
കുണ്ടറ∙ ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾക്കു പറയാനുള്ളത് കൊടിയ പീഡനത്തിന്റെ കഥകൾ.കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ ബന്ധുകൾ രംഗത്തെത്തി.
വിപഞ്ചികയ്ക്കും മകൾ വൈഭവിക്കും നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്നു വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. ബുധൻ രാവിലെ വീട്ടുജോലിക്കാരി ഫ്ലാറ്റിൽ എത്തി വിളിച്ചപ്പോൾ കതക് തുറന്നില്ല.
തുടർന്ന് മാറി താമസിച്ചിരുന്ന ഭർത്താവ് നിതീഷിനെ അറിയിക്കുകയും നിതീഷെത്തി കതക് പൊളിച്ചു അകത്തു കടന്നപ്പോഴാണു മരണ വിവരം അറിയുന്നത്. ഷാർജയിലുള്ള വിപഞ്ചികയുടെ സഹോദൻ വിനോദിന്റെ ഭാര്യയുടെ ബന്ധുവാണു വിവരം നാട്ടിൽ അറിയിച്ചത്.
എല്ലാവർക്കും ഇഷ്ടമുള്ള കുട്ടിയായിരുന്നു വിപഞ്ചിക.
പഠിക്കാൻ സമർഥയായിരുന്നു. മികച്ച മാർക്കോടെ എംബിഎ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഷാർജയിലെ കമ്പനിയിൽ എച്ച്ആർ വിഭാഗം മാനേജരായി ജോലി ലഭിക്കുന്നത്.
2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻത്തുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. ഭർത്താവുമായി ഉള്ള വിഷയങ്ങൾ ഒന്നും നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നു ഷൈലജ പറഞ്ഞു.
നല്ല കുടുംബം ആണെന്ന് കരുതിയെങ്കിലും തെറ്റിപ്പോയി. നിതീഷിന്റെ കൊടിയ പീഡനം സഹിക്കാൻ കഴിയാതെയാണു വിപഞ്ചിക കടുംകൈ ചെയ്തത്.
എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടു നാട്ടിൽ വരുമായിരുന്നു.
നിതീഷും സഹോദരി നീതുവും ചേർന്നാണു തന്റെ മകളെ പീഡിപ്പിച്ചതെന്നു ഷൈലജ പറയുന്നു. നിതീഷ് വിപഞ്ചികയുമായി അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം നീതുവും പിതാവ് മോഹനനും ചേർന്ന് അകറ്റി.
സ്വന്തം കുഞ്ഞിനെ പോലും സ്നേഹിക്കാൻ നിതീഷിനെ നീതു അനുവദിച്ചില്ലായിരുന്നുവെന്നു ഷൈലജ ആരോപിച്ചു. നീതുവും വിപഞ്ചികയെ മർദിച്ചിട്ടുണ്ട്.
നീതുവിന്റെ ഭർത്താവിനെ വിളിച്ചു തന്നെ ഉപദ്രവിക്കരുതെന്നു കാലുപിടിച്ച് വിപഞ്ചിക അപേക്ഷിച്ചിരുന്നു. എന്നിട്ടും ആരും തടുത്തില്ല.
വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തിൽ കണ്ട
ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങൾ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോൺ കൈക്കലാക്കിയ നിതീഷും നീതുവും ചേർന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു.
അതിന് മുൻപു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരൻ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗൺലോഡ് ചെയ്തു.
തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു.
ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു.
നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചത്.
എന്നാൽ വിവാഹ മോചനത്തിന് നോട്ടിസ് അയച്ചതോടെയാണ് വിപഞ്ചിക ഈ കടുംകൈ ചെയ്തത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിച്ചാൽ മാത്രമേ മകളുടെയും ചെറുമകളുടെയും ആത്മാവിന് ശാന്തി ലഭിക്കൂവെന്നും ഷൈലജ പറഞ്ഞു. സിബിഐ അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇ ഇന്ത്യൻ കോൺസുലേറ്റ്, കേരള മുഖ്യമന്ത്രി, ഡിജിപി, തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്.
മൃതദേഹങ്ങൾ 17ന് നാട്ടിൽ എത്തിക്കും
കുണ്ടറ∙ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ 17ന് നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. കാനഡയിലുള്ള സഹോദരൻ വിനോദ് അടുത്ത ദിവസം തന്നെ ഷാർജയിലേക്ക് തിരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ അവിടെ അവധി ആയതിനാൽ ഔദ്യോഗിക നടപടികൾ താമസം നേരിടുന്നുണ്ട്. എത്രയും വേഗം മൃതദേഹങ്ങൾ വിട്ടു കിട്ടുന്നതിന് ശ്രമിക്കുന്നതായി ശരൺ പറഞ്ഞു.
സംസ്കാരം മാതൃ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ നടത്തും. വിപഞ്ചികയുടെ പിതാവ് മണിയൻ നേരത്തേ തന്നെ വീട്ടിൽ നിന്ന് അകന്നാണു കഴിയുന്നത്.
മാതാവ് ഷൈലജയാണ് വിപഞ്ചികയെയും സഹോദരൻ വിനോദിനെയും വളർത്തിയത്. വിപഞ്ചികയെ എംബിഎ വരെയും വിനോദിനെ എൻജിനീയറിങ്ങും പഠിപ്പിച്ചു. വിപഞ്ചികയ്ക്ക് ഷാർജയിലും വിനോദിന് കാനഡയിലുമാണ് ജോലി.
കാൻസർ രോഗ ബാധിതയായ ഷൈലജയുടെ ചികിത്സയ്ക്കിടെയാണ് ദുരന്തവാർത്ത എത്തുന്നതെന്ന് വിപഞ്ചികയുടെ മാതൃ സഹോദന്റെ മകൻ ശരൺ പറഞ്ഞു.
കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഷാർജ∙ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ ഒന്നര വയസുകാരി വൈഭവിയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ മാതാവ് വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]