സ്കൂട്ടറിൽ കയറിപ്പറ്റിയ മൂർഖൻ പാമ്പിനെ തടഞ്ഞുവച്ച് ഉടമയെ അറിയിച്ച് പൂച്ചകൾ
തേവലക്കര ∙ യാത്രയ്ക്കിടെ സ്കൂട്ടറിൽ കയറിപ്പറ്റിയ പാമ്പിനെ അടുത്ത ദിവസം ഉച്ചയ്ക്കു പൂച്ചകൾ തടഞ്ഞുവച്ചു ഉടമയെ അറിയിച്ചു. ഫൊട്ടോഗ്രഫർ കോയിവിള മണക്കാട്ടക്കര ശ്രുതികയിൽ പ്രദീപ് അപ്പാളുവിന്റെ സ്കൂട്ടറിലാണ് യാത്രയ്ക്കിടെ തേവലക്കര–കുറ്റിവട്ടം റോഡിൽ ആലയിൽ ഇറക്കത്തു വച്ചു മൂർഖൻ കയറിയത്.
4നു വൈകിട്ട് 6.45നു തേവലക്കര ഭാഗത്തേക്കു സ്കൂട്ടർ ഓടിച്ചു പോകുന്നതിനിടെ മൂർഖൻ റോഡ് മുറിച്ച് ഇഴഞ്ഞു നീങ്ങുന്നത് പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുകയും ടയർ തട്ടുകയും ചെയ്തു. എന്നാൽ, പാമ്പ് സ്കൂട്ടറിൽ കയറിയതറിയാതെ പ്രദീപ് വീട്ടിലെത്തുകയും പിറ്റേന്നു രാവിലെ വീണ്ടും സ്കൂട്ടറുമായി പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും ചെയ്തു. ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി.
അഞ്ചുവയസ്സുകാരൻ മകൻ അർജുൻ പതിവു പോലെ സ്കൂട്ടറിനു മുന്നിൽ പോയി പലതവണ നിൽക്കുകയും ചെയ്തു. അതിനിടെ ഭാര്യ മഹേശ്വരി സ്കൂട്ടർ മറ്റൊരു സ്ഥലത്തേക്കു മാറ്റിവച്ചു.
ഏറെനേരം കഴിഞ്ഞ് വീട്ടിലെ പൂച്ചകൾ പ്രത്യേകതരം ശബ്ദം ഉണ്ടാക്കി സ്കൂട്ടറിനു മുന്നിൽ നിന്നു മാറാതെ നിൽക്കുമ്പോഴാണ് എല്ലാവരും ‘അപകടം’ ശ്രദ്ധിച്ചത്. അപ്പോൾ പൂച്ചകളുമായി പോരാട്ടത്തിലായിരുന്നു പാമ്പ്.
ഇതിനിടെ ഇഴഞ്ഞു വീട്ടു പുരയിടത്തിലേക്കു കടന്ന പാമ്പിനെ നാട്ടുകാരെ വിളിച്ചു കൂട്ടി മണിക്കൂറുകൾ പരിശ്രമിച്ച് പിവിസി പൈപ്പ് വഴി ചാക്കിലാക്കി വിദൂരത്തു കാടുപിടിച്ച് കിടക്കുന്ന ജനവാസമില്ലാത്ത മേഖലയിൽ എത്തിച്ചു തുറന്നുവിട്ടു. പാമ്പ് സ്കൂട്ടറിന്റെ ടയറിനു മുകളിലെ കമ്പിയിൽ ഇരുന്നതായിരിക്കുമെന്നാണു നിഗമനം.
ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണു പ്രദീപും കുടുംബവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]