
കൊട്ടാരക്കര ∙ ഭാഗ്യക്കുറി വിൽപനക്കാരിയായ യമുനയെ ശരിക്കും ഭാഗ്യം തുണച്ചത് ഇപ്പോഴാണ്. ആഴമേറിയ പൊട്ടക്കിണറ്റിൽ വീണ് 13 മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട
ശേഷമുള്ള അദ്ഭുത രക്ഷപ്പെടൽ! അതെ, മഹാഭാഗ്യം തന്നെ !
കൊട്ടാരക്കര റെയിൽവേസ്റ്റേഷന് സമീപം ശിവവിലാസത്തിൽ യമുന(54)യാണു 12നു രാവിലെ പതിനൊന്നോടെ കിണറ്റിൽ വീണത്. കോരിച്ചൊരിയുന്ന മഴയിലും പൊലീസും അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെയാണു രക്ഷപ്പെടുത്തിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തു ലോട്ടറിക്കട നടത്തുന്ന യമുന പച്ചമരുന്ന് ശേഖരിക്കാനായി ഉഗ്രൻകുന്നിലെ ആളൊഴിഞ്ഞ പ്രദേശത്തേക്കു സ്കൂട്ടറിൽ പോയതാണ്.
സ്കൂട്ടർ വഴിയരികിൽ വച്ച ശേഷം ഹെൽമറ്റ് തലയിൽ നിന്നു മാറ്റാതെതന്നെ നെയ് വള്ളിയില എന്ന പച്ചമരുന്ന് പറിച്ചു കവറിലാക്കി.
തിരികെനടക്കുമ്പോഴാണു കാൽവഴുതി കിണറ്റിൽ വീണത്. തകരഷീറ്റ് മൂടിയ കിണറായിരുന്നു.
ഷീറ്റിന്റെ ഒരു ഭാഗം തകർന്നാണു താഴേക്കു പതിച്ചത്. ഉറക്കെ കരഞ്ഞെങ്കിലും 13 തൊടികളുള്ള, ഷീറ്റ് മൂടിയ കിണറ്റിൽ നിന്നു ശബ്ദം പുറത്തെത്തിയില്ല.
വിജനമായ സ്ഥലമായതിനാൽ ആരും ശ്രദ്ധിച്ചതുമില്ല. ഹെൽമെറ്റ് തലയിൽ നിന്നു മാറ്റാതെയാണു 13 മണിക്കൂറോളം കിണറ്റിൽ കഴിഞ്ഞത്.
അതിനാൽ മുകളിൽനിന്നു കല്ലുകൾ ചിതറിവീണെങ്കിലും പരുക്കേറ്റില്ല. യമുനയെ കാണാതായതോടെ ഭർത്താവ് ദിലീപും കുടുംബവും തിരച്ചിൽ തുടങ്ങി.
ലോട്ടറി വിൽപനയ്ക്കായി പോകുന്ന സ്ഥലങ്ങളിൽ കാണാതായതോടെ ആറരയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
പ്രതീക്ഷ മങ്ങിയ സാഹചര്യത്തിലാണ് ഉഗ്രൻകുന്നിൽക്കൂടി പരിശോധിക്കാമെന്നു ദിലീപ് പൊലീസിനോടു പറഞ്ഞത്.അവിടെ മുൻപു വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു സമീപം പച്ചമരുന്ന് ശേഖരിക്കാൻ പോയതാണോയെന്ന സംശയം രക്ഷയായി.
വഴിയരികിൽ സ്കൂട്ടർ കണ്ടെത്തിയതോടെ പ്രതീക്ഷയേറി. അവിടം അരിച്ചു പെറുക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല.
തിരികെ മടങ്ങാനൊരുങ്ങുമ്പോഴാണ് കിണറിനുള്ളിൽ നിന്നു കരച്ചിൽ കേൾക്കുന്നത്. അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂർ നീണ്ട
ശ്രമത്തിനൊടുവിൽ യമുനയെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കിണറിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് തുടങ്ങിയിരുന്നു.
രക്ഷാപ്രവർത്തനം അര മണിക്കൂർ കൂടി വൈകിയിരുന്നുവെങ്കിൽ സ്ഥിതി വഷളായേനെയെന്നു ഡോക്ടർ പറഞ്ഞു.
ഭീതി മാറാതെ യമുന
കൊട്ടാരക്കര∙ ‘തലകുത്തി വീണിരുന്നുവെങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നു’– യമുന പറയുന്നു. തറനിരപ്പോട് ചേർന്ന് പുല്ലുകൾ മൂടിയ നിലയിലായിരുന്നു.
കിണറാണെന്ന് തിരിച്ചറിഞ്ഞില്ല. വെള്ളം തീരെ കുറവായിരുന്നു.
നടുവിടിച്ചാണ് വീണത്. അതേ പടി കിണറ്റിൽ ഇരുന്നു.
എഴുന്നേൽക്കാൻ പല തവണ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഉറക്കെ പല തവണ നിലവിളിച്ചു. തകരഷീറ്റിട്ട് മറച്ച കിണറിലേക്ക് നേരിയ വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. കിണറിന്റെ വശങ്ങളിൽ നിന്നു കല്ലുകൾ താഴേക്ക് വീണു തുടങ്ങിയിരുന്നു. തലയിൽ നിന്നു ഹെൽമെറ്റ് മാറ്റാത്തതുകൊണ്ടു പരുക്കേറ്റില്ല.
രാത്രി മഴ ശക്തമായതോടെ വെള്ളവും കിണറ്റിലേക്ക് ഒലിച്ചു തുടങ്ങി. പിന്നീടു കിണറിന്റെ പരിസരത്ത് കാൽപ്പെരുമാറ്റം കേട്ട് ഉറക്കെ വിളിച്ചു. മലയാള മനോരമ ഏജന്റും പരിസരവാസിയുമായ സന്തോഷ് കുമാറാണ് കിണറ്റിൽ ആരോ ഉണ്ടെന്നു തിരിച്ചറിഞ്ഞത്. യമുനയെ കണ്ടതോടെ ഭർത്താവ് ദിലീപ് കിണറ്റിലേക്കു ചാടാനൊരുങ്ങി. യമുന തന്നെ വിലക്കി.
പിന്നീടു പുറത്തേക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]