പിന്തുടർന്ന് പൊലീസും എക്സൈസും; കളം വിട്ട് ലഹരി വിൽപനക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ലഹരി വേട്ട കടുപ്പിച്ചതോടെ ജില്ലയിൽ എംഡിഎംഎ വിൽപനയിൽ വലിയ കുറവുണ്ടായെന്ന് പൊലീസ്. ജില്ലയിലേക്ക് വൻതോതിൽ ലഹരി വിൽപന നടത്തി വന്നിരുന്ന സംഘങ്ങളിലും പലരും ജയിലിലാണെന്നും കരുനാഗപ്പള്ളിയിൽ അടുത്തിടെ ഉണ്ടായ കൊലപാതക കേസിൽ ഉൾപ്പെട്ടവരും ജില്ലയിലെ പ്രധാന എംഡിഎംഎ വിൽപനക്കാരാണെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിൽ അടുത്തു നടന്ന റെയ്ഡിൽ 35 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു.
കഴിഞ്ഞ 2 മാസങ്ങളിൽ കേരളത്തിൽ ലഹരി സംഘങ്ങൾക്കെതിരെ പൊലീസും എക്സൈസും റെയ്ഡുകൾ ശക്തമാക്കിയതും കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചതും ലഹരി സംഘങ്ങളുടെ പ്രവർത്തനം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസും എക്സൈസും അവകാശപ്പെടുന്നത്. എൻഡിപിഎസ്(നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റെൻസ് ആക്ട്) കേസിൽ രണ്ടോ അതിലധികമോ തവണ ഉൾപ്പെട്ടാൽ ഇവർക്കെതിരെ പിറ്റ് (പ്രിവൻഷൻ ഒാഫ് ഇല്ലിസിറ്റ് ട്രാഫിക്) –എൻഡിപിഎസ് നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.
ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനു സമാനമാണ് പിറ്റ് എൻഡിപിഎസ് നിയമം. ജില്ലയിൽ ഇത്തരത്തിൽ ഈ അടുത്തായി പലരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം ലഹരി തടയുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ ക്ലാസുകളും ജാഗ്രത അറിയിപ്പുകളും ഇപ്പോഴും സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകൾ, കുറിയർ സർവീസ്, പാഴ്സൽ സർവീസ്, കടലോര ജാഗ്രത സമിതി, സൂനാമി ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട്. ലഹരി സംഘങ്ങളെ കണ്ടെത്താനായി ഒാരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്.
നൈജീരിയൻ സ്വദേശിയുമായി തെളിവെടുപ്പ് നടത്തി
കൊല്ലം∙ ലഹരി വിൽപന കേസിൽ ജയിലിലായിരുന്ന നൈജീരിയൻ സ്വദേശി അഗ്ബെദോ അസൂക്ക സോളമനെ(29) ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. ഫോൺ രേഖകൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം പ്രതിയെ വീണ്ടും ജയിലിലാക്കി. സോളമന്റെ സുഹൃത്തും നൈജീരിയൻ സ്വദേശിയുമായ ഫ്രാൻസിസുമായി നടത്തിയ ചാറ്റിങ് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 27ന് ആണ് സോളമനെ ഇരവിപുരം പൊലീസ് സാഹസികമായി ഡൽഹിയിൽ നിന്ന് പിടികൂടിയത്.
സോളമനെ കൊല്ലത്തെ യുവാക്കൾ പരിചയപ്പെടുന്നതും എംഡിഎംഎ വാങ്ങുന്നതും നൈജീരിയയിലുള്ള ഫ്രാൻസിസ് എന്ന സുഹൃത്തിലൂടെയാണ്. ഫ്രാൻസിസിനെതിരെയും കേസെടുത്തിട്ടുണ്ടെങ്കിലും ഇയാൾ നൈജീരിയയിലായതിനാൽ പിടികൂടാനായിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയ ഉമയനല്ലൂർ, ഇരവിപുരം സ്വദേശികളായ യുവാക്കൾ ഉൾപ്പെടെ ഇപ്പോൾ ജയിലിലാണ്. ഇതോടെ സോളമൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ 9 പേരാണു പ്രതികളായത്.