
ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ് ലൈൻ തകർന്നു; ദേശീയപാതയിൽ ‘വെള്ളപ്പൊക്കം’
ചാത്തന്നൂർ ∙ ദേശീയപാത വികസന പ്രവർത്തനത്തിനിടെ ചാത്തന്നൂർ തിരുമുക്കിൽ ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ് ലൈൻ തകർന്നു. ദേശീയപാത വെള്ളത്തിൽ മുങ്ങി മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിൽ അമർന്നു. കൊല്ലം കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണം മുടങ്ങി.
പൈപ് പൊട്ടിയതോടെ പുനലൂർ പനംകുറ്റി മലയിലെ പമ്പിങ് നിർത്തി വച്ചെങ്കിലും പൊട്ടിയ ഭാഗത്തു കൂടി 5 മണിക്കൂറിലേറെ വെള്ളം ഒഴുകി.ചാത്തന്നൂർ, ആദിച്ചനല്ലൂർ, പൂതക്കുളം, ചിറക്കര, മയ്യനാട് പഞ്ചായത്തുകൾ, പരവൂർ നഗരസഭ, കൊല്ലം കോർപറേഷൻ എന്നീ ഭാഗങ്ങളിലെ ജല വിതരണം മുടങ്ങി. പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ജല വിതരണവും ഭാഗികമായി തടസ്സപ്പെട്ടു. ഇന്നലെ പകൽ പത്തരയോടെ തിരുമുക്ക് അടിപ്പാതയ്ക്കു സമീപമാണ് പ്രധാന പൈപ്പ് ലൈൻ തകർന്നത്.
പാത വികസനത്തിന്റെ ഭാഗമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു മുന്നു ദിവസം മുൻപാണ് കോൺക്രീറ്റ് ചെയ്തത്.700 എംഎം പൈപ്പാണ് പൊട്ടിയത്.ഇവിടെ നിന്നു റോഡിന്റെ ഇരുഭാഗത്തേക്കും വെള്ളം കുത്തിയൊഴുകി. വൈദ്യുതി ഭവനു കിഴക്ക് വരെ വെള്ളക്കെട്ട് രൂപപ്പെട്ടു.
സർവീസ് റോഡിലെ കുഴികളിൽ വാഹനങ്ങൾ അകപ്പെട്ടു. വൈദ്യുതി ഭവനു സമീപം വെള്ളം കയറി വാഹനങ്ങൾ നിശ്ചലമായി.
ഇരുചക്രവാഹനങ്ങളാണ് ഏറെ കുടുങ്ങിയത്.പൈുകൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ എംഇഎസ് കോളജ് റോഡ് വഴി ചാത്തന്നൂർ ജംക്ഷനിലേക്ക് തിരിച്ചു വിട്ടു. വൈകിട്ട് മുന്നരയോടെയാണ് പൈപ്പ് ലൈനിലെ വെള്ളം നിലച്ചത്. വെള്ളം ഒഴുകി തീർന്ന ശേഷം പൂയപ്പള്ളി നാൽക്കവലയിലെ വാൽവ് അടച്ചു തകരാർ പരിഹരിക്കുന്ന ജോലി തുടങ്ങി. ചാത്തന്നൂർ തിരുമുക്കിൽ പൈപ്പ് പൊട്ടി ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിലെ കുഴിയിൽ അകപ്പെട്ട
ബൈക്ക് യാത്രക്കാരനെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു.
വെള്ളക്കെട്ടിൽ കുടുങ്ങി ആംബുലൻസും
രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ഉൾപ്പെടെ ദേശീയപാതയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. തിരുമുക്ക് വൈദ്യുതി ഭവനു സമീപം ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിലാണ് ആംബുലൻസ് അകപ്പെട്ടത്.അര മണിക്കൂറോളം ആംബുലൻസ് വെള്ളക്കെട്ടിൽ കുടുങ്ങി.
രണ്ട് കെഎസ്ആർടിസി ബസുകൾ, 3 കാറുകൾ, ഒട്ടേറെ ഇരുചക്രവാഹനങ്ങൾ എന്നിവയും കുടുങ്ങി.വെള്ളക്കെട്ടായ ഭാഗങ്ങളിൽ കരാർ കമ്പനി മെറ്റൽ നിരത്തി വാഹനം കടന്നു പോകുന്നതിനു താൽകാലിക സൗകര്യം ഒരുക്കി. ചാത്തന്നൂർ ഇൻസ്പെക്ടർ വി.വിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
വൈകിട്ട് അഞ്ചോടെയാണ് ഗതാഗതക്കുരുക്ക് ഒഴിവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]