
ശബരി എക്സ്പ്രസിന്റെ സമയക്രമം വലയ്ക്കുന്നു; സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം. മെമു ഉൾപ്പെടെയുള്ള പാസഞ്ചർ ട്രെയിനുകൾക്ക് കായംകുളത്തു നിന്നു കൊല്ലം വരെ എത്താൻ മുക്കാൽ മണിക്കൂർ മാത്രം മതിയെന്നിരിക്കെ ശബരിക്ക് ഈ ദൂരം താണ്ടാൻ ഒരു മണിക്കൂർ 24 മിനിറ്റാണ് അനുവദിക്കുന്നത്. കായംകുളത്ത് ഉച്ചയ്ക്ക് 2.38ന് എത്തിച്ചേരുന്ന ശബരി എക്സ്പ്രസ് 4.02നാണ് കൊല്ലത്ത് എത്തേണ്ടത്. സമയത്ത് കായംകുളത്ത് എത്തിയാലും ഇഴഞ്ഞും തിരിഞ്ഞും മിക്ക സ്റ്റേഷനുകളിൽ നിർത്തിയും നാലു മണിയോടെ കൊല്ലത്ത് എത്തിച്ചേരും. ശബരി എക്സ്പ്രസിന്റെ അശാസ്ത്രീയ സമയക്രമം തിരുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.കായംകുളം ഉൾപ്പെടെയുള്ള മറ്റു സ്റ്റേഷനുകളിലെ ശബരി എക്സ്പ്രസിന്റെ സമയക്രമം ഒരു വർഷത്തിനിടെ മാറ്റിയെങ്കിലും കൊല്ലത്ത് എത്തിച്ചേരുന്ന സമയത്തിൽ മാറ്റം വരുത്തിയില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലെന്നാണ് റെയിൽവേ അധികൃതർ നിരത്തുന്ന ന്യായങ്ങളിലൊന്ന്. നേരത്തെ കായംകുളത്ത് എത്തിയാലും കൊല്ലം സ്റ്റേഷനു അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു പിടിച്ചിടുന്നതാണ് പതിവ്. കൊല്ലത്തു നിന്നു ശബരി എക്സ്പ്രസ് തിരുവനന്തപുരത്ത് എത്താൻ 2 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.
ട്രെയിനിന്റെ വേഗം കൂട്ടി സമയക്രമത്തിൽ മാറ്റം വരുത്തിയെങ്കിലും പാലക്കാടിനു ശേഷമുള്ള സ്റ്റേഷനുകളിൽ 10 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകിയാണ് ശബരി എത്തുന്നത്. മറ്റു ട്രെയിനുകള് കൃത്യ സമയത്ത് എത്തുമ്പോൾ ശബരി മാത്രം വൈകുന്നതും യാത്രക്കാർ ചോദ്യം ചെയ്യുന്നു. ഇന്നലെ ശബരി എക്സ്പ്രസ് 48 മിനിറ്റ് വൈകിയാണ് കായംകുളത്ത് എത്തിയത് – അതായത് 3.26ന്. കൊല്ലത്ത് 4.12ന് എത്തി, വൈകിയത് 11 മിനിറ്റ് മാത്രം. കാരണം കായംകുളത്തു നിന്നും കൊല്ലത്ത് എത്താൻ ഈ ട്രെയിനിന് 1 മണിക്കൂർ 24 മിനിറ്റ് സമയമുണ്ട്. തിരുവനന്തപുരത്തു നിന്നും സെക്കന്തരാബാദിലേക്കുള്ള ശബരി എക്സ്പ്രസിന് കൊല്ലത്തു നിന്ന് കായംകുളം വരെ എത്താൻ മുക്കാൽ മണിക്കൂർ മാത്രം മതി. സാധാരണ ട്രെയിനിന്റെ സമയക്രമമാണിത്. സമയക്രമത്തിൽ മാറ്റം വരുത്തി അശാസ്ത്രീയത പരിഹരിക്കണമെന്ന് ഈ ട്രെയിനിലെ യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
ശബരി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ സമയക്രമം:
∙ ശബരി എക്സ്പ്രസ്
കായംകുളം: ഉച്ചയ്ക്ക് 2.38
കൊല്ലം: വൈകുന്നേരം 4.02
∙ കേരള എക്സ്പ്രസ്:
കായംകുളം: വൈകിട്ട് 7.18
കൊല്ലം: വൈകിട്ട് 8.02
∙ മലബാർ എക്സ്പ്രസ്
കായംകുളം: രാവിലെ 5.35
കൊല്ലം: രാവിലെ 6.22
∙ എറണാകുളം–കൊല്ലം മെമു
കായംകുളം: രാവിലെ 8.40
കൊല്ലം: രാവിലെ 9.25