
സല്യൂട്ട്: വനിതാ എക്സൈസ് ഇൻസ്പെക്ടറായി സേതുലക്ഷ്മി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ വിവാഹശേഷം സേതുലക്ഷ്മിക്ക് പ്രിയം സിവിൽ സർവീസിനോടായിരുന്നു. പത്ത് വർഷം മുൻപ് ആരംഭിച്ച സിവിൽ സർവീസ് പരിശീലനം സേതുലക്ഷ്മിയെ കൊണ്ടെത്തിച്ചിരിക്കുന്നത് ഓപ്പൺ മാർക്കറ്റ് റിക്രൂട്മെന്റ് വഴിയുള്ള കേരളത്തിലെ ആദ്യത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടർ എന്ന പദവിയിലേക്കാണ്. ഇന്നലെ രാവിലെ തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ആത്മവിശ്വാസത്തോടെ ചുവടുകൾ വച്ച് 83 എക്സൈസ് ഇൻസ്പെക്ടർമാർക്കൊപ്പം സേനയിലെത്തിരിക്കുകയാണ് മൈനാഗപ്പള്ളിയിൽ താമസിക്കുന്ന ടി.എസ്.സേതുലക്ഷ്മിയും.
എൻജിനീയർ, എക്സൈസിലേക്ക്
എറണാകുളം എളമക്കര സ്വദേശിയായ സേതുലക്ഷ്മി പഠനശേഷം മുംബൈ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ രണ്ടു വർഷത്തോളം സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്നു. 2014ൽ ആണ് കൊല്ലം മൈനാഗപ്പള്ളി ശ്രീകുലത്തിൽ അഭിലാഷ് സുധാകരനെ വിവാഹം ചെയ്തു കൊല്ലത്തേക്കെത്തുന്നത്. വിവാഹശേഷം സിവിൽ സർവീസ് നേടണമെന്ന പങ്കാളിയുടെയും വീട്ടുകാരുടെയും ആഗ്രഹം പിന്നീടെപ്പോഴോ സ്വന്തം ആഗ്രഹമായി മാറിയെന്ന് സേതുലക്ഷ്മി പറയുന്നു. അങ്ങനെ പരിശീലനം ആരംഭിച്ചു. കൂട്ടത്തിൽ പിഎസ്സി പരീക്ഷകളും എഴുതി.
പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ വിജയിച്ച് പരിശീലനം 6 മാസം പിന്നിട്ടപ്പോഴാണ് എക്സൈസ് ഇൻസ്പെക്ടർ നിയമന ഉത്തരവ് ലഭിച്ചത്. സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് 19–ാം റാങ്കാണ് നേടിയിരുന്നതെങ്കിൽ എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് മൂന്നാം റാങ്ക് സ്വന്തമാക്കാൻ കഴിഞ്ഞു. 2021ൽ സിവിൽ സർവീസ് പരീക്ഷയിൽ അഭിമുഖം വരെയെത്തിയിരുന്നു.
സ്ത്രീപ്രാതിനിധ്യം
പിങ്ക് കോളർ ജോലികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കൂടുതൽ ശക്തമായ പദവികളിലേക്ക് സ്ത്രീകൾ കടന്നു വരണമെന്ന് സേതുലക്ഷ്മി പറയുന്നു. എക്സൈസ് വകുപ്പിലെ മൂന്നാമത്തെ വനിതാ ഇൻസ്പെക്ടറാണ് സേതുലക്ഷ്മി. ഷൊർണൂർ സ്വദേശി ഒ.സജിതയാണ് സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ. പാലക്കാട് സ്വദേശി ശ്രീലതയാണ് രണ്ടാമത് ഈ പദവി നേടിയത്.