കൊല്ലം ∙ ഏതു നിമിഷവും ഒരു അപകട മുനമ്പിലാണ് കൊല്ലം ബീച്ചിന്റെ കടൽത്തീരം.
ഇവിടെ വടം കെട്ടിയും സന്ദർശകരെ നിയന്ത്രിച്ചും അപകടത്തിന്റെ തോത് കുറയ്ക്കുന്നതും രക്ഷപ്പെടുത്തുന്നതും ബീച്ചിലെ ലൈഫ് ഗാർഡുമാരാണ്. ശാശ്വതമായ പരിഹാരമുണ്ടാകുന്നതു വരെ കൊല്ലം ബീച്ചിലെ സുരക്ഷ ഈ ലൈഫ് ഗാർഡുമാരെ ആശ്രയിച്ചാണ്.
എന്നാൽ കേരളത്തിലെ ഏറ്റവും അപകടകരമായ ബീച്ചാണെങ്കിലും ആവശ്യത്തിന് ലൈഫ് ഗാർഡുമാരോ സൗകര്യങ്ങളോ ഒന്നും ഇവിടെയില്ല.
ഗാർഡുമാരുടെ എണ്ണം എത്രയോ കുറവ്
നിലവിൽ കൊല്ലം ബീച്ചിൽ ജോലി ചെയ്യുന്നത് 7 ലൈഫ് ഗാർഡുമാരാണ്. അഴീക്കൽ ബീച്ചിലെ 2 പേരെയും കൂട്ടിയാൽ ജില്ലയിൽ നിലവിലുള്ളത് 9 ലൈഫ് ഗാർഡുമാർ.
ഓരോ ദിവസവും രാവിലെ 7 മുതൽ രാത്രി 7 വരെ മൂന്നു പേരും നാല് പേരുമായി ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് കൊല്ലം ബീച്ചിൽ ലൈഫ് ഗാർഡുമാർ പ്രവർത്തിക്കുന്നത്.
സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ട് ലൈഫ് ഗാർഡുകൾ വേണമെന്നുമാണ് നിർദേശമുള്ളത്. ഇത്തരത്തിൽ കണക്കാക്കിയാൽ ജില്ലയിൽ ആവശ്യമുള്ളത് 20 ലൈഫ് ഗാർഡുമാരെയാണ്.
നിലവിലുള്ളതിന്റെ ഇരട്ടി ലൈഫ് ഗാർഡുമാർ ഉണ്ടെങ്കിലേ കൊല്ലം ബീച്ചിലെ സുരക്ഷ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
ഇപ്പോഴും ആശ്രയം വിസിൽ
കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡുമാർ ഇപ്പോഴും ആളുകൾക്കു മുന്നറിയിപ്പ് നൽകാൻ വിസിൽ സംവിധാനമാണ് ഉപയോഗിക്കുന്നത്. സർക്കാർ നൽകിയ മൈക്ക് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പിന്നിട്ടു.
പിന്നീട് റോട്ടറി ക്ലബ് നൽകിയ മൈക്കാണ് നിലവിലുള്ളത്. എന്നാൽ ഇതിലേക്ക് ഓരോ 3 ദിവസത്തിനും പത്തോളം ബാറ്ററി വേണം.
അടിയന്തര സാഹചര്യങ്ങളിലും സീസണുകളിലും ആഘോഷ ദിവസങ്ങളിലും ലൈഫ് ഗാർഡുമാർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് ഈ ബാറ്ററികൾ വാങ്ങുന്നത്.
വേണം കൂടുതൽ ഉപകരണങ്ങൾ
2 കിലോമീറ്ററോളം ദൂരമുള്ള ബീച്ചിലെ സുരക്ഷ നിർവഹിക്കാൻ പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് നിലവിലുള്ളത്. ചിലർക്കു പുതിയ യൂണിഫോം കിട്ടിയിട്ട് 15 വർഷത്തിലേറെയായി.
സംഘടനകളും മറ്റും നൽകുന്ന സജ്ജീകരണങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ലൈഫ് ജാക്കറ്റുകൾ, ലൈഫ്ബോയി, റെസ്ക്യു ട്യൂബ്, മൈക്ക്, വിസിൽ തുടങ്ങി വിവിധ ജീവൻരക്ഷാ ഉപകരണങ്ങൾ പഴക്കത്തിന് അനുസരിച്ചു മാറ്റി നൽകണം.
അതേ സമയം കൊല്ലം ബീച്ചിന്റെ പ്രത്യേകത മൂലം ലൈഫ് ജാക്കറ്റിനെക്കാളും ലൈഫ് ബോയിയെക്കാളും റെസ്ക്യു ട്യൂബാണ് ഇവിടെ ജീവൻ രക്ഷയ്ക്ക് ഉപകരിക്കുന്നത്.
