
കൊട്ടാരക്കര∙ പനവേലിയിൽ രണ്ട് സ്ത്രീകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. ഇന്നലെ സംയുക്ത വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന തുടങ്ങി.
കൂടാതെ അപകടം വരുത്തിയ പാഴ്സൽ വാനിലെ ഡ്രൈവർ മൂവാറ്റുപുഴ പിറവം അഞ്ചൽപ്പെട്ടി ഇടയ്ക്കാട്ടിൽ ബി.എൽദോസ്(29), സഹായി മൂവാറ്റുപുഴ രാമമംഗലം കാഞ്ഞിരംകുഴിയിൽ കെ.ചിക്കു(29) എന്നിവരുടെ ഫോൺ രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. സംഭവ സമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് ശ്രമം.
നരഹത്യയ്ക്ക് കേസെടുത്ത് ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഡ്രൈവർ എൽദോസ്, സഹായി ചിക്കു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ദിവസമാണ് എം സി റോഡിൽ പനവേലി ജംക്ഷനിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഴ്സൽ ഡെലിവറി വാൻ പാഞ്ഞ് കയറി പനവേലി നിരപ്പിൽ ഷാൻ ഭവനിൽ സോണിയ(43), മടത്തിയറ ചരുവിള വീട്ടിൽ ശ്രീക്കുട്ടി (27) എന്നിവർ മരിച്ചത്.
പുലർച്ചെ 6.55ന് നടന്ന അപകടത്തിൽ ഒട്ടേറെ അവ്യക്തതകളുണ്ടെന്ന് പൊലീസ് പറയുന്നു. കൊച്ചിയിൽ നിന്ന് പാഴ്സൽ ഉരുപ്പടിയുമായി യാത്ര ആരംഭിച്ച വാൻ ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും അവിടെ നിന്ന് മൂവാറ്റുപുഴയിലേക്കും യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ഉറങ്ങിപ്പോയതാണ് അപകട
കാരണമെന്നാണ് പൊലീസിനോട് അവർ പറഞ്ഞത്. അങ്ങനെയെങ്കിൽ യാത്രക്കാരുടെ ഇടയിലേക്കു പാഞ്ഞു കയറിയ വാൻ ജംക്ഷനിൽ എവിടെയെങ്കിലും ഇടിച്ചു കയറി നിൽക്കുമായിരുന്നു.
എന്നാൽ വാഹനം പെട്ടെന്നു തന്നെ നേരെയാക്കി ഏതാനും മീറ്റർ മുന്നോട്ടെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
ഇതാണ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന് സംശയത്തിലേക്ക് പൊലീസിനെ നയിക്കുന്നത്.
ശ്രീക്കുട്ടിക്ക് അന്ത്യാഞ്ജലി: സോണിയയുടെ സംസ്കാരം ഇന്ന്
കൊട്ടാരക്കര∙ പനവേലി വാഹനാപകടത്തിൽ മരിച്ച ശ്രീക്കുട്ടിക്ക് നാടിന്റെ അന്ത്യാഞ്ജലി. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ അടുത്ത ബന്ധുവിന്റെ വീട്ടു വളപ്പിൽ സംസ്കരിച്ചു.
നിർധനകുടുംബാംഗമായ ശ്രീക്കുട്ടി കുടിലിലായിരുന്നു താമസം. വെട്ടിക്കവല പഞ്ചായത്തിൽ നിന്ന് വീടിന് തുക ലഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
ഇതേ അപകടത്തിൽ മരിച്ച സോണിയയുടെ സംസ്കാരം ഇന്ന് 2ന് പനവേലി സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും.
പനവേലി ജംക്ഷനിലെ കൈവരി മുറിച്ചു മാറ്റും
കൊട്ടാരക്കര∙പനവേലി ജംക്ഷനിൽ ബസ് സ്റ്റോപ്പിന് മുന്നിലെ നടപ്പാതയിലെ 3 മീറ്ററോളം കൈവരി മുറിച്ചു മാറ്റാൻ തീരുമാനം. ഇന്നലെ നടന്ന സംയുക്ത പരിശോധനയിലാണ് തീരുമാനം.
പാഴ്സൽ വാൻ പാഞ്ഞടുത്തപ്പോൾ നടപ്പാതയിലേക്ക് ഓടിക്കയറാൻ അപകടത്തിൽപെട്ട സോണിയയ്ക്കും ശ്രീക്കുട്ടിക്കും കഴിയാതിരുന്നത് കൈവരി കാരണമാണ്.
കൂടാതെ പനവേലി പെട്രോൾ പമ്പ് മുതൽ ബസ് സ്റ്റോപ് വരെയുള്ള ഭാഗങ്ങളിലെ വാഹന പാർക്കിങ് ഒഴിവാക്കാനും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കാനും തീരുമാനിച്ചു.
എംസി റോഡിൽ സീബ്ര ലൈനിൽ നിന്നു നടപ്പാതയിലേക്ക് കയറുന്ന പല ഭാഗങ്ങളിലും കൈവരികളുണ്ടെന്ന പരാതി പരിശോധിക്കാൻ കെഎസ്ടിപിയെ ചുമതലപ്പെടുത്തി. കൊട്ടാരക്കര ജോയിന്റ് ആർടിഒ എസ്.സന്തോഷ്കുമാർ, കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ, കെഎസ്ടിപി അസി.എക്സി എൻജിനീയർ എ.സുനിത, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.ബിജു, ആർ.പി.ബിജു എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]