കൊല്ലം ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ 2 വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരാണു മരിച്ചത്.
സ്വകാര്യ സ്കൂളിൽ വൈഷ്ണവി 10ാം ക്ലാസിലും സാന്ദ്ര പ്ലസ് വണ്ണിനും ആണു പഠിച്ചിരുന്നത്. 2 പേരുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.
വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്.
പുലർച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോൾ വൈഷ്ണവിയും സാന്ദ്രയും എത്തിയിരുന്നില്ല. ഇവരെ അന്വേഷിച്ചു സാന്ദ്രയുടെ മുറിയിൽ എത്തിയപ്പോൾ അകത്ത് നിന്നു കുറ്റി ഇട്ടിരുന്നു.
തുടർന്നു സെക്യൂരിറ്റിയും പരിശീലകരും എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സാന്ദ്രയുടെ പോസ്റ്റ്മോർട്ടം ഇന്നു പൂർത്തിയാക്കി വൈകിട്ടു സംസ്കാരം നടത്തും.
വൈഷ്ണവിയുടെ അമ്മ അനീഷ, സഹോദരൻ വിഷ്ണു. സാന്ദ്രയുടെ അമ്മ സിന്ധു.
സഹോദരൻ ശ്രീദിൽ.
വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര 4 വർഷം മുൻപും വൈഷ്ണവി ഒന്നര വർഷം മുൻപും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കല്ലുവാതുക്കലിൽ നടന്ന കബഡി ടൂർണമെന്റിൽ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു.
അതിന്റെ ആവേശത്തിലാണു മടങ്ങിയത് എന്നാണു പരിശീലകർ പറയുന്നത്.
ബുധനാഴ്ച രാത്രി 10.30നു ഫോണിൽ വിളിച്ചപ്പോൾ ഈ കാര്യം വൈഷ്ണവി പറഞ്ഞിരുന്നതായി പിതാവ് വേണു പറഞ്ഞു. സാന്ദ്ര കഴിഞ്ഞ 2 സ്കൂൾ അത്ലറ്റിക് മീറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
അമച്വർ അസോസിയേഷൻ ചാംപ്യൻഷിപ്പിൽ മികച്ച അത്ലീറ്റ് ആകുകയും ചെയ്തു. പഠനത്തിലും ഇരുവരും മുന്നിലായിരുന്നു എന്ന് അധ്യാപകർ പറഞ്ഞു.
പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലം ∙ സായ് ഹോസ്റ്റലിലെ 2 വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് അറിയിച്ചു.
കൊല്ലം തഹസിൽദാർ സ്ഥലത്തെത്തി പൊലീസിന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. സംഭവം അറിഞ്ഞപ്പോൾ തന്നെ കലക്ടർ എൻ.ദേവീദാസും സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനും സ്ഥലത്തെത്തിയിരുന്നു.
ഇൻക്വസ്റ്റ് വേളയിൽ ഇരു കുട്ടികളുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിരുന്നു.
കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മരിച്ച കുട്ടികളുടെ മുറിയിലെ താമസക്കാരായ കുട്ടികളുടെയും ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. പൊലീസ് നിർദേശപ്രകാരം 5 കൗൺസലർമാർ ഹോസ്റ്റലിൽ എത്തി കുട്ടികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം അതിന്റെ വിവരങ്ങൾ കൂടി ശേഖരിച്ചു സംഭവമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് അറിയിച്ചു.ഇതിനിടെ, സായ് ഹോസ്റ്റലിലെ അവസ്ഥയാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നത് എന്ന ആരോപണവുമായി നേരത്തെ സായ് പരിശീലകനായിരുന്ന ഒളിംപ്യൻ അനിൽകുമാർ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തി.
കുട്ടികളുടെ മരണ വിവരമറിഞ്ഞ് മറ്റ് കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും എത്തിയിരുന്നു.
ഇവരെ അകത്തേക്ക് കടത്തിവിടാതിരുന്നതും നേരിയ തർക്കത്തിനിടയാക്കി. പരിശീലകരും ബന്ധുക്കളും പുറത്തെത്തിയത് അറിഞ്ഞ് ഓടിയെത്തിയ കുട്ടികൾ ഗേറ്റിനുള്ളിൽ നിന്നുതന്നെ അവരോടു സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രി കല്ലുവാതുക്കലിൽ കബഡി ടൂർണമെന്റിൽ പങ്കെടുക്കാൻ പോയി വിജയിച്ചാണു വൈഷ്ണവി എത്തിയതെന്നും സാന്ദ്രയുടെ പെരുമാറ്റത്തിലും അസ്വാഭാവികം ആയി ഒന്നും കണ്ടില്ലെന്നും കുട്ടികൾ രക്ഷിതാക്കളോടു പറയുന്നുണ്ടായിരുന്നു.
‘സമഗ്ര അന്വേഷണം വേണം’
∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നു സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹൻ. കഴിഞ്ഞ ദിവസവും സജീവമായി നിന്നവർ ആണു മരിച്ചവർ എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
ഇവരുടെ മരണകാരണം കണ്ടെത്തണമെന്നു സംഭവസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
വിശദമായ അന്വേഷണത്തിന് സായ്
കൊല്ലം ∙ സായ് ഹോസ്റ്റലിൽ 2 വിദ്യാർഥിനികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) റീജനൽ ഡയറക്ടർ വിഷ്ണു സുധാകരൻ രാത്രി എത്തിച്ചേർന്നു. മരിച്ചവരുടെ കൂട്ടുകാർ, പരിശീലകർ, മറ്റു ജീവനക്കാർ എന്നിവരുടെ മൊഴിയെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

