കൊല്ലം ∙ദേശീയപാത 66 ആറു വരിയായി വികസിക്കുന്നതോടെ വലിയ യാത്രാസൗകര്യം ലഭിക്കുമെന്നാണ് അധികൃതരുടെ അവകാശ വാദം. ദീർഘദൂര യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ യാത്രചെയ്യാമെങ്കിലും റോഡ് നിർമാണം പൂർത്തിയായി വരുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുന്ന അനുഭവമാണ് ഇപ്പോൾ.
പലയിടത്തും ദേശീയപാതയിലേക്കു വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതുപോലും പ്രതിസന്ധിയിലാണ്. 40 അടിയോളം ഉയരത്തിൽ വലിയ മതിൽ വന്നതോടെ മിക്ക ജംക്ഷനുകളും ഇല്ലാതായി.
വ്യാപാരം കുത്തനെയിടിഞ്ഞു കച്ചവടക്കാർ ‘തൊഴിൽ രഹിതരായി’ മാറി. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പലയിടത്തും സമരം തുടരുന്നു.
വീഴ്ച പലവിധത്തിൽ
നിർമാണത്തിലെ പോരായ്മ കാരണം വടക്കൻ കേരളത്തിൽ പലയിടത്തും ദേശീയപാത ഇടിയുകയാണ് ഉണ്ടായതെങ്കിൽ ഇതിനു പുറമേ രൂപകൽപനയിൽ ഗുരുതരമായ വീഴ്ച ഉണ്ടായി പ്രധാന വഴികളിലൂടെ ദേശീയപാതയിൽ എത്തുന്ന വാഹനങ്ങളുടെ കണക്കു പോലും പരിഗണിക്കാതെയും മഴക്കാലത്ത് ദേശീയപാതയിലേക്ക് എത്തുന്ന ജലത്തിന്റെ തോത് മനസ്സിലാക്കാതെയും ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയതെന്ന് പറയുന്നു.
ഇതുമൂലം സർവീസ് ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കടക്കാനാകുന്നില്ല. മഴവെള്ളം സർവീസ് റോഡിലും ഇടറോഡുകളിലും കെട്ടിനിൽക്കുകയാണ്.
വഴിയടഞ്ഞ് ചാത്തന്നൂർ തിരുമുക്ക്
ദേശീയപാത നിർമാണം വികസിച്ചതോടെ ചാത്തന്നൂർ തിരുമുക്ക് ‘ ബർമുഡ ട്രയാംഗിൾ’ ആയി മാറി. സ്ഥാനം തെറ്റി നിർമിച്ച അടിപ്പാതയിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്നില്ല.
പരവൂർ ഭാഗത്തുള്ള സ്വകാര്യ ബസുകൾക്ക് സർവീസ് റോഡ് വഴി കൊട്ടിയം ഭാഗത്തേക്ക് തിരിയണമെങ്കിൽ പലതവണ മുന്നോട്ടും പിന്നോട്ടും എടുക്കണം. അടിപ്പാത വഴി ചാത്തന്നൂർ ജംക്ഷനിലേക്കു പോകാൻ ബുദ്ധിമുട്ടായതിനാൽ സർവീസ് ബസുകൾ ഇവിടെ നിന്നു കൊട്ടിയത്തേക്കു പോവുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഒരു കിലോമീറ്ററിലധികം നടന്നാണ് ജംക്ഷനിൽ എത്തുന്നത്. കൊട്ടിയം ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾക്കും അടിപ്പാത വഴി പരവൂർ റോഡിലേക്ക് കടക്കാനാകില്ല.
അശാസ്ത്രീയ നിർമാണം സർവീസ് റോഡിൽ നിരന്തരം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.
തിരുമുക്കിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. നിർമാണ സ്ഥലത്ത് പന്തൽ കെട്ടി ചാത്തന്നൂർ വികസന സമിതി നടത്തിയ റിലേ ധർണ നടത്തി.
യൂത്ത് കോൺഗ്രസ്, കോൺഗ്രസ് ചാത്തന്നൂർ പരവൂർ ബ്ലോക്ക് കമ്മിറ്റികൾ, പരവൂർ നഗരസഭാ കൗൺസിലർമാർ, പരവൂർക്കാർ കൂട്ടായ്മ എന്നിവരും സമരം നടത്തിയിരുന്നു. പരവൂർ പ്രൊട്ടക്ഷൻ ഫോറം 13ന് വൈകിട്ട് 4ന് എസ്എൻവി സമാജം ഓഡിറ്റോറിയത്തിൽ നടത്തുന്ന പ്രതിഷേധ യോഗം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
യൂത്ത് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
ഫ്ലൈ ഓവർ
ചാത്തന്നൂർ തിരുമുക്ക് മുതൽ കെഎസ്ആർടിസി ഡിപ്പോ ജംക്ഷൻ വരെയുള്ള ഒന്നര കിലോമീറ്ററിനുള്ളിൽ 3 അടിപ്പാതകളാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ ചാത്തന്നൂർ ജംക്ഷനിൽ 60 മീറ്റർ നീളമുള്ള ഫ്ലൈ ഓവർ ആണ്.
