കൊല്ലം ∙ പട്ടികജാതി വിഭാഗത്തിന് വസ്തു നൽകിയതിലും പിഎംഎവൈ പദ്ധതിയിൽ വീടു നൽകിയതിലും അഴിമതി നടന്നതായി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. ആരോപണത്തിൽ കഴമ്പുണ്ടെന്നു തോന്നുന്നതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു ഭരണപക്ഷവും ആവശ്യപ്പെട്ടു.
പട്ടികജാതിക്കാർക്ക് വസ്തു വാങ്ങുന്ന പദ്ധതിയിൽ കോർപറേഷനിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിൽ 6 ലക്ഷം രൂപ ചെലവഴിച്ച് 2016ൽ വസ്തു വാങ്ങിയെന്നു കോൺഗ്രസിലെ ജോസഫ് കുരുവിള പറഞ്ഞു.
2002ൽ കോർപറേഷനിലെ സ്ഥിരപ്പെടുത്തിയ ഇടതു സംഘടനയിൽപെട്ട ജീവനക്കാരന്റെ ഭാര്യയുടെ പേരിലാണ് വസ്തു വാങ്ങിയത്.
കോർപറേഷനിൽ നൽകിയ അപേക്ഷ പട്ടികജാതി വകുപ്പിന് കൈമാറുകയായിരുന്നു. ജീവനക്കാരനെ സസ്പെൻഡ് ചെയ്യണെമന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട
കുരുവിള ആധാരത്തിന്റെ പകർപ്പ് മേയർക്കു കൈമാറി. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിരിക്കെയാണ് ജീവനക്കാരൻ ക്രമക്കേടു നടത്തി വസ്തു വാങ്ങിയത്.
തേവള്ളി ഡിവിഷനിൽ 2 നില വീടും വസ്തുവും സ്വന്തമായുള്ളവർക്ക് മറ്റൊരു വാർഡിൽ പിഎംഎവൈ പദ്ധതി പ്രകാരം കോർപറേഷൻ വീടു നൽകിയതായി ബിജെപി കൗൺസിലർ ബി.ഷൈലജ പറഞ്ഞു.
സിപിഎം കുടുംബമാണ് ഇത്. ഇവരിൽ നിന്നു പിഴ ഉൾപ്പെടെ തുക തിരിച്ചു പിടിക്കണമെന്ന് ഷൈലജ പറഞ്ഞു. രണ്ടു വിഷയത്തിലും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നു മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു.
പട്ടികജാതി വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ചാണ് വസ്തു വാങ്ങിയത്.
ഇറങ്ങിപ്പോയി
അനധികൃതമായി നിയമിച്ചവരെ പിരിച്ചു വിടണമെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ആറുമാസം വീതം കാലാവധി നീട്ടി നൽകുക വഴി 10 വർഷമായി തുടരുന്നവരുണ്ടെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു. അർഹതപ്പെട്ടവരെ ഒഴിവാക്കി ആശാ വർക്കർ, അങ്കണവാടി നിയമനങ്ങളെല്ലാം പാർട്ടിക്കാർക്കു വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.
അഷ്ടമുടിക്കായൽ ശുചീകരണത്തിന്റെ കണക്ക് അവതരിപ്പിക്കണം.
കായലിൽ മാലിന്യം നിറയുകയാണെന്ന് ഗിരീഷ് പറഞ്ഞു. പൊതുചർച്ചയ്ക്ക് ശേഷം അജൻഡ പരിഗണിക്കാൻ തുടങ്ങിയപ്പോഴാണ് ടി.ജി.ഗിരീഷ്, ബി.ഷൈലജ, ടി.ആർ.
അഭിലാഷ് എന്നിവർ ഇറങ്ങിപ്പോയത്. ഡപ്യൂട്ടി മേയർ എസ്.ജയൻ, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി.കാട്ടിൽ. എം.പുഷ്പാംഗൻ ജി.ഉദയകുമാർ, കൊല്ലം മധു, ദീപു ഗംഗാധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]