തെന്മല ഇടമൺ കുന്നുപുറം ഉഷസ് വീട്ടിലെ സുജകുമാരിയുടെ (48) കാർഷിക ജീവിതത്തിൽ ഒരു വരിക്കപ്ലാവ് വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്. തേൻതുളുമ്പുന്ന മധുരത്താൽ ശ്രദ്ധേയമായ ഈ ചക്കയ്ക്ക് ‘ഇടമൺ കൽക്കണ്ട
വരിക്ക’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തതോടെ അതൊരു നാട്ടുവിശേഷമായി മാറിയിരിക്കുകയാണ്. ഏകദേശം 29 വർഷങ്ങൾക്ക് മുൻപാണ് ഈ ചരിത്രം ആരംഭിക്കുന്നത്.
തന്റെ 31 സെന്റ് പുരയിടത്തിൽ വീണു മുളച്ച ചക്കക്കുരുവിൽ നിന്ന് വളർന്നുവന്ന പ്ലാവ് ഇന്ന് കായ്ഫലം കൊണ്ട് സമ്പന്നമാണ്. നവംബറിൽ വിളവെടുപ്പ് തുടങ്ങി ഓഗസ്റ്റ് മാസം വരെ നീണ്ടുനിൽക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
സാധാരണ വരിക്കച്ചക്കകളെ അപേക്ഷിച്ച് കട്ടിയേറിയതും ദീർഘകാലം കേടുപാടുകൾ കൂടാതെ ഇരിക്കുന്നതുമായ ചുളകളാണ് ഇതിന്റേത്. ഈ ചക്കയുടെ സവിശേഷത തിരിച്ചറിഞ്ഞ സുജകുമാരി കൊട്ടാരക്കരയിലെ കാർഷിക വിജ്ഞാന കേന്ദ്രത്തെ സമീപിച്ചതോടെയാണ് കാര്യങ്ങൾ ശാസ്ത്രീയമായി മാറിയത്.
മൂന്ന് വർഷം നീണ്ട നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം കൃഷി ശാസ്ത്രജ്ഞർ ഇതിൽ നിന്ന് നാല് ബഡ് തൈകൾ വികസിപ്പിച്ചെടുത്തു.
ഇതിൽ രണ്ടെണ്ണം പരിസ്ഥിതി ദിനത്തിൽ സുജകുമാരി സ്വന്തം പുരയിടത്തിൽ നട്ടപ്പോൾ, ബാക്കിയുള്ളവ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വളർത്തുന്നു. കൃഷിമേഖലയിൽ 22-ാം വയസ്സു മുതൽ സജീവമായ സുജകുമാരിക്ക് 2022-ൽ തെന്മല കൃഷിഭവന്റെ മികച്ച കർഷക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പോഷകയിനം കാർഷിക വിളകളുടെ വിഭാഗത്തിൽ ജില്ലാതല പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്. 2000 ചതുരശ്ര അടി വിസ്തീർണമുള്ള തന്റെ വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറിക്കൃഷിയും കൂൺ കൃഷിയും സുജകുമാരി വിജയകരമായി നടത്തിവരുന്നു.
കൃഷി വകുപ്പിൽ നിന്ന് കൂടുതൽ പിന്തുണ ലഭിച്ചാൽ ഈ പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനും പച്ചക്കറിക്കൃഷി കൂടുതൽ വിപുലപ്പെടുത്താനും താൽപ്പര്യമുണ്ടെന്ന് സുജകുമാരി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

