാനത്തിലെ ജോലിക്കാരുടെ മൊഴികളും സാഹചര്യ തെളിവുകളും കയ്യെഴുത്ത് വിദഗ്ധരുടെ റിപ്പോർട്ടും, ഡോക്ടർമാരുടെ പാനൽ നൽകിയ റിപ്പോർട്ടും നിർണായകമായി.
76 രേഖകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.എസ്.സോനുവും പ്രോസിക്യൂഷൻ എയ്ഡ് എഎസ്ഐ എ,എസ്.
അഞ്ജുവും ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]