
പൂരം വീരം…; വിസ്മയക്കാഴ്ച ഒരുക്കി കൊല്ലം പൂരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ആനപ്പുറത്തു ചന്ദ്രയാനും ഉദയസൂര്യനും ഉൾപ്പെടെയുള്ള കാഴ്ചകൾ. മണ്ണിൽ പൂത്തിരി കത്തി. കൊമ്പും കുഴലുമായി പാണ്ടിമേളപ്പെരുമ– ആൾക്കൂട്ടം ആത്മഗതം പറഞ്ഞു; എന്തൊരു പൂരം! അത്രമേൽ പൂരം ആനന്ദം പകർന്നാടി. നഗരത്തിലെ 12 ക്ഷേത്രങ്ങളിൽ നിന്നു രാവിലെ തുടങ്ങിയ ചെറുപൂരങ്ങളുടെ പുറപ്പാട് സാന്ധ്യശോഭയിൽ മൈതാനത്തു നിറയുന്ന കാഴ്ചയഴകിന്റെ വിളംബരം കൂടിയായിരുന്നു. ആന നീരാട്ടും ഗജ ഊട്ടും കാണാൻ കൈക്കുഞ്ഞുമായി അമ്മമാർ ഉൾപ്പെടെ തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. നീരാട്ട് കഴിഞ്ഞ് ആനയൂട്ടിനായി ദർശനം നടത്തി ക്ഷേത്ര ചുറ്റുമതിലിന്റെ വാതിൽ കടന്നു പടിക്കെട്ട് ഇറങ്ങി വന്നപ്പോൾ ഷൈലേഷ് വൈക്കത്തിന്റെ ഗജവർണനയോടെ സ്വാഗതം. പങ്കെടുത്ത പൂരങ്ങളും ആനച്ചന്തവുമൊക്കെ നിരത്തിയായിരുന്നു ഗജവിവരണം.
ഉച്ചകഴിഞ്ഞതോടെ എല്ലാ വഴികളും ആശ്രാമത്തേക്കു നീണ്ടു. മേളം തുടങ്ങും മുൻപേ ക്ഷേത്രാങ്കണം ജനനിബിഡം. കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാരും തൃക്കടവൂർ അഖിലും പ്രമാണിമാരായി ഇരുന്നൂറോളം കലാകാരന്മാർ പഞ്ചാരിമേളം കൊട്ടിക്കയറിപ്പോൾ പുരുഷാരം കയ്യുയർത്തി വായുവിൽ താളം പിടിച്ചു, ചുവടുവച്ചു. കൊടിയിറക്കിയ ശേഷം ആറാട്ട് പുറപ്പാടിനായി ഭഗവാന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു എഴുന്നള്ളി നിന്നതോടെ ആരാധകവൃന്ദം ഇളകി. നാലു വണ്ടിക്കുതിരകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തി ഭഗവാനു മുന്നിൽ 3 തവണ വീതം കുമ്പിട്ടു. പിന്നാലെ താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും തിടമ്പേറ്റിയ ആനകൾ എത്തി.
തിരുമുന്നിൽ ഇരുഭാഗത്തുമായി 7 ആനകൾ വീതം നിരന്നു ക്ഷേത്രമുറ്റത്തു കുടമാറ്റം. തുടർന്നു മഹാഗണപതിയുടെ തിടമ്പേറ്റിയ അമ്പാടി ബാലൻ വലത്തും പുതിയകാവ് ക്ഷേത്രത്തിന്റെ തിടമ്പേറ്റിയ പുത്തൻകുളം അർജുനൻ ഇടത്തും നിന്ന് ആറാട്ട് പുറപ്പെട്ടു. മറ്റു ഗജവീരന്മാർ ഇരുവരിയായി പിന്നിൽ. ആറാട്ടുകുളത്തിലെത്തി ശ്രീകൃഷ്ണന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു അവിടെ നിലയുറപ്പിച്ചു. മറ്റു ആനകൾ പൂരപ്പറമ്പിലേക്ക്. ആനകൾ എത്തുമ്പോൾ പൂരപ്പറമ്പിൽ പുരുഷാരം നിറഞ്ഞു. മന്ത്രി വി.എൻ.വാസവന്റെ ഉദ്ഘാടനം പ്രസംഗം സമാപിക്കുമ്പോഴേക്കും പാണ്ടിമേളം തുടങ്ങി. കുട നിവർന്നു, പിന്നെ പൂരക്കാഴ്ചകൾ. കുട മടക്കിയ ശേഷം പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും ചിന്നക്കടയിൽ എത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. മൈതാനത്തു നിന്നു പിരിഞ്ഞവരുടെ മനസ്സിൽ അടുത്ത പൂരത്തിന്റെ കാത്തിരിപ്പു തുടങ്ങി.
രാവിലെ മുതൽ ചെറുപൂരങ്ങളുടെ പുറപ്പാട്
കൊല്ലം∙ രാവിലെ തന്നെ നഗരത്തിൽ ചെറുപൂരങ്ങളുടെ പുറപ്പാട് തുടങ്ങിയിരുന്നു. ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കോയിക്കൽ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം, തുമ്പറ ഭദ്രാ– ദുർഗാ ദേവി ക്ഷേത്രം, ഉളിയക്കോവിൽ ദുർഗാ ദേവി ക്ഷേത്രം, കണ്ണമത്ത് ഭദ്രാദേവി ക്ഷേത്രം, കടപ്പാക്കട ധർമശാസ്താ ക്ഷേത്രം, ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രം, ശങ്കര കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രം, പടിഞ്ഞാറെ പുതുപ്പള്ളി മാടൻ ക്ഷേത്രം, ആശ്രാമം മുനീശ്വരൻ കോവിൽ, കുന്നിൽകാവിൽ ശ്രീദേവി ക്ഷേത്രം, ആശ്രാമം മാരിയമ്മൻ ക്ഷേത്രം, ശെൽവ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് വാദ്യമേളങ്ങളോടെ ചെറുപൂരങ്ങൾ തുടങ്ങിയത്. ഇതോടെ നഗരം ഉത്സവത്തിരക്കിലേക്കു കടന്നു. 10 മണിയോടെ ചെറുപൂരങ്ങൾ ക്ഷേത്രത്തിലെത്തി.
ആനനീരാട്ടും ആനയൂട്ടും
കൊല്ലം∙ ചെറുപൂരങ്ങളുടെ വരവ് അവസാനിക്കുന്നതിനു മുൻപ് ആന നീരാട്ട് തുടങ്ങിയിരുന്നു. ക്ഷേത്ര വളപ്പിൽ തയാറാക്കിയ ഷവറിനു താഴെ നിന്നായിരുന്നു ആനക്കുളി. നീരാട്ട് കഴിഞ്ഞ് വലം വച്ചു ആൽത്തറയിലേക്ക് എത്തിയപ്പോൾ ഫലവർഗങ്ങളും കരിമ്പും എല്ലാം ഉൾപ്പെടുന്ന ഊട്ടിന്റെ വിഭവങ്ങൾ നിരന്നു. ആശ്രാമം കണ്ണന്റെ ഊട്ടിൽ നിറഞ്ഞ ഗജവീരന്മാർ വിശ്രമത്തിനായി മരത്തണലുകളിലേക്കു നീങ്ങി.