
കൊല്ലം∙ കെട്ടിയിട്ടിരുന്ന വള്ളം കെട്ടഴിഞ്ഞ് ഒഴുകി പുലിമുട്ടിൽ ഇടിച്ചു തകർന്നു. വാടി കല്ലേലിൽ വയൽ പുരയിടത്തിൽ എം.എഡിസന്റെ(54) ഉടമസ്ഥതയിലുള്ള പൊൻകുരിശ് എന്ന മോട്ടർ ഘടിപ്പിച്ച വള്ളമാണു തകർന്നത്.
ശനി പുലർച്ചെ ഒന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് വാടി തീരത്തു കെട്ടിയിട്ടിരുന്ന വള്ളത്തിന്റെ കെട്ടഴിഞ്ഞത്. വള്ളത്തിന്റെ നങ്കൂരം ഇളകി മാറിയ നിലയിലായിരുന്നു.
വള്ളം കടലിലൂടെ ഒരു കിലോമീറ്ററോളം ഒഴുകി പുലിമുട്ടിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു.
പാറയിൽ ഇടിച്ചു വള്ളത്തിന്റെ അടിഭാഗം പൂർണമായും തകർന്നു. വലകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു.
ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ മത്സ്യബന്ധനത്തിനായി എഡിസനും മറ്റു തൊഴിലാളികളും എത്തിയപ്പോഴാണ് വള്ളം കാണാതായത്.
മറ്റു വള്ളക്കാരാണ് എഡിസന്റെ വള്ളം പുലിമുട്ടിലേക്കു ഇടിച്ചുകയറി നിൽക്കുന്നത് കണ്ടത്. പിന്നീട് അവർ തന്നെയാണ് തകർന്ന വള്ളം വാടിയിലേക്കു കെട്ടിവലിച്ചു കൊണ്ടു വന്നത്.
ഉച്ചയോടെ ക്രെയിനിന്റെ സഹായത്തോടെ ഒട്ടേറെ തവണ പരിശ്രമിച്ചാണ് വള്ളം കരയ്ക്കു കയറ്റാനായത്.
ഒരു വർഷം മുൻപാണ് എഡിസൻ ഈ വള്ളം വാങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ ഇതേ വള്ളത്തിന്റെ മോട്ടറും എണ്ണയും മോഷണം പോയിരുന്നു.
അതിന്റെ നഷ്ടത്തിനു പിറകെയാണ് ഇന്നലെ അപകടത്തിൽ വള്ളം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായത്.
നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നു പരാതി
കൊല്ലം∙ വാടി ഹാർബറിലെ ലേല ഹാളിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നു പരാതി. ഇവിടെ മോഷണം പതിവാണ്.
എന്നാൽ മോഷ്ടാക്കളെ കണ്ടെത്താനാകുന്നില്ല. ഒട്ടേറെ വള്ളങ്ങളിലെ മോട്ടറും വലകളും ഇവിടെ നിന്നു മോഷണം പോയിട്ടുണ്ടെന്നാണു പരാതി.
നേരത്തേ ലേല ഹാളിന് പുറത്ത് തീരത്തിന് അഭിമുഖമായി നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു അവ ഇപ്പോൾ കാണാനില്ല. ലേല ഹാളിന് ഉള്ളിലുള്ള ക്യാമറകൾ പ്രവർത്തിക്കുന്നുമില്ല.
അടിയന്തരമായി ക്യാമറകൾ പ്രവർത്തിപ്പിക്കണമെന്നും വള്ളങ്ങൾ നിർത്തിയിട്ടിരുന്ന ഭാഗത്തെ ദൃശ്യങ്ങൾ ലഭിക്കാവുന്ന തരത്തിൽ പുതിയ ക്യാമറകൾ സ്ഥാപിക്കണം എന്നാണ് മത്സ്യത്തൊഴിലാളികളുടെയും വള്ളം ഉടമകളുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]