
പുനലൂർ ∙ കരവാളൂരിൽ നിന്നു നീലാമ്മാൾ വഴി പൊരിയക്കലേക്കു പോകുന്ന റോഡ് സമ്പൂർണമായി തകർന്ന് ഇതുവഴിയുള്ള ഗതാഗതം ദുരിത പൂർണമായി. പുനലൂർ നഗരസഭയെയും കരവാളൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.
കരവാളൂർ ടൗണിൽ നിന്നു വ്യാസ നഗർ, കറുമ്പൻ മുക്ക്, പൊയ്ക മുക്ക്, പൊരിയക്കൽ വഴി കേളങ്കാവിലേക്കും വിളക്കുപാറയിലേക്കും അഷ്ടമംഗലത്തേക്കും പോകാൻ ഉപകരിക്കുന്ന പാതയാണിത്. പീഠിക ഭഗവതി ക്ഷേത്രം മുതൽ നീലാമ്മാൾ വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ അവസ്ഥയാണു പരമദയനീയം.
പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടം നിലം ആയിരുന്നു.
നാട്ടുകാർ ഇടപെട്ട് പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമിച്ചു. പിന്നീട് ഇവിടെ റോഡ് മുഴുവൻ ചെളിക്കെട്ട് ആയി. തുടർന്നു നാട്ടുകാർ പഞ്ചായത്ത് ഓഫിസ് ഉപരോധം അടക്കം നടത്തി.
ഒടുവിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് വശങ്ങൾ കെട്ടി 8 മീറ്റർ വീതിയിൽ റോഡ് നിർമിച്ച് ടാർ ചെയ്തു. എന്നാൽ, ഇവിടെ എപ്പോഴും ഈർപ്പമുള്ള പ്രദേശമായതിനാൽ ടാറിങ് നിലനിൽക്കില്ലെന്നും കോൺക്രീറ്റ് ചെയ്താൽ മാത്രമേ റോഡ് നിലനിൽക്കൂ എന്നും ഇതേപ്പറ്റി അറിയാവുന്നവരും നാട്ടുകാരും പറഞ്ഞെങ്കിലും ആ ദിശയിൽ ഒന്നും മുന്നോട്ടുപോയില്ല.
നിലവിൽ റോഡ് പൂർണമായി തകർന്ന നിലയിലാണ്. പഞ്ചായത്തിലെ 3 വാർഡുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
നീലാമ്മാൾ ഭാഗത്ത് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനു റോഡ് വെട്ടിപ്പൊളിച്ച ഭാഗത്ത് ആകെ കുളമായി കിടക്കുകയാണ്. കരവാളൂർ സൊസൈറ്റി ജംക്ഷനിൽ നിന്നു പൊയ്കമുക്കിലേക്കു പോകുന്ന ഭാഗത്ത് ത്രിവേണി സൂപ്പർ മാർക്കറ്റിനു സമീപത്തും റോഡിന്റെ ഉപരിതലം ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. അടിയന്തരമായി ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു സ്ഥലവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]