കൊല്ലം ∙ വർഷങ്ങളായി അടച്ചു പൂട്ടിക്കിടന്നിരുന്ന തങ്ങൾ കുഞ്ഞ് മുസല്യാർ പാർക്ക് തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്നു. പൊതുജനങ്ങൾക്കു തുറന്നു നൽകുന്നതിന്റെ ഭാഗമായി പാർക്ക് വൃത്തിയാക്കിത്തുടങ്ങി.
രണ്ടാഴ്ചയ്ക്കകം തുറന്നു നൽകും. 2 മാസത്തിനുള്ളിൽ സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തി പൂർണമായി തുറന്നു നൽകും.
ഓപ്പൺ ജിംനേഷ്യമാണ് ആദ്യം തുറന്നു നൽകുക. നിലവിൽ ഓപ്പൺ ജിംനേഷ്യത്തിന് ആവശ്യമായ തറ സൗകര്യം ഒരുക്കുകയാണ്.
ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കാട് മൂടിക്കിടന്നിരുന്ന പാർക്ക് ഇതിനോടകം വൃത്തിയാക്കിയിട്ടുണ്ട്.
പാർക്കിലാകെ ചെടികളും പൂക്കളും നട്ടുപിടിപ്പിക്കും.
ഇരിപ്പിടങ്ങൾ, വ്യത്യസ്ത തരം ലൈറ്റുകൾ, സൈക്കിൾ പാത, കഫ്തീരിയ, ജ്യൂസ് കടകൾ തുടങ്ങിയവ സജ്ജീകരിക്കും. 24 മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാർക്കിനു 3 പ്രവേശന കവാടങ്ങളാണ് ഉണ്ടാവുക.
ആശ്രാമത്തു നടക്കാനും ഓടാനുമെത്തുന്നവർക്കു നേരിട്ട് പ്രവേശിക്കാനായി ഓപ്പൺ ജിമ്മിന്റെ അടുത്തു തന്നെ ഒരു പ്രവേശന കവാടം ഒരുക്കും. ദിനംപ്രതി ആശ്രാമം മൈതാനത്തെത്തുന്ന നൂറുകണക്കിന് ആളുകളെ പാർക്കിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആശ്രാമം മൈതാനത്തിന് അഭിമുഖമായും ലിങ്ക് റോഡിന് അഭിമുഖമായുമുള്ള കവാടങ്ങൾക്കു പുറമേ കൊല്ലം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓഫിസ് ഭാഗത്തിലൂടെയും ഒരു കവാടമുണ്ട്.
ഇരു ഭാഗങ്ങളും തമ്മിൽ ചെറുമതിൽ കെട്ടി തിരിച്ചിട്ടുണ്ട്. ഇതിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓഫിസ് ഭാഗത്തായാണ് ഓപ്പൺ ജിം വരുന്നത്.
സ്ത്രീ സൗഹൃദ പാർക്ക് എന്ന പേരിൽ ഏറെ ആഘോഷിച്ചാണു തങ്ങൾ കുഞ്ഞു മുസല്യാർ പാർക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ പല കാരണങ്ങളിൽ തട്ടി പാർക്ക് ഏറെ കാലവും അടഞ്ഞു കിടന്നു.
പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പാർക്കു തുറന്നു നൽകുമെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് തുറക്കുന്നത് എന്നതിനാൽ വീണ്ടും അടക്കും.
നഗരമധ്യത്തിലെ പാർക്ക് കാടു മൂടി തുറന്നു നൽകാതെ കിടക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. വിശ്രമിക്കാനും നടക്കാനും കുറച്ചു സമയം സംസാരിക്കാനുമായി എത്തുന്നവരുടെ നഗരത്തിലെ പ്രിയപ്പെട്ട
ഇടങ്ങളിലൊന്നാണ് ആശ്രാമം. അറ്റകുറ്റപ്പണി നടത്തി പാർക്ക് തുറന്നു നൽകുന്നതോടെ നഗരത്തിലെ പൂട്ടിയിടപ്പെട്ട
പാർക്കുകളിൽ നിന്നു തങ്ങൾ കുഞ്ഞ് മുസല്യാർ പാർക്കിനു മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

