ചാത്തന്നൂർ ∙ വീട് പൂർണമായും തകർന്നു കൽക്കൂനയായി മാറി, അതിൽ നിന്ന് ഒരു കല്ലു പോലും എടുത്തു മാറ്റാൻ ത്രാണിയില്ലാതെ ഭിന്നശേഷിക്കാരായ കുടുംബം. തകർന്ന വീട്ടിൽ പാഴ്ചെടികൾ വളരുമ്പോൾ പഞ്ചായത്തിന്റെ പകൽ വീട്ടിലും വയോധികയായ മാതാവിന്റെ ഒറ്റമുറി വീട്ടിലുമായി 3 അംഗം കുടുംബം ജീവിതം തള്ളിനീക്കുകയാണ്.
ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ ഏറം തെക്ക് ചരുവിള പുത്തൻവീട്ടിൽ മോഹനൻ, ഭാര്യ ഉഷ, മകൾ മോനിഷ എന്നിവരാണു കിടപ്പാടവും വരുമാനവും ഇല്ലാതെ പകൽവീടിന്റെ തണലിൽ കഴിയുന്നത്.
കൈകാലുകൾക്കു സ്വാധീനക്കുറവുള്ള മോഹനന്റെ ഭാര്യയും ഏക മകളും ഭിന്നശേഷിക്കാരാണ്. മോഹനൻ മുൻപു ചായ ക്കടകളിൽ സഹായിയായി പോയിരുന്നെങ്കിലും ശാരീരിക അവശത കൂടിയതോടെ ജോലി നിലച്ചു.
ശോച്യാവസ്ഥയിലായ വീട് കഴിഞ്ഞ മഴക്കാലത്താണു പൂർണമായും തകർന്നത്. ഈ സമയം കുടുംബം പകൽവീട്ടിൽ ആയിരുന്നതിനാൽ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
ഉഷയുടെ മാതാവിനു നാട്ടുകാർ നിർമിച്ചു നൽകിയ ഒറ്റമുറി വീട്ടിലേക്ക് ഇവർ മാറി. ഇവിടെ പരിമിതമായ സൗകര്യമേ ഉള്ളൂ.
വൈദ്യുതിയോ പാചക വാതക കണക്ഷനോ ഇല്ല.
ഒരു വർഷം മുൻപാണു സന്നദ്ധ സംഘടന ശുചിമുറി നിർമിച്ചു നൽകിയത്. ഭിന്നശേഷി കലോത്സവങ്ങളിൽ മോനിഷയ്ക്കു ലഭിച്ച ട്രോഫികൾ തകർന്ന വീടിന്റെ ഭാഗങ്ങളിൽ ചിതറിക്കിടക്കുകയാണ്.
പകൽവീട്ടിൽ നിന്നു രണ്ടു നേരം ഭക്ഷണം ലഭിക്കും. പകൽ അവിടെ തങ്ങാനും കഴിയും.
അവധി ദിവസങ്ങളിൽ പക്ഷേ പ്രതിസന്ധിയാണ്. കൽക്കൂനയായി മാറിയ വീടിന്റെ സ്ഥാനത്ത് ഒരു വീട് ഇവരുടെ സ്വപ്നമാണ്.
സന്മനസ്സ് ഉള്ളവരുടെ കരങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

