കൊല്ലം ∙ ജില്ലയിൽ ആർഇ പാനൽ സ്ഥാപിച്ചു മണ്ണിട്ട് ഉയർത്തി ദേശീയപാത നിർമിക്കുന്ന എല്ലാ സ്ഥലങ്ങളിലും മണ്ണിന്റെ ഘടന പരിശോധിക്കാൻ നിർദേശം. ദേശീയപാത അതോറിറ്റിയുടെ ടെക്നിക്കൽ അംഗം ജി.വി.റാവുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് നിർദേശം നൽകിയത്.
ഐഐടിയിലെ വിദഗ്ധർ അടങ്ങുന്ന മറ്റൊരു സംഘം കൂടി പരിശോധനയ്ക്ക് എത്തും
നിർമാണത്തിനിടെ ദേശീയപാത തകർന്ന മൈലക്കാട്, ഉയരപ്പാതകളുള്ള പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ഉമയനല്ലൂർ, മേവറം കല്ലുംതാഴം, കടവൂർ തുടങ്ങിയ എല്ലാ സ്ഥലങ്ങളും സംഘം പരിശോധിച്ചു. തുടർന്നാണ്, ആർഇ പാനൽ ഉപയോഗിച്ചു നിർമിച്ച സ്ഥലങ്ങളിൽ ഇരുവശവും മണ്ണിന്റെ ഘടന പരിശോധിക്കാൻ നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന തുടങ്ങി. ഇതിന്റെ ഫലം കൂടി അറിഞ്ഞ ശേഷമായിരിക്കും വയഡക്ട്, ഫ്ലൈഓവർ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത്.
ഐഐടികളിൽ നിന്നുള്ള നാലംഗ വിദഗ്ധ സംഘവും എത്തും.
കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതോടൊപ്പമാണ് ജില്ലയിലും എത്തുന്നത്. അതേ സമയം ജില്ലയിൽ മിക്കയിടത്തും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു ഉയരപ്പാത നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.
ഇന്നലെ കല്ലുംതാഴം ജംക്ഷനിൽ നിർമാണം നടത്താൻ ശ്രമിച്ചെങ്കിലും ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു.
കല്ലുംതാഴത്ത് ആർഇ പാനൽ പുറത്തേക്ക് തള്ളിയ നിലയിൽ
കൊല്ലം∙ ജില്ലയിൽ ഏറ്റവും ഉയരത്തിൽ മൺപാത നിർമിക്കുന്ന കല്ലുതാഴം ജംക്ഷന് സമീപം അപകട ഭീഷണി ഉയർത്തി ആർഇ പാനൽ പുറത്തേക്ക് തെന്നിമാറിയ നിലയിൽ.
കൊപ്പാറ മുക്കിന് സമീപം കല്ലുതാഴം – മങ്ങാട് സർവീസ് റോഡിന്റെ പാർശ്വഭാഗത്താണ് പാനൽ പുറത്തേക്ക് തള്ളിയത്. എതിർഭാഗത്ത്, കടവൂർ – കല്ലുംതാഴം സർവീസ് റോഡിന്റെ പാർശ്വഭാഗത്ത് വിണ്ടുകീറിയ ആർഇ പാനൽ സിമന്റ് പൂശി അടച്ച നിലയിലാണ്.
കഴിഞ്ഞ ദിവസമാണ് പാനൽ പുറത്തേക്ക് തള്ളിയ നിലയിൽ കാണപ്പെട്ടത്. ഇവിടെ ഇരുവശവും ചതുപ്പു മേഖലയാണ്.
മൂന്നാംകുറ്റി മുതലുള്ള മഴവെള്ളം കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ റോഡ് വഴി ഒഴുകി കെട്ടിനിൽക്കുന്ന ഇതിന്റെ എതിർവശത്തുള്ള ചതുപ്പിലാണ് കലുങ്ക് നിർമിച്ചതെങ്കിലും ഇരുവശത്തും മണ്ണ് മൂടിക്കിടക്കുന്നതിനാൽ വെള്ളം ഒഴുകി പ്പോകാൻ കഴിയുന്നില്ല.
മാത്രമല്ല, ചതുപ്പു മേഖലയിൽ നിർമിച്ച കലുങ്കിനു മുകളിലാണ് 30 അടി പൊക്കത്തിൽ മണ്ണിട്ട് ഉയർത്തി നിർമിച്ചിട്ടുള്ളത്. സമാനരീതിയിൽ ആയിരുന്നു മൈലക്കാട്ട് കലുങ്കിനു മുകളിൽ മണ്ണിട്ട് ഉയർത്തി പാത നിർമാണം നടത്തിയത്.
കല്ലുംതാഴം റെയിൽവേ പാതയ്ക്ക് സമീപം സർവീസ് റോഡ് അവസാനിക്കുകയാണ്.
സർവീസ് റോഡ് വഴി എത്തുന്നവർക്ക് ആറുവരി പാതയിൽ കയറാൻ കഴിയില്ല. ഇവർ കടവൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴി ചുറ്റി സഞ്ചരിച്ചു ദേശീയപാതയിൽ കയറേണ്ട
അവസ്ഥയാണ്. നിലവിലുള്ള അടിപ്പാതയ്ക്കും റെയിൽവേ പാലത്തിനും ഇടയിൽ വയഡക്ട് നിർമിക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു.
കെപി റോഡ് തുറന്നു കൊടുക്കണം
“സ്വാതന്ത്ര്യ ലബ്ധിക്കു മുൻപു മുതൽ കിളികൊല്ലൂരിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡായിരുന്നു കിളികൊല്ലൂർ –പെരിനാട് റോഡ് (കെപി റോഡ്).
ഇത് വഴിയാണ് ജനങ്ങൾ താന്നിക്കമുക്ക് കുണ്ടറ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്തിരുന്നത്. പിഡബ്ല്യൂഡി നിയന്ത്രണത്തിലുള്ള റോഡ് ആരുടെയും അനുവാദമില്ലാതെ ദേശീയപാത നിർമാണത്തിന്റെ പേരിൽ വൻമതിൽ കെട്ടിത്തിരിച്ചു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതു മനുഷ്യാവകാശ ലംഘനമാണ്. കെട്ടി ഉയർത്തിയ വൻമതിലിന്റെ സ്ലാബുകൾ ഇളകിത്തുടങ്ങിയിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. വൻ മതിൽ പൊളിച്ചു മാറ്റി കോൺക്രീറ്റ് തൂണുകൾ സ്ലാബുകൾ നിർമിക്കുകയും കെപി റോഡ് ജനങ്ങൾക്കു തുറന്നു കൊടുക്കുകയും വേണം.
ദേശീയപാത അധികൃതരും ബന്ധപ്പെട്ടവരും അടിയന്തരമായി ഇടപെടണം.”
എം.എ സത്താർ (കോർപറേഷൻ വികസന കാര്യ സ്ഥിരസമിതി മുൻ അധ്യക്ഷൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

