ശാസ്താംകോട്ട ∙ ശാസ്താംകോട്ട
ജംക്ഷനിലെ ട്രാഫിക് ഐലൻഡിന്റെ സമീപത്തെ വളവിലെ അശാസ്ത്രീയമായ ഡിവൈഡർ വാഹനയാത്രക്കാർക്ക് കെണിയാകുന്നു. പലതവണ റീടാറിങ് നടത്തിയപ്പോൾ റോഡ് ഉയർന്നതോടെ ചെറിയൊരു തിട്ട മാത്രമാണ് ഡിവൈഡറിൽ അവശേഷിക്കുന്നത്.
രാത്രി വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങൾ തിട്ടയിൽ തട്ടി മറിയുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് അപകടത്തിൽപെടുന്നത്.
മഴയുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും.
പരുക്കേറ്റ് ചികിത്സ തേടിയവരും ഒട്ടേറെയാണ്. സ്വകാര്യ ബസുകൾ വളവിൽ നിർത്തുന്നത് കാരണം പിന്നാലെയെത്തുന്ന വാഹനങ്ങൾ ഡിവൈഡറിൽ കയറിയിറങ്ങിയാണു ബസിനെ മറികടക്കാൻ ശ്രമിക്കുന്നത്.
ഇത് അപകടഭീഷണി ഉയർത്തുന്നു. ബസുകളുടെ അശാസ്ത്രീയമായ സ്റ്റോപ് ഒഴിവാക്കാനും നടപടിയില്ല.
ഭരണിക്കാവ് റോഡിന്റെ തുടക്കത്തിലുള്ള അപകടകരമായ ഡിവൈഡർ പൊളിച്ചു നീക്കുകയോ ഉയർത്തി നിർമിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
പ്രദേശവാസികളുടെ നിരന്തരമായ പരാതിയെ തുടർന്ന് അധികൃതർ മണ്ണുമാന്തിയന്ത്രം എത്തിച്ചെങ്കിലും റോഡ് തകരാറിലാകുമെന്ന നിർദേശത്തെ തുടർന്നു ഡിവൈഡർ പൊളിക്കാനുള്ള നീക്കം ഒഴിവാക്കി. ഡിവൈഡറിന്റെ ഇരുവശങ്ങളിലും പൊലീസ് സ്ഥാപിച്ച ട്രാഫിക് കോണുകൾ മോഷണം പോയെന്നും പരാതിയുണ്ട്. എന്നാൽ പുതിയത് സ്ഥാപിക്കാനും നടപടിയില്ല. വെറ്റമുക്ക്– താമരക്കുളം കിഫ്ബി റോഡ് പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി– ശാസ്താംകോട്ട
റോഡ് വീതികൂട്ടി നവീകരിക്കാനുള്ള പണികൾ ഉപേക്ഷിച്ചതും വിനയായി. ആദ്യഘട്ട ടാറിങ് മാത്രമാണ് നടത്തിയത്.
അനുബന്ധ പ്രവർത്തനങ്ങളും നടപ്പായില്ല. വീണ്ടും ടെൻഡർ നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]