കൊല്ലം ∙ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവന്റെ വെങ്കല പ്രതിമ നാളെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ. ബി ഗണേഷ് കുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രഭാഷണം നടത്തും
സമുച്ചയത്തിന്റെ മുന്നിൽ സ്ഥാപിക്കുന്ന ശിൽപം സാംസ്കാരിക വകുപ്പാണ് നിർമിച്ചത്.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായിയാണ് ശിൽപി. 8 അടി ഉയരവും 5 അടി വീതിയുമുള്ള ഗുരുപ്രതിമ 2 വർഷം സമയമെടുത്താണ് പൂർത്തിയാക്കിയത്.
ആദ്യം കളിമണ്ണിൽ നിർമിച്ച ശിൽപം ശിവഗിരിമഠത്തിലെ സന്യാസിമാരും ലളിതകലാ അക്കാദമി, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും വിലയിരുത്തിയ ശേഷം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് എടുത്ത് മെഴുകു പ്രതിമ നിർമിച്ച ശേഷം പരമ്പരാഗത രീതിയിൽ വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.
50 ലക്ഷം രൂപയാണ് നിർമാണച്ചെലവെന്ന് സാംസ്കാരിക വകുപ്പു ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, അജോയ് ചന്ദ്രൻ, മുരളി ചിരോത്ത് എന്നിവർ പറഞ്ഞു.
‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്ത് ശ്രീനാരായണഗുരുവിന്റെ വെങ്കല ശിൽപവും ജീവചരിത്ര ചുമർ ശിൽപ നിർമാണം പൂർത്തിയാക്കിയത് ഉണ്ണി കാനായിയാണ്.
കൊല്ലം ∙ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനു രൂപീകരിച്ച ക്യൂറേറ്റർ സമിതിയിൽ ഇടതു അനുഭാവികളെ കുത്തി നിറച്ചെന്ന് ആരോപണം. നാലംഗ സമിതിയിൽ എല്ലാവരും ഇടതു സാംസ്കാരിക– രാഷ്ട്രീയ പ്രവർത്തകരാണ്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും കേരള മീഡിയ അക്കാദമി ചെയർമാനുമായ ആർ.എസ് ബാബു, കവി കുരീപ്പുഴ ശ്രീകുമാർ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. സി.
ഉണ്ണിക്കൃഷ്ണൻ, മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായ ഡി. സുരേഷ്കുമാർ എന്നിവരാണ് അംഗങ്ങൾ.
സാംസ്കാരിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കൺവീനറുമാണ്. സാംസ്കാരിക പ്രമോഷൻ കൗൺസിലിലും ജനപ്രതിനിധികൾക്കു പുറമേ നോമിനേറ്റ് ചെയ്തിരിക്കുന്ന ഏക അംഗം സിപിഎം നേതാവാണ്.
സമുച്ചയം നടത്തിപ്പിന് കൗൺസിലും ക്യുറേറ്റർ സമിതിയും
കൊല്ലം ∙ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ മേൽനോട്ടവും പ്രവർത്തനവും ഏകോപിപ്പിക്കുന്നതിന് കൗൺസിലും ക്യുറേറ്റർ സമിതിയും നിലവിൽ വന്നു.
കലക്ടർ ചെയർമാനായി ജില്ലാ സാംസ്കാരിക പ്രമോഷൻ കൗൺസിലിൽ (ഡിസിപിസി) എംപി, രണ്ട് എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ മേയർ, കോർപറേഷൻ കൗൺസിലർ എസ്. സുരേഷ്ബാബു, സാംസ്കാരിക വകുപ്പ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
സാംസ്കാരിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു സെക്രട്ടറി. സാംസ്കാരിക പ്രവർത്തകർ ഉൾപ്പെട്ടതാണു ക്യുറേറ്റർ സമിതി.
സമുച്ചയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരു സമിതികൾക്കും ശുപാർശകൾ സമർപ്പിക്കാനും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാനും അധികാരം ഉണ്ടെന്ന് സാംസ്കാരിക വകുപ്പു ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിൽ സമുച്ചയത്തിന്റെ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും, പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് വാടക നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള അധികാരം കൗൺസിലിന് നൽകിയിട്ടുണ്ട്.
ഇതിലൂടെ കലാ–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനാകും. 56 കോടി രൂപ ചെലവഴിച്ച് 3.48 ഏക്കർ സ്ഥലത്ത് നിർമിച്ച സാംസ്കാരിക സമുച്ചയം ഇതിനകം തന്നെ വാടക ഇനത്തിൽ 75 ലക്ഷം രൂപയുടെ വരുമാനം നേടിയതായി ദിവ്യ എസ്.അയ്യർ പറഞ്ഞു. കൗൺസിലും ക്യുറേറ്റർ സമിതിയും നിലവിൽ വരുന്നതോടെ സമുച്ചയത്തിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അഡ്ഹോക് സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

