
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെ തുടർന്നുള്ള ദുരിതത്തിന് അറുതിയില്ല; കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ കടകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. പാത വികസനത്തെ തുടർന്ന്, ചെറിയ മഴ പെയ്താൽ പോലും ചാത്തന്നൂർ കനറാ ബാങ്കിനു സമീപം സർവീസ് റോഡിൽ കായൽ കണക്കെ വെള്ളം ഉയരും.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ അടിക്കടി വെള്ളം കയറി കെടുതി ഉണ്ടാവുകയാണ്. കടകൾക്കുള്ളിൽ വെള്ളം കയറി ചെളി നിറയുന്നത് കച്ചവടക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
ഇന്നലെ രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് വെള്ളപ്പൊക്ക കെടുതി ഉടമകൾ അറിയുന്നത്.
കടകൾക്ക് ഉള്ളിൽ നിറഞ്ഞ മലിനജലവും ചെളിയും നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടി. നിലത്തു സൂക്ഷിച്ചിരുന്ന സാധനങ്ങൾ ചെളി വെള്ളം കയറി നശിച്ചു.
സ്ഥാപനങ്ങൾ ശുചീകരിക്കും വരെ പ്രവർത്തനം തടസ്സപ്പെട്ടു. ഏതാനും മാസത്തിനിടെ 5 തവണ കടകളിൽ വെള്ളം കയറിയതായി വ്യാപാരികൾ പറഞ്ഞു.
മഴ പെയ്താൽ സർവീസ് റോഡിൽ വലിയ തോതിൽ വെള്ളം ഉയർന്നു ദേശീയപാതയിൽ ഗതാഗതം നിലയ്ക്കുന്നതും പതിവാണ്.
അശാസ്ത്രീയമായി ഓടകളും പാതകളും നിർമിച്ചതാണ് അടിക്കടി വെള്ളപ്പൊക്ക കെടുതിക്ക് കാരണമെന്നു വ്യാപാരികൾ പറഞ്ഞു. ഓടകളിലൂടെ വെള്ളം ഒഴുകാതെ സർവീസ് റോഡിലൂടെ വലിയ തോതിൽ ഇവിടെ വെള്ളം ഒഴുകി എത്തുകയാണ്.
ഇതു സുഗമമായി ഒഴുകി പോകുന്നതിനു മാർഗം ഇല്ലാതെയാണ് പാത വികസനം.
പകൽ മഴ പെയ്ത് ജല നിരപ്പ് ഉയർന്നാൽ പൊതുപ്രവർത്തകരും യുവജനങ്ങളും എത്തി ഓടയിലേക്കുള്ള ജലനിർഗമന മാർഗം തെളിച്ചു വെള്ളം ഒഴുക്കി വിടുക പതിവാണ്. നിരന്തരം വെള്ളപ്പൊക്ക കെടുതി സംഭവിച്ചിട്ടും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം
കടകളിൽ വെള്ളം കയറി നാശം സംഭവിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഓരോ തവണയും കടകൾ ശുചീകരിക്കാൻ വലിയ തുക ചെലവാണ്.
സാധനങ്ങൾ നശിക്കുകയും വ്യാപാര നഷ്ടവും സംഭവിക്കുകയാണ്. ദേശീയപാത നിർമാണത്തെ തുടർന്നുള്ള കെടുതിക്ക് കരാർ കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]