
‘പൊതുദർശനം വേണ്ട; സൂര്യൻ അസ്തമിക്കുന്നതിന് മുൻപു സംസ്കരിക്കണം, അതിന് വീട്ടിലെ മാവിന്റെ വിറക് തന്നെ വേണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ‘‘മൃതദേഹം പൊതുദർശനത്തിന് എന്നു പറഞ്ഞു കൊണ്ടു നടക്കരുത്. സൂര്യൻ അസ്തമിക്കുന്നതിന് മുൻപു സംസ്കരിക്കണം. സംസ്കാരത്തിനു ഗ്യാസ് ഉപയോഗിക്കരുത്. വീട്ടിലെ മാവിന്റെ വിറക് തന്നെ വേണം’’– തന്റെ അന്ത്യയാത്രയെക്കുറിച്ചു ശൂരനാട് രാജശേഖരന്റ നിർദേശങ്ങൾ ഇങ്ങനെയായിരുന്നു. ശൂരനാടിന്റെ ഈ നിർദേശങ്ങൾ മൂലം അദ്ദേഹത്തിന്റെ പ്രവർത്തന തട്ടകങ്ങളായിരുന്ന ഡിസിസി ഓഫിസിലോ കൊല്ലം പ്രസ് ക്ലബ്ബിലോ സഹകരണ സ്ഥാപനങ്ങളിലോ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചില്ല. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇന്നലെ ശൂരനാടിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എംഎൽഎ മാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ, മുൻ എംപിമാരായ പീതാംബരക്കുറുപ്പ്, പി.രാജേന്ദ്രൻ, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, സെക്രട്ടറി കുളക്കട രാജു, ഘടകകക്ഷി നേതാക്കളായ നൗഷാദ് യൂനുസ്, വാക്കനാട് രാധാകൃഷ്ണൻ, സഞ്ജീവ് സോമരാജൻ, സിപിഎം ജില്ലാ സെക്രട്ടറി സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം എം.എച്ച് ഷാരിയർ, ജില്ലാ സെക്രട്ടേറിയറ്റംഗം എക്സ്. ഏണസ്റ്റ്, കേരള കോൺഗ്രസ് (എം) നേതാവ് ബെന്നി കക്കാട്, മുൻ എംഎൽഎമാരായ കെ.എസ്.ശബരിനാഥൻ, എഴുകോൺ നാരായണൻ, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി. ജർമിയാസ്, സൂരജ് രവി, നെടുങ്ങോലം രഘു, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, എം.ആർ. തമ്പാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി. രാമഭദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
നെയ്യാറ്റിൻകരയിലെ വിജയത്തിനു പിന്നിൽ
കൊല്ലം ∙ പുന്നപ്ര– വയലാർ സമര ചരിത്രം പ്രധാന ആയുധമാക്കി നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നാണു ശൂരനാട് രാജശേഖരൻ. സിപിഎമ്മിൽ നിന്നു രാജി വച്ച ആർ.ശെൽവരാജ് കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയ 2012 ഉപതിരഞ്ഞെടുപ്പിലാണ് പുന്നപ്ര വയലാർ സമരം ശൂരനാട് ആയുധമാക്കിയത്. തിരുപുറം പഞ്ചായത്തിൽ ആയിരുന്നു ശൂരനാടിനു പ്രവർത്തന ചുമതല. പ്രചാരണത്തിനിടയിൽ, സ്ഥലത്തെ ജീർണിച്ചു തകർന്നു വീഴാറായ വേലായുധ നാടാർ ഗ്രന്ഥശാല ശ്രദ്ധയിൽപെട്ടു. വേലായുധ നാടാർ ആരാണ് എന്നറിയുമോ എന്നു ശൂരനാട്. അറിയില്ലെന്ന് മറ്റുള്ളവർ. ആ ചരിത്രം ശൂരനാട് പറഞ്ഞു.
പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു വേലായുധ നാടാർ. 23 –ാമത്തെ വയസ്സിൽ എസ്ഐ ആയ അദ്ദേഹമാണ് നാടാർ സമുദായത്തിലെ ആദ്യ സബ് ഇൻസ്പെക്ടർ. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുന്നപ്ര വയലാർ സമരം. സ്റ്റേഷൻ കീഴടക്കിയ സമരക്കാർ വാരിക്കുന്തം കൊണ്ടു വേലായുധ നാടാരെ കുത്തിക്കൊന്നു. അന്ന് 26 വയസ്സ് ഉണ്ടായിരുന്ന വേലായുധ നാടാർ വിവാഹം കഴിഞ്ഞു 13–ാമത്തെ ദിവസമാണ് കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച ചരിത്ര പുസ്തകവുമായാണ് അടുത്ത ദിവസം ശൂരനാട് എത്തിയത്. കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടി സംഭവങ്ങൾ വിശദീകരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ യുഡിഎഫ് സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചു ഗ്രന്ഥശാല നവീകരിച്ചു.
അനുസ്മരണ യോഗം നാളെ
കൊല്ലം ∙ ശൂരനാട് രാജശേഖരൻ അനുസ്മരണ യോഗം നാളെ ഉച്ചയ്ക്ക് 3 നു ഡിസിസി ഹാളിൽ നടത്തും. യോഗം എഐസിസി ജന. സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. വിയോഗത്തെത്തുടർന്നു ഡിസിസി യുടെ 3 ദിവസത്തെ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്. ഇന്നലെ പാർട്ടിയുടെ സംസ്ഥാനത്തെ എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.