കൊല്ലം ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ഹിയറിങ്ങുകൾക്കു ജില്ലയിൽ തുടക്കം.
2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ നൽകാൻ സാധിക്കാതിരുന്നവർക്കും തെറ്റായ വിവരങ്ങൾ നൽകിയവർക്കുമുള്ള ഹിയറിങ്ങാണ് ആരംഭിച്ചത്. ആദ്യ ദിവസമായതിൽ മിക്ക ഇടങ്ങളിലും ഒരു ബൂത്തിലെ ആളുകൾക്കു മാത്രമാണ് ഹിയറിങ് നടത്തിയത്.
ഓരോരുത്തരുടെയും രേഖ പരിശോധിക്കാനും അപ്ലോഡ് ചെയ്യാനും എത്രത്തോളം സമയം വേണ്ടിവരുമെന്നും മറ്റും ഇന്നലെ വ്യക്തമായതിനാൽ ഇന്നുമുതൽ കൂടുതൽ പേർക്കുള്ള ഹിയറിങ് നടക്കും.
എസ്ഐആർ നടപടിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ബിഎൽഒയ്ക്കു നൽകുകയും അതു റിട്ടേണിങ് ഓഫിസർ പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്താൽ ഹിയറിങ് വേണ്ടിവരില്ല. ഇത്തരത്തിൽ രേഖകൾ കൃത്യമായി നൽകാൻ കഴിയാത്തവർക്കു മാത്രമായിരിക്കും ഹിയറിങ്.
കരട് പട്ടികയിൽ ജില്ലയിലെ 1.53 ലക്ഷം പേർക്കാണ് 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ നൽകാൻ സാധിക്കാതിരുന്നത്. പട്ടികയിൽ നോ മാപ്പിങ് എന്ന വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 14 വരെയാണ് ഹിയറിങ്ങിന് അനുവദിച്ച സമയം.
ശ്രദ്ധിക്കേണ്ടത് രേഖകളിൽ
ഹിയറിങ്ങിന് ഹാജരാകാൻ നോട്ടിസ് ലഭിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൊണ്ടുവരേണ്ട രേഖകളിലാണ്.
ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കണം. ആധാർ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് അടക്കമുള്ള അംഗീകൃത ബോർഡുകൾ/സർവകലാശാലകൾ നൽകിയ മട്രിക്കുലേഷൻ അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള 13 രേഖകളിൽ ഒന്നാണ് ഹാജരാക്കേണ്ടത്.
പകർപ്പുകൾ നേരത്തെ ബിഎൽഒമാർക്കു നൽകിയിട്ടുണ്ടെങ്കിൽ ഒറിജിനൽ മാത്രം ഹാജരാക്കിയാൽ മതി. ഔദ്യോഗിക രേഖയായി ആധാർ കാർഡ് ഹാജരാക്കുന്നവരുടെ മറ്റേതെങ്കിലും രേഖ കൂടി കൊണ്ടുവരണം.
മാതാപിതാക്കളുടെ രേഖകളും വേണോ?
1987 നു മുൻപു ജനിച്ചവരാണെങ്കിൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം.
1987 നു ശേഷമുള്ള വോട്ടറാണെങ്കിൽ 13 രേഖകളിൽ ഏതെങ്കിലും ഒന്നും മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുടെ രേഖയും ഹാജരാക്കണം. 2004 നു ശേഷമുള്ള വോട്ടറാണെങ്കിൽ വോട്ടറുടെ രേഖയ്ക്കു പുറമേ അച്ഛന്റെയും അമ്മയുടെയും രേഖകൾ ഹാജരാക്കണം.
മാതാപിതാക്കളുടെ രേഖകളിലാണ് പ്രധാനമായും ഹിയറിങ്ങിനെത്തുന്നവർ ബുദ്ധിമുട്ടുന്നത്. എന്നാൽ തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
പ്രവാസികൾ എന്ത് ചെയ്യും?
ഹിയറിങ്ങിന് ഹാജരാകാൻ നോട്ടിസ് ലഭിക്കുന്ന പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും കാര്യത്തിൽ ആശങ്കയുണ്ട്.
ഹിയറിങ്ങിനെത്താൻ സാധിക്കാത്തവർ എസ്ഐആർ പട്ടികയിൽ നിന്ന് പുറത്തുപോകുന്നതിനാൽ പ്രവാസികൾക്കു പുതുതായി പ്രവാസി വോട്ടറായി വോട്ട് ചേർക്കേണ്ടി വരും. എന്നാൽ ബിഎൽഒമാർക്കു ഉറപ്പുള്ള, വ്യക്തമായ രേഖകളുള്ളവർക്ക് അവരുടെ അടുത്ത ബന്ധുക്കൾ ഈ രേഖകൾ കാണിച്ചാൽ വോട്ട് ഉറപ്പിക്കാനും സാധിക്കും.
അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരുടെയെല്ലാം രേഖകൾ അടുത്ത ബന്ധുക്കൾ ഹാജരാക്കിയാൽ മതി. എന്നാൽ ബിഎൽഒമാരുടെയും ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസറുടെയും തീരുമാനം ഇതിൽ പ്രധാനമാണ്.
വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ?
എസ്ഐആർ കരടുപട്ടികയിൽ ഉൾപ്പെട്ട
പലരുടെയും പേരും വിവരങ്ങളും മറ്റും തെറ്റായി രേഖപ്പെടുത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. 2002ലെ വിവരവും ഇപ്പോഴത്തെ വിവരങ്ങളും തമ്മിലുള്ള മാറ്റങ്ങളും അനിശ്ചിതത്വമുണ്ടാക്കുന്നുണ്ട്.
എന്നാൽ ബിഎൽഒമാർ സാക്ഷ്യപ്പെടുത്തുന്നതിലൂടെ ഈ പ്രശ്നങ്ങളിൽ മിക്കതും പരിഹരിക്കാൻ സാധിക്കും. ബിഎൽഒമാരെ കണ്ടു തെറ്റ് തിരുത്താൻ ശ്രദ്ധിക്കണം.
ഹിയറിങ്ങിന് എത്താൻ സാധിച്ചില്ലെങ്കിൽ?
ഹിയറിങ്ങിന് നോട്ടിസ് ലഭിച്ചവർക്കു വരാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് ബിഎൽഒയെ അറിയിക്കണം.
ഹിയറിങ്ങിന് വരാൻ സാധിക്കാത്തവർക്കെല്ലാം മറ്റൊരു അവസരം കൂടി ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

