
തേവലക്കര ∙ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീ സ്വർണവും പതിനായിരം സൗദി റിയാലും കവർന്നതിനു പിടിയിൽ. അഞ്ചൽ വിളക്കുപാറ ഷാജി മൻസിൽ സബീന (39) ആണ് അറസ്റ്റിലായത്.
തേവലക്കര പഞ്ചായത്തംഗം അനസ് യൂസുഫിന്റെ മുള്ളിക്കാല മറവരയ്യത്തു വീട്ടിൽ ഇദ്ദേഹത്തിന്റെ മാതാവിനെ പരിചരിക്കാൻ എത്തിയതായിരുന്നു ഇവർ. 8 മാസത്തിലേറയായി ഇവിടെ ജോലി ചെയ്തു വരുന്നതിനിടെ ഫെബ്രുവരി 3നു സ്വർണവും ജൂണിൽ റിയാലും മോഷ്ടിക്കുകയായിരുന്നു.
അനസിന്റെ സഹോദരന്റെ കുഞ്ഞിന്റെ മുക്കാൽ പവൻ സ്വർണമാല, 2 ഗ്രാം മോതിരം എന്നിവയാണ് ആദ്യം മോഷ്ടിക്കപ്പെട്ടത്.
ഇതിൽ ഇവരെ വീട്ടുകാർ സംശയിച്ചില്ല. എന്നാൽ, അലമാരയിൽ സൂക്ഷിച്ച പതിനായിരം റിയാൽ (ഇന്ത്യൻ രൂപ 2,30,000) പോയതോടെ തെക്കുംഭാഗം പൊലീസിൽ പരാതി നൽകി.
ഇവർ ഇവിടെ ജോലി നോക്കി വരുന്നതിനിടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ മോഷണം പിടിക്കപ്പെടുകയായിരുന്നു.
അഞ്ചൽ ഏരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന സ്വർണവും യുവാവിന്റെ സഹായത്തോടെ മാറിയെടുത്ത റിയാലും കണ്ടെത്തി. ഏജൻസി വഴിയാണ് ഇവർ തേവലക്കരയിലെ വീട്ടിൽ ജോലിക്ക് എത്തിയത്.
പരവൂർ, ഇരവിപുരം എന്നിവിടങ്ങളിൽ സബീനയ്ക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐ എൽ.നിയാസ്, എസ്സിപിഒ വിനീഷ്, സിപിഒമാരായ അൻസിഫ്, ലതിക, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അഞ്ചലിൽ എത്തിച്ചു തെളിവെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]