കൊല്ലം ∙ വന്യമൃഗങ്ങളിൽ നിന്നു രക്ഷനേടാൻ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ചാങ്ങാപ്പാറ, പെരുന്തോയിൽ, മുള്ളുമല ഉൾപ്പെടുന്ന പുനലൂർ ഫോറസ്റ്റ് റെയ്ഞ്ചിലെ മലയോര ജനത. ഇരുട്ടു വീണാൽ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങാൻ പോലും പ്രദേശവാസികൾക്ക് പേടിയാണ്.
കാട്ടുപോത്തോ, ആനയോ, പുലിയോ ഏതു നിമിഷവും മുന്നിലേക്ക് ചാടിവീഴാം. കഴിഞ്ഞ ദിവസം പത്തനാപുരം കറവൂർ ചാങ്ങാപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം ഒടുവിലത്തേത്.
കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങി നിരന്തരം ശല്യം സൃഷ്ടിക്കുന്ന വന്യമൃഗങ്ങൾ കാരണം പൊറുതിമുട്ടി വീടുകൾ ഉപേക്ഷിച്ചു പലായനം നടത്തിയവരും ഏറെ.
നാട് വിറപ്പിച്ച് കാട്ടാനക്കൂട്ടം
കുത്തിയൊലിച്ചൊഴുകുന്ന ചാലിയക്കരയാറിൽ ഇറങ്ങി വെള്ളം കുടിച്ച് ശാന്തരായി മടങ്ങിപ്പോയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ വീട്ടുമുറ്റത്തേക്കെത്തി തുടങ്ങി. ‘40 വർഷമായി ഞാൻ ചാങ്ങാപ്പാറ കമ്പിവേലിയിൽ താമസമായിട്ട്.
പണ്ടൊക്കെ വന്യമൃഗങ്ങൾ ഒരു ശല്യവും സൃഷ്ടിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചാറു വർഷം മുതലാണ് ഇവിടേക്ക് വന്യമൃഗങ്ങൾ കൂടുതലായി വരാൻ തുടങ്ങിയത്.’– പ്രദേശവാസിയായ രാധാമണി പറയുന്നു.
ഭർത്താവ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത് ഇന്നും പേടിയോടെയാണ് ഇവർ ഓർക്കുന്നത്.
‘വീടിനു പുറകുവശത്തായി ഓരില്ലാത്ത കുഴിച്ച ചെറിയ കുളത്തിലേക്ക് വെള്ളമെടുക്കാൻ ഇറങ്ങിയ ചേട്ടൻ ബക്കറ്റ് എടുത്ത് തിരിഞ്ഞപ്പോഴാണ് മുന്നിൽ ആനയെക്കണ്ടത്. ഓടിക്കോ, ഓടിക്കോയെന്ന് ഞാനും മോനും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഓടാൻ കഴിഞ്ഞില്ല.
ആനയെ നോക്കി കുറച്ചുനേരം അനങ്ങാതെ നിന്നു. പെട്ടെന്നാണ് ആന രണ്ട് ചവിട്ടടി പിന്നിലേക്ക് പോയത്.
ആ സമയത്ത് ചേട്ടൻ ഓടിയെങ്കിലും ആന പിറകെ ഓടി വന്നു. അടുക്കളഭാഗത്ത് കൂട്ടിയിട്ടിരുന്ന ഷീറ്റിൽ കൈവച്ചടിച്ച് ഞാനും മകനും ചേർന്ന് ബഹളം വച്ചപ്പോഴാണ് ആന തിരികെപ്പോയത്.
വേറെ എവിടേക്കും പോകാൻ നിവർത്തിയില്ലാത്തതിനാലാണ് ഇവിടെത്തന്നെ തുടരുന്നത്’– രാധാമണി പറയുന്നു.ചാങ്ങാപ്പാറക്കാർ ആനയെ കാണാത്ത ദിവസം വിരളമാണ്.
മലയോരജനതയുടെ പ്രധാന ഉപജീവനമാർഗങ്ങളിലൊന്നാണ് ടാപ്പിങ്. വെളുപ്പിനെ ടാപ്പിങ്ങിനു പോകുന്നവർ മുതൽ കിലോമീറ്ററുകളോളം നടന്നു തൊഴിലുറപ്പുപ്പണിക്കും കൂലിപ്പണിക്കും പോകുന്നവർ വരെ വനത്താൽ ചുറ്റപ്പെട്ട
വഴിയിലൂടെ ഏറെ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.
അഥർവിന് പേടിയില്ലാതെപോകണം, അങ്കണവാടിയിൽ
‘എനിച്ച് പേടിയാണ്, അങ്കണവാടി പോകാൻ’. ചാങ്ങാപ്പാറ കമ്പിവേലിയിൽ പ്രമോദിന്റെയും ആരതിയുടെയും മകനായ 4 വയസ്സുകാരൻ അഥർവിന് അങ്കണവാടിയിലേക്കു നടന്നു പോകാൻ ഭയമാണ്.
ടാപ്പിങ് തൊഴിലാളകളായ പ്രമോദും ജ്യേഷ്ഠനും കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടയിൽ വീടിനു കുറച്ചു മുകളിലുള്ള ഭാഗത്തു കൂടെ പുലി ഓടിപ്പോകുന്നതു കണ്ടിരുന്നു.
