പന്മന ∙ പഞ്ചായത്തിന്റെ 20–ാം വാർഡിൽ ഉൾപ്പെട്ട പന്മന ക്ഷേത്രത്തിനു പടിഞ്ഞാറുവശം മുതൽ ഇടവട്ടയിൽ മുക്കിനു തെക്കുഭാഗം വരെയുള്ള റോഡിന്റെ വശങ്ങളിൽ ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് കവറുകളിലും വിവിധ തരം മാലിന്യങ്ങൾ തള്ളുകയും വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം കൊണ്ടൊഴുക്കുകയും ചെയ്യുന്നതായി പരാതി.
ഇതോടൊപ്പം വിവിധ ഭാഗങ്ങളിൽ നിന്നും പട്ടിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു തള്ളുന്നതും ഈ റോഡിലാണ്. മാലിന്യം തള്ളുന്നതു കാരണം റോഡ് നിറയെ നായശല്യവുമാണ്.
അതിരാവിലെ ക്ഷേത്ര ദർശനത്തിനു പോകുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിലെ ഈ ദുരിതങ്ങൾക്കു നടുവിൽ കൂടി വേണം യാത്ര ചെയ്യാൻ. സമീപത്തെ റോഡിൽ ക്യാമറ സ്ഥാപിച്ചതോടെ ഈ ഭാഗങ്ങളിൽ മാലിന്യം തള്ളിയവർ ഇപ്പോൾ മാലിന്യം തള്ളാൻ ഈ റോഡും കെഎംഎംഎല്ലിന്റെ കാടു കയറി കിടക്കുന്ന സ്ഥലവും തിരഞ്ഞെടുത്തിരിക്കുകയാണ്. പന്മന ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്ത് കെഎംഎംഎൽ സെക്യൂരിറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നു പറയുന്നെങ്കിലും ഈ ഭാഗങ്ങളിൽ ആരെയും കാണാനില്ല.
സന്ധ്യ മയങ്ങിയാൽ ലഹരി കച്ചവടക്കാരുടെ താവളമായി ഈ ഭാഗങ്ങൾ മാറുന്നുവെന്ന പരാതിയുമുണ്ട്.പന്മന പഞ്ചായത്തിൽ ഈ വിഷയങ്ങൾ ചൂണ്ടികാട്ടി ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇവിടെ റോഡിന്റെ വശത്ത് ക്യാമറ സ്ഥാപിക്കുകയും സാമൂഹികവിരുദ്ധർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]