ഏതാനും റെസ്ക്യു ട്യൂബുകൾ ഉണ്ടെങ്കിലും ബെൽറ്റും ക്ലിപ്പുകളുമെല്ലാം നശിച്ചു കാലഹരണപ്പെട്ടു കഴിഞ്ഞു. 4 വർഷത്തോളം പഴക്കമുള്ള റെസ്ക്യൂ ട്യൂബുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഉപകരണങ്ങളെക്കാൾ ലൈഫ് ഗാർഡുകളുടെ മനസ്സാന്നിധ്യത്തിലാണ് ബീച്ചിൽ ജീവൻരക്ഷാ പ്രവർത്തനം നടക്കുന്നത്.
അസഭ്യം, മോശം പെരുമാറ്റം
കൊല്ലം ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്ന ലൈഫ് ഗാർഡുമാർക്ക് ദിവസവും പലരിൽ നിന്നുമായി നേരിടേണ്ടി വരുന്നത് വളരെ മോശമായ അസഭ്യവാക്കുകളും മോശം പെരുമാറ്റവും. വടം കെട്ടി തിരിച്ച ഭാഗം മറികടന്നു പോകുന്നവരോടും കടലിൽ ഇറങ്ങുന്നവരോടും അപകടം പതിയിരിക്കുന്നുണ്ടെന്നും അവിടേക്ക് പോകരുതെന്നും പറഞ്ഞാൽ ചിലർ കേൾക്കില്ല.
ശാരീരികമായ ആക്രമണങ്ങളും ലൈഫ് ഗാർഡുമാർക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്.
മൂന്നോ നാലോ ലൈഫ് ഗാർഡുമാർ മാത്രമാണ് ഒരു സമയത്തുണ്ടാവുക എന്നതിനാൽ 2 കിലോമീറ്ററോളം പരന്നു കിടക്കുന്ന ബീച്ചിന്റെ ഏതെങ്കിലും വശങ്ങളിലുണ്ടാവുന്ന അപകടങ്ങളിലോ വടം കെട്ടി തിരിച്ചിട്ടില്ലാത്ത മേഖലകളിൽ നടക്കുന്ന അപകടങ്ങളിലേക്കോ ഓടി എത്തുമ്പോഴേക്കും നാട്ടുകാർ തങ്ങളോട് മോശമായി പെരുമാറുമെന്നും ഇവർ പറയുന്നു.
തങ്ങളുടെ സുരക്ഷയ്ക്കും ജീവനും േവണ്ടിയാണ് കടലിലേക്ക് ഇറങ്ങരുതെന്ന് പറയുന്നതെന്ന് ആളുകൾ മനസ്സിലാക്കുകയാണ് വേണ്ടതെന്നും ലൈഫ് ഗാർഡുമാർ കൂട്ടിച്ചേർത്തു. ദിവസം തോറും ഇല്ലാതാവുന്ന കൊല്ലം ബീച്ചിനെ സംരക്ഷിക്കാൻ എന്തു ചെയ്യണം? താൽക്കാലിക സംവിധാനങ്ങളല്ലാതെ കൊല്ലം ബീച്ചിന് വീണ്ടെടുക്കാൻ കൊണ്ടുവന്ന പദ്ധതികൾ എവിടെ? എന്താണ് അവയുടെ നിലവിലെ സ്ഥിതി? അതു നാളെ.
അടിയന്തര നടപടി വേണം
∙ ലൈഫ് ഗാർഡുമാരുടെ എണ്ണം വർധിപ്പിക്കണം
∙ ആഘോഷ ദിവസങ്ങളിലും സീസണുകളിലും കൂടുതൽ ഗാർഡുമാരെ നിയമിക്കണം.
∙ രാത്രി സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണം
∙ കടലിലേക്ക് ആളുകൾ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. ∙ ലൈഫ് ഗാർഡുമാർക്ക് റെസ്ക്യൂ ട്യൂബുകൾ അടക്കമുള്ള ഉപകരണങ്ങൾ നൽകണം
∙ മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ മാറ്റി നൽകണം
∙ ബീച്ചിലെ അപകട
ഭീഷണി വ്യക്തമാകുന്ന തരത്തിൽ ബോർഡുകൾ സ്ഥാപിക്കണം. ∙ ബീച്ചിൽ രാത്രി കാലങ്ങളിൽ കൂടുതൽ വെളിച്ചം വേണം. ∙ ബിഷപ് ജെറോം റോഡിന് സമാന്തരമായി ബീച്ച് വലുതായതോടെ ഇതുവഴി ബീച്ചിലേക്കിറങ്ങുന്നവരെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]