
കൊല്ലം∙ വീടിനുള്ളിൽ കുട്ടിയെയും കളിപ്പിച്ചിരുന്ന പ്രൈമറി സ്കൂൾ അധ്യാപകനെ മാരകായുധങ്ങളുമായി എത്തിയ യുവാവു വെട്ടിപ്പരുക്കേൽപ്പിച്ചു. ഭാര്യയുടെ മുന്നിൽ വച്ചാണ് അധ്യാപകന്റെ മുഖത്തു വെട്ടിപ്പരുക്കേൽപ്പിച്ചത്.
അക്രമം തടയാൻ ശ്രമിച്ച അധ്യാപകന്റെ ഭാര്യയ്ക്കു മർദനമേറ്റു. പാട്ടത്തിൽക്കാവിന് സമീപം വാടകയ്ക്കു താമസിക്കുന്ന കസ്മീറിനാണ്(38) വെട്ടേറ്റത്.
ആക്രമണത്തിൽ അധ്യാപകന്റെ മേൽച്ചുണ്ടിനു സാരമായി പരുക്കേറ്റു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച അധ്യാപകനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അക്രമം.
ഭാര്യയും കുട്ടിയുമായി വീടിനുള്ളിൽ ഇരിക്കുകയായിരുന്നു അധ്യാപകനു നേരെ യുവാവ് വാൾ വീശി. തടയുന്നതിനിടെയാണ് ഭാര്യയ്ക്കു പരുക്കേറ്റത്.
തുടർന്ന് ഇയാൾ ഒളിപ്പിച്ചിരുന്ന കത്തി കൊണ്ട് മുഖത്ത് വെട്ടുകയായിരുന്നു. കത്തി കൊണ്ട് അധ്യാപകന്റെ മേൽച്ചുണ്ട് മുറിഞ്ഞു.
അക്രമത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു.
ആക്രമണം നടത്തിയ യുവാവിനെ അധ്യാപകന് കണ്ട് മാത്രമേ പരിചയമുള്ളു എന്നാണു പറയുന്നത്. അക്രമത്തിന്റെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.
ഇരവിപുരം പൊലീസ് കേസെടുത്തു. മനു റൊണാൾഡ് എന്ന യുവാവാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇതേ വീട്ടിൽ മുൻപ് താമസിച്ചിരുന്നവരെയും ഇയാൾ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്ര പരിസരത്ത് ഭീഷണിയുമായി ലഹരിസംഘം
കൊല്ലം∙ലഹരി സംഘം ക്ഷേത്ര പരിസരത്തു അതിക്രമിച്ചു കയറി ഭാഗവതപാരായണം നടത്തിയവരെ ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിച്ചതായും പരാതി. അയത്തിൽ അപ്സര ജംക്ഷൻ അപ്പൂപ്പൻ കാവ് മഹാദേവ ക്ഷേത്രത്തിലാണു സംഭവം.
ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയ നാലംഗ സംഘം ഭാഗവതപാരായണം നടത്തുകയായിരുന്ന സ്ത്രീയെയും പുരുഷനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുതയായിരുന്നു. പിന്നീട് സമീപത്തെ മൈതാനത്തു കളിക്കുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
ക്ഷേത്രത്തിന് സമീപത്തു ലഹരി സംഘങ്ങൾ തമ്പടിക്കുന്നത് പതിവാണെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ഇതെപ്പറ്റി ഈസ്റ്റ് പൊലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.
മറ്റു സ്ഥലങ്ങളിൽ നിന്നു ഒട്ടേറെ യുവാക്കൾ ഇവിടെ എത്താറുണ്ട്. ചോദ്യം ചെയ്താൽ ആക്രമിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]