
കൊല്ലം – ചെങ്കോട്ട പാതയിൽ പരിശോധന നടത്തി ദക്ഷിണ റെയിൽവേ ജിഎം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം – ചെങ്കോട്ട പാതയിൽ പരിശോധന നടത്തി. തലസ്ഥാനത്ത് എംപിമാർ പങ്കെടുത്ത തിരുവനന്തപുരം ഡിവിഷൻതല യോഗത്തിനു ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണു ചെങ്കോട്ട വരെ സ്പെഷൽ ട്രെയിനിനു പിന്നിൽ ഘടിപ്പിച്ച റിയർ വിൻഡോ ഇൻസ്പെക്ഷൻ കോച്ചിൽ അദ്ദേഹം പരിശോധന നടത്തിയത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇവിടെ നിർമാണം പുരോഗമിക്കുന്ന അമൃത്ഭാരത് പദ്ധതി സംബന്ധിച്ചു വിലയിരുത്തൽ നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
പുനലൂർ ചെങ്കോട്ട പാതയിൽ പകൽ 9 മണിക്കൂർ സമയം ട്രെയിൻ ഇല്ലാത്ത പശ്ചാത്തലത്തിൽ ഈ പാതയിൽ മെമു അടക്കം കൂടുതൽ സർവീസുകൾ പകൽ സമയത്ത് ഓപ്പറേറ്റ് ചെയ്യണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. എന്നാൽ, രാവിലെ മധുര ഡിവിഷനൽ മാനേജർ ശരത് ശ്രീവാസ്തവയും ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തി വിവിധ നിർമാണഘട്ടങ്ങൾ വിലയിരുത്തിയിരുന്നു. ഡിവിഷനൽ സീനിയർ ഓപ്പറേഷൻ മാനേജർ ശിവയും ഒപ്പം ഉണ്ടായിരുന്നു.പാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽവേ സ്റ്റേഷനുകൾ അദ്ദേഹം റിയർ വിൻഡോ ഇൻസ്പെക്ഷൻ കോച്ചിൽ ഇരുന്നു വിലയിരുത്തി.
ഈ പാതയിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിച്ച സ്റ്റേഷനുകളും പശ്ചിമഘട്ട മേഖലയിലെ നിർമാണം പുരോഗമിക്കുന്നവയും കണ്ടു. പുനലൂർ ചെങ്കോട്ട പാത സമ്പൂർണമായി വൈദ്യുതീകരണം നടത്തി കമ്മിഷൻ ചെയ്തശേഷം ആദ്യമായാണു ജനറൽ മാനേജർ ഇതുവഴി വരുന്നത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോം വേണമെന്ന ആവശ്യവും മറ്റും നിലനിൽക്കെ ജനറൽ മാനേജരുടെ പുനലൂർ സന്ദർശനം അനിവാര്യമാണെന്നായിരുന്നു വിലയിരുത്തൽ. അടുത്തിടെ ചെന്നൈ എഗ്മൂർ കൊല്ലം എക്സ്പ്രസിൽ എത്തിയ 13കാരിക്കു പ്ലാറ്റ്ഫോമിൽ വച്ച് പാമ്പുകടിയേറ്റ സംഭവം ഏറെ വിവാദം ആകുകയും തുടർന്നും പ്ലാറ്റ്ഫോമിൽ പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.