കൊല്ലം ∙ ആനയേക്കാൾ മൂന്നിരട്ടി പൊക്കമുണ്ട് ഉത്സവകാലത്തു മാത്രം പുറത്തിറങ്ങുന്ന ഈ കുതിരയ്ക്ക്. പട
ജയിച്ചു വരുന്ന നായകനെ പോലെ മുഖത്തു വീരരസം. അതിനു നിറങ്ങളുടെ ചന്തം.
കൊമ്പു പോലെ ഉയർന്നു നിൽക്കുന്ന ചെവികൾ. ഉന്തിയ കണ്ണും വിടർന്ന നാസാരന്ധ്രവും.
പിന്നെ വലിയ മാലകൾ, ദേവരൂപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ അലങ്കാരങ്ങൾ. 20 അടി വരെ വീതിയിൽ വീഥി നിറഞ്ഞുള്ള വരവ്.
കൊല്ലത്തിന്റെ പ്രൗഢിയും അലങ്കാരവുമാണ് വണ്ടിക്കുതിരകൾ.
മുൻപ് വണ്ടിക്കുതിര ആയിരുന്നു ഉത്സവങ്ങളിലെ കെട്ടുകാഴ്ച. ഇരുപതോളം വണ്ടിക്കുതിരകൾ എഴുന്നള്ളി വരുന്ന ഉത്സവങ്ങൾ ഏറെയുണ്ടായിരുന്നു.
ഫ്ലോട്ടുകളും ഗജവീരന്മാരും ‘കെട്ടുകാഴ്ച’യായി മാറിയതോടെയാണ് വണ്ടിക്കുതിരകളുടെ പ്രൗഢി മങ്ങിയത്. തടിച്ചട്ടത്തിൽ വയ്ക്കോലും വാഴക്കരിയിലയും വരിഞ്ഞുകെട്ടിയാണ് ആകാരവടിവ് ഒരുക്കുന്നത്.
നാട്ടിൽ നിന്നു കൊയ്തെടുക്കുന്ന നീളമുള്ള വയ്ക്കോൽ തന്നെ ഇതിനു വേണം. വലിയ 10 കെട്ട് വയ്ക്കോൽ ഒരു കുതിര നിർമാണത്തിനു വേണ്ടിവരും.
കെട്ടിയൊരുക്ക് കഴിഞ്ഞാൽ ചണച്ചാക്ക് കൊണ്ട് ചർമം ഒരുക്കും.
അലങ്കാരങ്ങൾ അണിയിക്കുന്നത് ഉത്സവ സ്ഥലത്ത് എത്തിച്ച ശേഷം. തലേന്നു രാത്രി തന്നെ ഉത്സവ സ്ഥലത്ത് എത്തും.
പണ്ടു കാളവണ്ടിയിൽ കെട്ടിവലിച്ചായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോൾ വലിയ വാഹനങ്ങളിലാണ് കുതിരയാത്ര.
ഉടലിൽ പല നിറത്തിലെ തുണി പൊതിയും. ശിരസ്സിന് ഇരുവശവും കൂറ്റൻ വർണമാലകൾ, മുന്നിൽ വിവിധ തട്ടുകളിൽ ദേവരൂപങ്ങൾ… അഞ്ച് അടിയോളം വലിപ്പമുള്ള ശിരസ്സും അതിനു മുകളിൽ ചെവിയും ഉറപ്പിക്കുമ്പോൾ 20–25 അടി പൊക്കമുണ്ടാകും.
തലപ്പൊക്ക മത്സരമുള്ള ക്ഷേത്രങ്ങളിൽ പ്രഭാവലയവും ചേർത്ത് 30 അടി വരെയാകും ഉയരം.
വടത്തിൽ വലിച്ചാണ് കുതിരയെ കൊണ്ടുപോകുന്നത്. മരച്ചക്രം തിരിച്ചു കുതിരയെ നിയന്ത്രിക്കാൻ പരിചയ സമ്പന്നരുണ്ടാകും.മറ്റു കെട്ടുകാഴ്ചകൾ വന്നതോടെ കുതിരയുടെ കാലം കഴിഞ്ഞെന്നു കരുതിയവർക്ക് തെറ്റി.
വണ്ടിക്കുതിര തിരിച്ചുവരവിന്റെ ചക്രം ഉരുട്ടുകയാണ്. തടിയിൽ ആയിരുന്നു അഞ്ച് അടിവരെ പൊക്കമുള്ള തല കൊത്തിയെടുത്തിരുന്നതെങ്കിൽ അതു ഫൈബറിലേക്കു മാറി.
നിർമാണ ചെലവു കുറഞ്ഞതു മാത്രമല്ല, ഭാരം കുറവായതിനാൽ ഉയർത്തി ഉടലിൽ ഉറപ്പിക്കാനും എളുപ്പം. അലങ്കാരങ്ങളിൽ എൽഇഡി ബൾബുകളും പാട്ടുവണ്ടിയും ഒക്കെ ചേർന്നു പുതിയ കാലത്തേക്കു ചക്രം ഉരുട്ടുകയാണ് വണ്ടിക്കുതിര.
“ഓരോ വർഷവും പുതിയ വയ്ക്കോൽ കൊണ്ടാണ് കുതിരയെ ഒരുക്കുന്നത്.
2 ലക്ഷം രൂപ വേണ്ടിവരും കുതിരയെ ഒരുക്കാൻ. ഉത്സവസ്ഥലത്ത് കൊണ്ടുപോകാനും കെട്ടിയൊരുക്കാനും 6 തൊഴിലാളികൾ വേണം.
അപ്പൂപ്പൻ നീലകണ്ഠ പിള്ളയുടെ പിതാവിന്റെ കാലം മുതൽ വണ്ടിക്കുതിരയുണ്ട്. ഒരു പാഷനായി കൊണ്ടു നടക്കുകയാണ്.
വടം പിടിക്കാൻ ആളില്ലെങ്കിൽ വണ്ടിയിൽ കെട്ടിവലിക്കുന്നത് ഉൾപ്പെടെ കാലത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്തുന്നുണ്ട്.”
മനു ടി.പിള്ള തട്ടാർകോണം, കൊറ്റങ്കര (വണ്ടിക്കുതിര ഉടമ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

