
ആർഎസ്എസ് നേതാവ് സന്തോഷ് വധം: രണ്ടാം പ്രതിക്ക് ജീവപര്യന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് നേതാവിനെ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനു ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കൊല്ലം വടക്കേവിള പട്ടത്താനം വാഴവിള വീട്ടിൽ സജീവിനെ (കാളി സജീവ് –55) ആണ് നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. വിനോദ് ശിക്ഷിച്ചത്. പട്ടത്താനം സുരഭി നഗർ പുളിന്താനത്ത് തെക്കതിൽ സന്തോഷിനെ (32) കൊലപ്പെടുത്തിയ കേസിൽ രണ്ടാം വിചാരണയിലാണു ശിക്ഷ. പിഴ അടയ്ക്കാതിരുന്നാൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. ഇതിനു പുറമെ മറ്റു 4 വകുപ്പുകൾ പ്രകാരം ഒരു വർഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക കൊലചെയ്യപ്പെട്ട സന്തോഷിന്റെ ഭാര്യ ശോഭയ്ക്ക് നൽകാനും കോടതി ഉത്തരവായി.
ഡിവൈഎഫ്ഐ പട്ടത്താനം അപ്സര ജംക്ഷൻ യൂണിറ്റ് ഭാരവാഹി സുനിൽകുമാറിനെ 1996 ഡിസംബർ 6ന് വീട്ടിൽ കയറി അമ്മയു മുന്നിൽ വച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സന്തോഷ്. സുനിൽകുമാറിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ കൈപ്പത്തി അപ്സര ജംക്ഷനിലെ വൈദ്യുതി തൂണിൽ കെട്ടിതൂക്കിയിരുന്നു. തുടർന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.1997 നവംബർ 24നു രാത്രി 8.45ന് ആയിരുന്നു സന്തോഷ് ആക്രമിക്കപ്പെട്ടത്. ആർഎസ്എസ് ശാഖ കഴിഞ്ഞ്, ഒപ്പമുണ്ടായിരുന്ന വിജയകുമാറിന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്നു പാർവത്യാർ ജംക്ഷനിൽ നിന്നു ചെമ്മാൻ മുക്കിലേക്കു വരുന്നതിനിടയിലാണ് മണിച്ചിത്തോട്ടിൽ പിന്നിൽ നിന്നു വന്ന കാർ ഇടിച്ചു വീഴ്ത്തി സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.വിജയകുമാറിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചോടിച്ച ശേഷമാണു സന്തോഷിന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ എം.നൗഷാദ് എംഎൽഎ, വടക്കേവിള പഞ്ചായത്ത് അംഗമായിരുന്ന അനിൽ (മെമ്പർ അനി) എന്നിവരെ കോടതി ഉത്തരവ് പ്രകാരം പ്രതി ചേർത്തെങ്കിലും ഹൈക്കോടതി അതു റദ്ദു ചെയ്തിരുന്നു. ഒന്നാം പ്രതി സജീവ് (കൊഞ്ച്), മൂന്നാം പ്രതി അനിൽകുമാർ (അന്തക്കണ്ണൻ), അഞ്ചാം പ്രതി ഗോപി (കുറ്റിച്ചിറ ഗോപി), ആറാം പ്രതി പ്രമോദ് എന്നിവരെ ആണ് ആദ്യ വിചാരണയിൽ ശിക്ഷിച്ചത്. കുറ്റിച്ചിറ ഗോപിയെയും പ്രമോദിനെയും പിന്നീട് ഹൈക്കോടതി വിട്ടയച്ചു. സന്തോഷ് (കടച്ചിൽ), ജയപ്രകാശ് (പൊടി മോൻ ) എന്നിവർ ആദ്യ വിചാരണയ്ക്കിടയിൽ മരിച്ചു.ആദ്യ വിചാരണ വേളയിൽ ഒളിവിൽ പോയ സജീവ് കോടതിയിൽ കീഴടങ്ങിയതിനെ തുടർന്നു നടന്ന രണ്ടാം വിചാരണയിലാണ് ശിക്ഷിച്ചത്. കൊല്ലപ്പെട്ട സന്തോഷിന്റെ ഒപ്പമുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകൻ വിജയകുമാർ ആദ്യ വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയെങ്കിലും പിന്നീട് കൂറുമാറി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി.