
ഹോട്ടലിലും പൊലീസ് സ്റ്റേഷനിലും ബഹളം: വിനായകനെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പൊതു സ്ഥലത്തും മദ്യപിച്ചു പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകനെതിരെ കേസ്. കസ്റ്റഡിയിലെടുത്ത വിനായകൻ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിലും ബഹളം വച്ചു. പിഴ ചുമത്താവുന്ന കുറ്റത്തിന് വിനായകനെ പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. പ്രിൻസ് ജോയുടെ സംവിധാനത്തിൽ മിഥുൻ മാനുവൽ തോമസ് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് വിനായകൻ കൊല്ലത്ത് എത്തിയത്. , ജയസൂര്യയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചവറയിൽ ഒരാഴ്ചയായി തുടരുകയായിരുന്നു. ഇന്നലെ ഷൂട്ടിങ് പൂർത്തിയായതോടെ ജയസൂര്യ രാവിലെ മടങ്ങി. ഉച്ചയോടെ മടങ്ങാനിരുന്ന വിനായകൻ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോഴാണ് പ്രശ്നമുണ്ടായത്.
സിനിമയുടെ ബാക്കിയുള്ള ഷൂട്ടിങ് ഇന്ന് എറണാകുളത്തു ആരംഭിക്കേണ്ടതാണ്. കഴിഞ്ഞ 2 ദിവസങ്ങളായി വിനായകൻ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് ആരോപണം. ഹോട്ടൽ ജീവനക്കാരോടു മോശമായി പെരുമാറുകയും ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് പൊലീസ് എത്തിയത്. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയെങ്കിലും വിനായകൻ സഹകരിച്ചില്ല. ഉച്ചയ്ക്ക് 3 മണിയോടെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തിച്ച വിനായകൻ അവിടെയും ബഹളം തുടർന്നു. ഹോട്ടലിൽ നിന്ന് തന്നെ ഇടിച്ചു തള്ളിയിട്ടെന്നും ആ ആളെ കൊണ്ടുവരാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങില്ലെന്നും തന്നെ എന്തിന് ഇവിടെ കൊണ്ടുവന്നു എന്നെല്ലാം ചോദിച്ചാണ് ബഹളം വച്ചത്. ഇതോടെ പൊലീസ് സ്റ്റേഷൻ പരിസരത്ത് ആളുകൾ കൂടി.
വൈകിട്ട് 5 മണിയോടെ വിനായകനെ പൊലീസ് അനുനയിപ്പിച്ചു വിട്ടയച്ചു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും സ്റ്റേഷനിൽ വച്ചും വനിതാ പൊലീസ് ഉദ്യോഗസ്ഥരോടും വിനായകൻ മോശമായി സംസാരിച്ചുവെന്നും ആരോപണമുണ്ട്. അതേ സമയം തന്നോടും തന്റെ മാനേജരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ഹോട്ടൽ ജീവനക്കാർ മർദിച്ചെന്ന് വിനായകൻ ആരോപിച്ചു. മുൻപ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും വിനായകൻ സമാനമായി ബഹളം വച്ചത് വിവാദമായിരുന്നു.