
പെരുമൺ ∙ മധ്യഭാഗത്തെ സ്പാനിന്റെ രൂപകൽപനയെച്ചൊല്ലി അനിശ്ചിതത്വത്തിലായ പെരുമൺ – പേഴുംത്തുരുത്ത് പാലം ഉടൻ കൂട്ടിമുട്ടും എന്ന പ്രതീക്ഷയിൽ അധികൃതർ. എം.മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ, കരാർ കമ്പനി അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചയിൽ നിർമാണം പുനരാരംഭിക്കാൻ ധാരണയായി.
മധ്യഭാഗത്തെ സ്പാനിന്റെ ഡിസൈൻ പുതുക്കിയതോടെ എസ്റ്റിമേറ്റ് തുകയിൽ മാറ്റം വന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 2 മാസമായി പ്രവൃത്തി നിലച്ചിരിക്കുകയാണ്.
എസ്റ്റിമേറ്റ് പുതുക്കണമെന്ന കരാർ കമ്പനിയുടെ ആവശ്യം പരിഗണിക്കാമെന്ന് കിഫ്ബി അധികൃതർ ഉറപ്പുനൽകിയതോടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതിയ രൂപരേഖ അടിസ്ഥാനമാക്കി 5 കോടി രൂപ വരെ എസ്റ്റിമേറ്റിൽ വർധിപ്പിക്കണമെന്നാണ് നിർമാണ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പൂർത്തിയാക്കിയ പ്രവർത്തനത്തിന്റെ ബില്ലുകൾ വിവിധ ഘട്ടങ്ങളായി നിർമാണ കമ്പനിക്കു മാറി നൽകിയിരുന്നു.
ബാക്കി വന്ന 5.6 കോടിയുടെ ബിൽ കെആർഎഫ്ബി നൽകാത്തതും നിർമാണത്തെ ബാധിച്ചു.
സെഗ്മന്റ് കൺസ്ട്രക്ഷൻ (ഓരോ ഭാഗങ്ങളായി നിർമിച്ച ശേഷം കൂട്ടി യോജിപ്പിക്കുന്ന) രീതിയിലാണു മധ്യഭാഗം നിർമിക്കുക. 70 മീറ്റർ നീളത്തിലുള്ള മധ്യ ഭാഗത്തെ സ്പാൻ, ഇരുവശങ്ങളിലുമുള്ള 42 മീറ്റർ വീതിയുള്ള 2 സ്പാനുകൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്.
70 മീറ്റർ സ്പാനിന്റെ മധ്യഭാഗത്തെ 9 മീറ്റർ നീളത്തിലുള്ള ഭാഗത്തിന്റെ നിർമാണം മാത്രമാണു പൂർത്തിയായത്. മധ്യഭാഗത്തായി വരുന്ന സ്ലാബുകൾ സ്റ്റീൽ വടങ്ങളിൽ തൂക്കി നിർത്തുന്ന ഡിസൈനാണു പാലത്തിന്.
ഇവ ഉറപ്പിക്കുന്നതിനുള്ള യന്ത്രം ഉൾപ്പെടെയുള്ള പ്രധാന യന്ത്രങ്ങൾ ഇനിയും എത്തേണ്ടതുണ്ട്. ഇവ പ്രവർത്തിപ്പിക്കുന്നതിനു വിദഗ്ധരായ തൊഴിലാളികളെയും ആവശ്യമാണ്.
ഇതെല്ലാം എത്തിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സമീപനപാതകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]