കൊല്ലം ∙ മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ച സിപിഎം അംഗമായ ഇടതു നിരീക്ഷകൻ അഡ്വ.ബി.എൻ.ഹസ്കറിനെയടക്കം പരിഹസിച്ചു പോസ്റ്റിട്ട ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനു പാർട്ടിയംഗമായ മറ്റൊരു ഇടതുനിരീക്ഷകന്റെ മറുപടി.
അഡ്വ.പി.എ.പ്രിജിയാണു പോസ്റ്റിട്ടത്. ‘ഇടതുനിരീക്ഷകൻ പദവി രാജി വച്ചിരിക്കുന്നു’ എന്നു പരിഹാസരൂപേണ പറഞ്ഞു ഹസ്കറും രംഗത്തെത്തി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിക്കൊണ്ടുപോയതിനെ വിമർശിച്ച ഹസ്കറിനെ പേരു പറയാതെ ചോദ്യംചെയ്തായിരുന്നു വസീഫിന്റെ പോസ്റ്റ്.
ഇതിനെതിരെയാണു കൊല്ലം എസ്എൻ കോളജിൽ ഹസ്കറിന്റെ സഹപാഠിയായിരുന്ന പ്രിജിയുടെ പ്രതികരണം. പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഹസ്കറും പ്രിജിയും ചാനൽ ചർച്ചകളിലെ സിപിഎം മുഖങ്ങളാണ്.
‘1996 ലെ പാർട്ടി തെറ്റുതിരുത്തൽ രേഖയിൽ, ജനപ്രതിനിധികൾ സർക്കാർ നൽകുന്ന കാറിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുതെന്നു നിഷ്കർഷിച്ചിട്ടുണ്ട്.
പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നതു തിരുത്താൻ പാർട്ടിക്കു കഴിയാതെ പോയതു വല്ലാത്ത കാപട്യമായിപ്പോയി’ എന്നായിരുന്നു ഹസ്കറിന്റെ പരാമർശം.
പിന്നാലെ, സിപിഎം അഭിഭാഷകരുടെ ബ്രാഞ്ച് യോഗം വിളിച്ചു ഹസ്കറിനെ താക്കീത് ചെയ്തു. പാർട്ടിലൈനിൽ നിന്നില്ലെങ്കിൽ ഇടതുനിരീക്ഷകൻ എന്ന പേരിൽ ചർച്ചയിൽ പങ്കെടുക്കരുതെന്നായിരുന്നു നിർദേശം.
തുടർന്നായിരുന്നു വസീഫിന്റെ പോസ്റ്റ്: ‘ആരാണ് ഇടതു നിരീക്ഷകൻ ? ആരാണ് ആ പദവി കൊടുക്കുന്നത് ? നിരീക്ഷകൻ പാർട്ടിക്ക് അകത്താണോ, പുറത്താണോ ? അകത്താണെങ്കിൽ ഏതാണു നിരീക്ഷകന്റെ ഘടകം ? നിരീക്ഷകപദവി കിട്ടാൻ എന്തു ചെയ്യണം ?’. സിപിഎം വക്താവായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനു പിന്നാലെയായിരുന്നു പോസ്റ്റ് എങ്കിലും ഹസ്കറിനുള്ള മറുപടിയായാണു പ്രചരിപ്പിക്കപ്പെട്ടത്.
പ്രിജിയുടെ സമൂഹ മാധ്യമ പോസ്റ്റിൽ നിന്ന്
ഇടതിനെ ന്യായീകരിച്ചു കളയാമെന്നു കരുതി മാധ്യമ ക്ഷണം സ്വീകരിച്ചു പ്രതിഫലം ഇല്ലാതെ ഡിബേറ്റിൽ പങ്കെടുക്കുന്ന, അവതാരകൻ ഉൾപ്പെടെയുള്ള എല്ലാവർക്കും കൊത്തിക്കീറാനായി ഒറ്റയ്ക്ക് ഇരുന്നു കൊടുക്കുന്ന രക്തസാക്ഷിയാണ് ഇടതു നിരീക്ഷകൻ / ഇടതു സഹയാത്രികൻ / ന്യായീകരണ തൊഴിലാളി.
ഇപ്പോൾ അവരുടെ മുന്നിൽ ഉയർത്തപ്പെടുന്ന ചോദ്യങ്ങൾ ഇവയാണ്: കയ്യൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും ജീവൻ ത്യജിച്ചവരും സമരങ്ങളിൽ ത്യാഗം അനുഭവിച്ചവരും പങ്കെടുത്തവരും അകത്താണോ, പുറത്താണോ ?, തൊണ്ട
പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പൊലീസ് മർദനമേറ്റു ചോര തുപ്പിയും ഇടതുപ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിഷ്കാമികളായി സ്വന്തം ജീവിതം സമർപ്പിച്ചവർക്കെല്ലാം ഘടകം ഉണ്ടായിരുന്നോ ?
ഹസ്കറിന്റെ പോസ്റ്റിൽ നിന്ന്
സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ ഇടതു നിരീക്ഷകൻ എന്ന പദവി രാജി വച്ചിരിക്കുന്നു. ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്കു തിരിച്ചടച്ചു.
ഔദ്യോഗിക വാഹനം, ഗൺമാൻ എന്നിവ തിരിച്ചയച്ചു. ഔദ്യോഗിക വസതിയും ഒഴിഞ്ഞു.
ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം രാഷ്ട്രീയ പ്രവർത്തനമാണെന്നു കരുതുന്നതുകൊണ്ടു ഞാൻ ഇനി മുതൽ ‘രാഷ്ട്രീയ നിരീക്ഷകൻ’. പേടിച്ചു പോയെന്നു പറഞ്ഞേക്കൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