പെരുന്തോയിലുള്ള അങ്കണവാടിയിലേക്ക് അഥർവും ആരതിയും ഈ വഴി കിലോമീറ്ററുകളോളം നടന്നുപോകുന്നതിനാൽ തൽക്കാലത്തേക്ക് അങ്കണവാടിയിൽ പോകേണ്ടെന്നായിരുന്നു പ്രമോദിന്റെ തീരുമാനം. അതിനിടയിൽ തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിൽ പുലി വീണതോടെ കുഞ്ഞ് അഥർവിന് കൂടുതൽ ഭീതിയായി. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെദൂരം നടന്നു ആനക്കുഴിമുക്കിൽ എത്തിയെങ്കിൽ മാത്രമേ സ്കൂൾ ബസിൽ പോകാൻ കഴിയുള്ളൂ.
ഇരുചക്രവാഹനങ്ങളുള്ളവർ കുഞ്ഞുങ്ങളെ സ്കൂളിൽ പതിവായി കൊണ്ടുവിടാറുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കാൽനട മാത്രമാണ് ആകെയുള്ള ‘ഓപ്ഷൻ’.
വന്യജീവികൾ റോഡ് മുറിച്ചു കടക്കുന്ന മേഖല. വാഹനത്തിൽ നിന്നു പുറത്തിറങ്ങരുത്.
കാൽനടയാത്ര അപകടം’ എന്ന വനംവകുപ്പിന്റെ ബോർഡിരിക്കുന്ന മേഖലയിലൂടെയാണ് ദീർഘദൂരം നടന്ന് സ്ത്രീകളും കുട്ടികളുമടക്കം പഠിക്കാനും ജോലിക്കുമായി പോകുന്നത്. പെട്ടെന്നൊരു അത്യാഹിതം സംഭവിച്ചാലും പുനലൂർ ആശുപത്രിയിലേക്കെത്തണമെങ്കിൽ വാഹനമില്ലാത്ത ദുരിതത്തോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും ഭയക്കണം.
ആകെ അങ്കലാപ്പിൽ
ചാങ്ങാപ്പാറയിലും പരിസര പ്രദേശങ്ങളിലും പുലിയെ പതിവായിക്കാണുന്നെണ്ടെന്നു വെറും അഭ്യൂഹം മാത്രമല്ലെന്നാണ് നാട്ടുകാരിയായ ലിസി ബേബിക്ക് പറയാനുള്ളത്.
‘കഴിഞ്ഞ മാസവും ഈ മാസവും എന്റെ 2 വളർത്തുനായ്ക്കളെ പുലി പിടിച്ചു. ഓണത്തിന് 2 ഒരാഴ്ച മുൻപ് പുലിയെ കണ്ട് ഭയന്നോടിയ ഞാൻ നടുവിടിച്ചു വീണു ദിവസങ്ങളോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇപ്പോഴും നടക്കാൻ കഴിയില്ല.
ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ് ഇവിടം. കൊച്ചുമകൻ ആദിയെ കുറച്ചുനാൾ മുൻപ് പാമ്പ് കടിച്ചിരുന്നു. പാമ്പ് കടിയേറ്റ കുഞ്ഞിനെ പാതിരാത്രിയിൽ ഇരുചക്രവാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജീവിതം വളരെ ദുരിതത്തിലാണ്.
വേറെ ഗതിയില്ലാത്തതുകൊണ്ടു ഇവിടെത്തന്നെ തുടരുന്നു.’–ലിസി പറയുന്നു.
വിളകൾ നശിപ്പിക്കാൻ പന്നി മുതൽ കുരങ്ങ് വരെ
കാട്ടുപന്നി, കുരങ്ങ്, മയിൽ, കാട്ടുപോത്ത്, മലയണ്ണാൻ, ആന…ഇങ്ങനെ നീണ്ടു പോകുന്നു വിള നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ നിര. കപ്പ, ചീനി, ചേമ്പ്, ചേന, കാച്ചിൽ എന്നിവയൊക്കെ കാട്ടുപന്നിയുടെ കണ്ണിൽപെട്ടാൽ കുത്തിമറിക്കുമെന്നാണ് 60 വർഷത്തിൽ കൂടുതലായി ചാങ്ങാപ്പാറയിൽ താമസിക്കുന്ന കർഷകനായ ഭാസ്കരൻ പറയുന്നത്.
‘18 വയസ്സുമുതൽ ഞാൻ ഇവിടെ കൃഷി ചെയ്യുന്നു. ഇപ്പോൾ 85 വയസ്സായി.
വന്യമൃഗങ്ങളുടെ ശല്യം കാലം പോകുന്തോറും കൂടിവരികയാണ്. വാഴ, നാളികേരം, ചക്ക, കുരുമുളക് എന്നിവയൊക്കെ നശിപ്പിക്കുന്നത് കുരങ്ങനും മറ്റുമാണ്.
കൊമ്പ് കൊണ്ടു വിളകൾ ഉഴുതു മറിക്കുന്ന കാട്ടുപന്നിയുടെ ശല്യവും വളരെക്കൂടുതലാണ്.
സോളർ വേലിയുണ്ടെന്നത് മാത്രമാണ് ചെറിയ ആശ്വാസം’– ഭാസ്കരൻ പറഞ്ഞു. റബർ കൃഷി മാത്രമാണ് വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നത്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വനംവകുപ്പിന്റെ സ്വയം പുനരധിവാസ പദ്ധതിപ്രകാരം ഭൂമി കൈമാറി നഷ്ടപരിഹാരം വാങ്ങി മറ്റ് സ്ഥലങ്ങളിലേക്ക് പോയ കർഷകരുമുണ്ട്.
പുലി വീണ കിണർ ശുചീകരിച്ചു
പത്തനാപുരം കറവൂർ ചാങ്ങാപ്പാറയിൽ പുലി വീണ സജിയുടെ വീടിന്റെ കിണർ ജില്ലാ ഫോറസ്റ്റ് ഓഫിസറുടെ നിർദേശപ്രകാരം ജീവനക്കാരെത്തി ശുചീകരിച്ചു. വെള്ളം ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]