
ചവറ∙ ‘അച്ഛന് അബദ്ധം പറ്റിയതായിരിക്കും. ഞാൻ ഇടയിലൂടെ ഓടി നടക്കുന്നതിനിടെയാണ് പൊള്ളലുണ്ടായത്’ – രണ്ടാനച്ഛൻ കാലിൽ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ച മൂന്നാം ക്ലാസുകാരൻ തന്നെ കാണാൻ എത്തിയ മന്ത്രി വി.ശിവൻകുട്ടിയോട് രഹസ്യമായാണ് ഇതു പറഞ്ഞത്.
തെക്കുംഭാഗത്തെ സ്കൂളിൽ നിന്നു കോവൂരിലെ സ്കൂളിലേക്കു മാറണമെന്നും ബന്ധുവായ മാമനൊപ്പം നിൽക്കാനാണ് ഇഷ്ടമെന്നും കുട്ടി പറഞ്ഞു. സ്കൂൾ മാറുന്നത് സംബന്ധിച്ചു നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
കുട്ടിയെ കാണാൻ മൈനാഗപ്പള്ളി കോവൂരിലെ ബന്ധുവീട്ടിൽ എംഎൽഎമാരായ സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സനൽ വെള്ളിമൺ എന്നിവർക്കൊപ്പമാണ് ഇന്നലെ രാവിലെ മന്ത്രി എത്തിയത്.
തേവലക്കര ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ വീടിനു തറക്കല്ലിട്ട ശേഷമാണ് മന്ത്രി ഇവിടെയെത്തിയത്.
കുട്ടികളുടെ സുരക്ഷ, സംരക്ഷണം എന്നിവയിൽ സർക്കാർ ഒരു വിട്ടു വീഴ്ചയും കാണിക്കില്ലെന്നും കുട്ടികളെ ഉപദ്രവിച്ചാൽ എത്ര സ്വാധീനമുള്ളവരായാലും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേസിൽ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാനച്ഛൻ തേവലക്കര പാലയ്ക്കൽ ദിനേശ് ഭവനിൽ കൊച്ചനിയൻ റിമാൻഡിലാണ്. ഈമാസം 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത കുട്ടി ഇപ്പോൾ മാതാവിന്റെ സഹോദരന്റെ സംരക്ഷണയിലാണ്.
എഇഒ ടി.കെ.അനിത, ഐസിഡിഎസ് സൂപ്പർവൈസർ രേഖ ലക്ഷ്മി, പഞ്ചായത്ത് കമ്യൂണിറ്റി ഫെസിലിറ്റേറ്റർ പദ്മിനി, ചൈൽഡ് ലൈൻ പ്രതിനിധി ശ്യാം തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]