കൊല്ലം ജംക്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിലുള്ള മേൽക്കൂര പൂർണമായി മാറ്റി ആകർഷകമായ പുതിയ മേൽക്കൂര നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ 5735 ചതുരശ്ര മീറ്ററാണ് പ്ലാറ്റ്ഫോമുകളുടെ മേൽക്കൂര. അവയുടെ പുനർനിർമാണമാണ് വിഭാവന ചെയ്തിരുന്നതെങ്കിലും കൂടുതലായി ഏറ്റെടുത്തത് ഉൾപ്പെടെ മുഴുവൻ പ്ലാറ്റ്ഫോമിലും പുതിയ മേൽക്കൂര നിർമിക്കുവാൻ തീരുമാനമായി.
പുനഃക്രമീകരിച്ച പ്രകാരം 16296 ചതുരശ്ര മീറ്റർ മേൽക്കൂര നിർമിക്കും. പ്ലാറ്റ്ഫോമുകളിൽ 16296 ചതുരശ്ര മീറ്ററിൽ നിലത്ത് ഗ്രാനൈറ്റ് പാകും.
നിലവിൽ സൗത്ത് ടെർമിനൽ കെട്ടിടത്തിന് 3732 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്. പകരം 24433 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടം നിർമിക്കും.
ഇതിൽ പകുതിയും വാണിജ്യ ആവശ്യങ്ങൾക്കുവേണ്ടി ലേലം ചെയ്ത് നൽകുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. സൗത്ത് ടെർമിനലിൽ 255 ഇരുചക്ര വാഹനങ്ങളും 185 കാറുകൾക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇപ്പോൾ ഉള്ളത്.
നോർത്ത് ടെർമിനലിൽ 890 ഇരുചക്ര വാഹനങ്ങളും 190 കാറുകളും പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളൊരുക്കും. ആവശ്യമെങ്കിൽ പ്രധാന കെട്ടിടത്തിന് അടുത്ത് മുകളിലായി കൂടുതൽ പാർക്കിങ് സൗകര്യം ക്രമീകരിക്കും.
കൊല്ലം ജംക്ഷൻ സ്റ്റേഷനിലെ തിരക്ക് കണക്കിലെടുത്ത് സുശക്തമായ സുരക്ഷാ സംവിധാനമാണു സജ്ജമാക്കുന്നത്. സ്റ്റേഷനുള്ളിൽ മാത്രം 76 സിസിടിവി ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഒരുക്കും.
നിലവിൽ ഇരുപതിൽ താഴെ ക്യാമറകളാണുള്ളത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലാണ് ജല വിനിയോഗം രൂപകൽപന ചെയ്തിട്ടുള്ളത്.
ജലത്തിന്റെ പുനരുപയോഗ സാധ്യതയ്ക്ക് സംവിധാനം ഒരുക്കും. നിലവിൽ 2 ലിഫ്റ്റും 2 എസ്കലേറ്ററുമുള്ള സ്റ്റേഷനിൽ 21 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും സ്ഥാപിക്കും.
വിമാനത്താവളങ്ങൾക്ക് സമാനമായ ബിൽഡിങ് മാനേജ്മെൻറ് സിസ്റ്റം (ബിഎംഎസ്) കൊല്ലം റെയിൽവേ സ്റ്റേഷനിലുമുണ്ടാകും. രാജ്യത്ത് തിരക്ക് അധികമുള്ള അപൂർവം റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങൾ കംപ്യൂട്ടറിന്റെ സഹായത്തോടെ നിയന്ത്രിക്കുന്ന അത്യാധുനിക സംവിധാനമാണ് ബിഎംഎസ്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ തിരക്കനുസരിച്ച് സ്റ്റേഷനിലെ ലൈറ്റിങ് സംവിധാനവും അനൗൺസ്മെൻറും ഉൾപ്പെടെയുള്ള ഇതര സൗകര്യങ്ങൾ ബിഎംഎസിലൂടെ ലഭിക്കും.
കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനത്തിനു കീഴിലാണ് ബിഎംഎസ് പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണം 2027 ഡിസംബറിൽ പൂർത്തിയാകുമെന്ന് വിലയിരുത്തൽ.
ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കാതെയുള്ള നിർമാണം ആയതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് റെയിൽവേ അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
നിലവിലെ ആർഎംഎസ് സംവിധാനം ഒഴിപ്പിക്കുന്നത് സംബന്ധിച്ച തർക്കവും നിർമാണം വൈകാൻ കാരണമായി. 36 മീറ്റർ വീതിയും 130 മീറ്റർ നീളവുമുള്ള എയർ കോൺകോഴ്സിന്റെ നിർമാണത്തിനുള്ള സ്ട്രക്ചർ ഈ ഡിസംബറിൽ പൂർത്തിയാകുമെന്ന് റെയിൽവേ നിർമാണ വിഭാഗം അറിയിച്ചു.
രണ്ടാം ടെർമിനലിൽ (ചിന്നക്കട ഭാഗം) നിന്നാണ് കോൺകോഴ്സ് തുടങ്ങുന്നത്.
ഇവിടെ 2 ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളുമുണ്ട്. അതിൽകൂടി മുകളിൽ എത്തുമ്പോഴാണ് എയർ കോൺകോഴ്സ്.
ഭക്ഷണ, വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കും. എയർകോൺകോഴ്സിന്റെ സ്ട്രക്ചറിനുള്ള കൂറ്റൻ ഇരുമ്പ് ഗർഡറുകൾ ഉയർത്തുന്ന ശ്രമകരമായ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
ഈ സമയത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തിവച്ചാണ് നിർമാണം പുരോഗമിക്കുന്നത്. നിലവിൽ രാത്രി 10.30ന് ശേഷം നാല് മണിക്കൂർ വരെയാണ് ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നത്.
ദീർഘദൂര രാത്രിയാത്രക്കാരെ ബാധിക്കാത്ത തരത്തിലാണ് നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നത് റെയിൽവേ അധികൃതർ പറഞ്ഞു. എയർ കോൺകോഴ്സിൽ ശീതീകരണ സംവിധാനം ഉൾപ്പെടുത്തിയിട്ടില്ല.
ഗ്യാങ് റൂം, എസ്എസ്സി വർക്ക് ബിൽഡിങ്, സർവിസ് ബിൽഡിങ്, പാർക്കിങ്, പാഴ്സൽ ബിൽഡിങ് എന്നിവയുടെ നിർമാണം പൂർത്തിയാക്കി ഡിവിഷന് കൈമാറിയിട്ടുണ്ട്. നടപ്പാതയുടെ നിർമാണം നവംബർ 1നു മുൻപ് പൂർത്തിയാകും.
അവലോകനയോഗത്തിൽ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവി ഓംപ്രകാശ്, കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനീയർ സുശീൽകുമാർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ പവൻകുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപിശങ്കർ, പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം മാനേജർ ദാമോദരൻ, എൻജിനീയറിങ് പ്രൊക്യൂർമെന്റ് കോൺട്രാക്ട് പ്രതിനിധികളായി ആർ. ബ്രിജേന്ദ്രകുമാർ, അഭിഷേക് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