കരുനാഗപ്പള്ളിയിൽ നിർമിച്ചതു പോലെ, തിരുമുക്ക് മുതൽ കെഎസ്ആർടിസി ജംക്ഷൻ വരെ ഫ്ലൈ ഓവർ നിർമിക്കുകയായിരുന്നെങ്കിൽ ഗതാഗത പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമായിരുന്നു.
ഇത്തിക്കര
ഇത്തിക്കരയിലും വഴിയടയുകയാണ്. ആയൂർ, ഓയൂർ ആദിച്ചനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത്തിക്കരിയിൽ എത്തി ദേശീയപാത വഴി കൊല്ലത്തേക്ക് എത്തുകയാണ് ഇപ്പോൾ.
ഇതും തടസ്സപ്പെടും. ഇത്തിക്കരയിൽ നിന്നു യു ടേൺ തിരിഞ്ഞു രണ്ടു കിലോമീറ്റർ ദൂരമുള്ള ചാത്തന്നൂർ ജംക്ഷനിൽ എത്തിയ ശേഷമോ ദേശീയപാതയിൽ കയറാനാവുകയുള്ളു.
ഇതു ബസിന്റെ സമയക്രമം തെറ്റിക്കുന്നതിനു പുറമേ യാത്രക്കാർ വലയുന്നതിനും കാരണമാകും. ഇത്തിക്കരയിൽ അടിപ്പാത ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ, ജനകീയ പ്രതിഷേധ സമിതി എന്നിവർ സമരത്തിലാണ്.
ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്ലാക്കാട് ടിങ്കു ഡൽഹിയിൽ ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉന്നതരെ കണ്ടു നിവേദനം നൽകിയിട്ടുണ്ട്.വയൽ മൂഴിയിൽ അമ്പലത്തറ ഭാഗത്തു നിന്നു ദേശീയപാതയിൽ എത്തുന്ന നിലവിലെ റോഡ് 15 അടിയോളം ഉയർത്തുന്നതിന് എതിരെ ജനകീയ പ്രതിഷേധ സമിതി സമരത്തിലാണ്. റോഡ് ഉയർത്തുന്നതോടെ ഇതിന്റെ വശങ്ങളിലുള്ള ഒട്ടേറെ വീട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
വീടിനേക്കാൾ ഉയരത്തിലാണ് വഴി ഉയർത്തുന്നത്.
പാരിപ്പള്ളി മുക്കട ജംക്ഷൻ
പാരിപ്പള്ളി മുക്കട
ജംക്ഷനിൽ നിന്നു വർക്കല റോഡിലേക്കു തിരിയുന്നതിന് അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് അടിപ്പാത നിർമിക്കുകയുണ്ടായി. എന്നാൽ പ്രതികാരം എന്ന പോലെ, വർക്കല റോഡ് ആരംഭിക്കുന്ന സ്ഥലത്തു നിന്ന് 75 മീറ്റർ അകലെയാണ് അടിപ്പാത നിർമിച്ചത്.
ഉമയനല്ലൂർ ജംക്ഷനിലും ഇരുവശത്തു നിന്നു ദേശീയപാതയിൽ എത്തുന്ന റോഡുകളിൽ നിന്നു മാറ്റിയാണ് അടിപ്പാത നിർമിച്ചത്.
നീണ്ടകര
സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിനു സമീപം കാൽനട യാത്രയ്ക്കുള്ള അടിപ്പാത നിർമിക്കണം എന്ന ആവശ്യത്തിൽ സംയുക്ത സമരസമിതി പ്രക്ഷോഭം തുടരുകയാണ്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഫിഷിങ് ഹാർബർ എന്നിവ സ്ഥിതി ചെയ്യുന്ന ഇവിടെ ദേശീയപാതയ്ക്ക് ഇരുവശത്തും ബസിൽ വന്നിറങ്ങുന്നവർക്കു റോഡിന്റെ മറുവശത്ത് എത്താൻ കിലോമീറ്ററുകൾ നടക്കേണ്ടി വരും.വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും സമരസമിതി ആരോപിക്കുന്നു.
എന്നാൽ ഇവിടെ നിന്നും 300 മീറ്റർ മാറിയാണ് നീണ്ടകര പാലത്തിനോടു ചേർന്ന് നിലവിൽ അടിപ്പാത നിർമിച്ചിരിക്കുന്നത്.
വേട്ടുതറ
നീണ്ടകര, തെക്കുംഭാഗം, തേവലക്കര, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള പ്രധാന റോഡ് തുടങ്ങുന്ന വേട്ടുതറയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സംയുക്ത സമരസമിതി 3 മാസത്തോളം സമരം ചെയ്തു. ഒടുവിൽ ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്നു ഇവിടെ അടിപ്പാത അനുവദിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ അറിയിച്ചതോടെ സമരം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഇവിടെ ദേശീയപാത നിർമാണം അന്തിമഘട്ടത്തിൽ എത്തിയപ്പോഴാണ് അടിപ്പാത ആവശ്യം ശക്തമായത്. സമരം പിൻവലിച്ചെങ്കിലും അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടു ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ലെന്ന് പരാതി നിലനിൽക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

