കൊല്ലം ∙ ദേശീയപാത–66 ഇടിഞ്ഞു താഴ്ന്ന മൈലക്കാട്ട് സർവീസ് റോഡിലെ ഗതാഗതം ഇന്ന് പുനരാരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം സ്ഥലത്ത് പരിശോധന നടത്തും.
തുടർന്നു ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും സ്ഥലം സന്ദർശിച്ചേക്കും. പാലക്കാട് ഐഐടി, കാൻപുർ ഐഐടി എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു ദേശീയപാത അതോറിറ്റിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്
ഇന്നു രാവിലെ 9ന് സർവീസ് റോഡിലൂടെ ഗതാഗതം പുനരാരംഭിക്കാനാണു നീക്കം.
സർവീസ് റോഡിൽ കൈത്തോടിനു കലുങ്ക് പുനർനിർമിച്ചു. കോൺക്രീറ്റ് പെട്ടികൾ നിരത്തിയാണ് താൽക്കാലിക നിർമാണം നടത്തിയത്.
ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത ശേഷം, നീരൊഴുക്കു സുഗമമാക്കുന്നതിന് പൂർണമായി കലുങ്ക് പുനർനിർമിക്കാനാണു തീരുമാനം.
തകർന്ന പാതയിലെ മണ്ണു നീക്കം ചെയ്യുന്ന ജോലി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കരാർ കമ്പനിയുടെ മുഴുവൻ തൊഴിലാളികളെയും ഉപകരണങ്ങളും ഇതിനായി വിന്യസിച്ചിട്ടുണ്ട്. ചാത്തന്നൂരിൽ നിന്നു കൊട്ടിയം ജലസംഭരണിയിലേക്കു കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്നു കൊട്ടിയം, മയ്യനാട്, ഇരവിപുരം, തീരദേശം എന്നിവിടങ്ങളിൽ ജല വിതരണം മുടങ്ങിയിരിക്കുകയാണ്.
പ്രധാന പൈപ്പ് ലൈൻ താൽക്കാലികമായി പുനഃസ്ഥാപിക്കുന്ന ജോലി രാത്രി വൈകിയും തുടരുകയാണ്.
വയലിൽ കൂടിയാണ് താൽക്കാലിക ലൈൻ സ്ഥാപിക്കുന്നത്. തകർന്ന റോഡിന്റെ അലൈൻമെന്റ് പൂർത്തിയാകുമ്പോൾ പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കും.
കൊട്ടിയം സംഭരണിയിലേക്ക് ഇന്നു രാവിലെ മുതൽ വെള്ളം എത്തിക്കാൻ കഴിയും. എന്നാൽ ഇന്നു വൈകിട്ടോ നാളെയോ മാത്രമേ ജലവിതരണം തുടങ്ങാൻ കഴിയുകയുള്ളൂ.
കൊട്ടിയത്തു നിന്നു ആദിച്ചനല്ലൂരിലക്കുള്ള 33 കെവി ഭൂഗർഭ വൈദ്യുതി കേബിൾ പുനഃസ്ഥാപിക്കാൻ രണ്ടു ദിവസം കൂടി വൈകുമെന്നാണ് സൂചന. കൂടിയ അളവിൽ വൈദ്യുതി കടന്നു പോകുന്ന കേബിളുകൾ എത്തിക്കാൻ കരാർ കമ്പനിക്കാർ രണ്ടു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്.
ഫൊട്ടോഗ്രഫർമാർക്കും വിലക്ക്
അപകട
സ്ഥലത്തേക്കു നാട്ടുകാർക്ക് വിലക്ക് ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണു വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാൽ മണ്ണിനു പകരം കായലിലെ ചേറ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ളവ നാട്ടുകാർ കാണാതിരിക്കാൻ വേണ്ടിയാണു വിലക്കെന്ന ആരോപണവും ഉയരുന്നുണ്ട്.
സംഭവ സ്ഥലത്തിന്റെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഫൊട്ടോഗ്രഫർമാർക്കു നേരെ സൈറ്റ് സൂപ്പർവൈസർ ആക്രോശിച്ചതായും പരാതിയുണ്ട്. ‘ഗെറ്റൗട്ട്’ എന്നു പറഞ്ഞ് ഇവർക്കു നേരെ പാഞ്ഞടുത്തെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

