നാട്ടുകാർ അന്നേ പറഞ്ഞു; തകരും…
കൊല്ലം ∙ മണ്ണിന്റെ ഘടന അറിയാവുന്ന നാട്ടുകാർ ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ പറഞ്ഞു; ഇതു ശാശ്വതമല്ല, തകരും. ദേശീയപാതയുടെ ഇരുവശത്തും പോളയിൽ ഏലാ (വയൽ) ആണ്.
ദുർബലമായ മണ്ണുള്ള ചാത്തന്നൂർ പോളച്ചിറ ഏലായുടെ മണ്ണിന്റെ ഘടനയാണ് ഇവിടെയും. മൈലക്കാട് ഇറക്കത്തിൽ അപകടം പതിവായതിനെത്തുടർന്നു 3 പതിറ്റാണ്ടു മുൻപ് റോഡ് ഉയർത്തി നിർമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനുവേണ്ടിയിട്ട മണ്ണ് സ്ഥലം അനുയോജ്യമല്ലെന്നു കണ്ടു പിന്നീടു നീക്കംചെയ്തിരുന്നു.
ഈ ചരിത്രമള്ള സ്ഥലത്ത് കാര്യമായ മണ്ണു പരിശോധന നടത്താതെയാണ് ആറുവരിപ്പാതയും റോഡിനു കുറുകെയുള്ള കൈത്തോടിന്റെ കലുങ്കും നിർമിച്ചത്. പഴയ ദേശീയപാതയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട
താഴ്ത്തിയാണ്.
അടിയിൽ ചേറുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ആറുവരിപ്പാതയുടെ നിർമാണം.
മണ്ണിന്റെ ഘടനയെക്കുറിച്ചു കരാറുകാരോടു പറഞ്ഞപ്പോൾ ആവശ്യമായ പരിശോധന നടത്തിയാണു നിർമാണമെന്നായിരുന്നു മറുപടി. പാത 10 മാസം തികയ്ക്കില്ലെന്നും ചില നാട്ടുകാർ അന്നു മുന്നറിയിപ്പു നൽകി.ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള നടപടികളാണു ദേശീയപാത 66ലെ ദുരന്തങ്ങൾക്കു കാരണമെന്നാണു മറ്റൊരു വിലയിരുത്തൽ.
മേൽപാലത്തിനു പകരം മണ്ണിട്ടു റോഡ് ഉയർത്തുമ്പോൾ കോടികളാണു ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ)ക്കു ലാഭം. ജംക്ഷനുകളിലും മറ്റും മേൽപാലം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും എൻഎച്ച്എഐ അലൈൻമെന്റ് മാറ്റാൻ തയാറായില്ല.
കരാറെടുത്ത കമ്പനികൾ മണ്ണുറപ്പിക്കൽ പോലുള്ള പണികൾക്ക് ഉപകരാർ കമ്പനികളെ വച്ചു. ചതുപ്പായിരുന്ന സ്ഥലത്താണു ദേശീയപാത നിർമിച്ചിരിക്കുന്നത്. ഓരോ അടരുകളായി മണ്ണ് ഉറപ്പിച്ച്, പരിശോധിച്ച ശേഷമേ അടുത്ത ഘട്ടം മണ്ണിടാൻ പാടുള്ളൂ.
എന്നാൽ, ഇവിടെ അതു പാലിച്ചിട്ടില്ലെന്നാണു വിലയിരുത്തൽ.മണ്ണിന്റെ ലഭ്യതക്കുറവ് നിർമാണത്തെ ബാധിച്ച ഘട്ടത്തിലാണ് അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചത്. തീർത്തും ദുർബലമായ ചെളിമണ്ണാണ് അപകട
കാരണമെന്നും നാട്ടുകാർ പറയുന്നു. ദേശീയപാതയുടെ തകർന്ന ഭാഗം പൊളിച്ചു നീക്കി തൂണുകൾ നിർമിച്ചു ഫ്ലൈ ഓവർ നിർമിക്കണം എന്ന ആവശ്യം ശക്തമാണ്.
ജി.എസ്.ജയലാൽ എംഎൽഎ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
കമ്പനിയോട് റിപ്പോർട്ട് തേടി: എൻഎച്ച്എഐ
തകർന്ന ഭാഗം പുനർനിർമിക്കുമെന്നും കരാർ കമ്പനിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ. സാങ്കേതിക വിദഗ്ധർ പ്രശ്നം പഠിക്കും.
നാട്ടുകാരുടെ പരാതികൾ പരിഗണിച്ചില്ലെന്നതു സത്യമല്ല. കഴിയുന്നത്ര സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
വീഴ്ചയിൽനിന്നു പാഠം ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട റോഡ് നിർമിക്കുമെന്നും ദേശീയപാത റീജനൽ ഓഫിസർ എ.കെ.ജാൻബാസ് പറഞ്ഞു.
കൂരിയാടിന്റെ അതേ വഴി
കഴിഞ്ഞ മേയ് 19ന് മലപ്പുറം കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ദേശീയപാതയിലുണ്ടായ അപകടത്തിന് സമാനമാണ് മൈലക്കാട് അപകടം.
അന്ന് ദേശീയപാത 66ൽ 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താണു. പാടത്ത് 10 മീറ്ററോളം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിച്ച പ്രധാനപാതയാണു വീണത്.
4 മീറ്ററോളം ഉയരത്തിലുള്ള സർവീസ് റോഡും തകർന്ന് വലിയ കുഴി രൂപപ്പെട്ടു. സമീപത്തെ പാടത്ത് 200 മീറ്ററോളം ദൂരം 4 മീറ്റർ വരെ കുന്നുപോലെ ഉയരുകയും ചെയ്തു.
സ്ഫോടന പ്രതീതിയിൽ..
കൊല്ലം∙ ഭൂമിക്കടിയിൽ ഒരു സ്ഫോടനം നടന്നതു പോലെയാണ് സർവീസ് റോഡും അതിനോടു ചേർന്നു ഭൂമിയും വിണ്ടുകീറിയത്. ആദ്യ നേരിയ നിലയിലായിരുന്നെങ്കിലും പിന്നീട് വിണ്ടുകീറിയതിന്റെ ആഴവും വീതിയും വർധിച്ചു.
ആർഇ പാനലിനോടു ചേർന്ന ഭാഗത്ത് സർവീസ് റോഡ് താഴ്ന്നു. ഏലായിലേക്കുള്ള തോടിന്റെ പാർശ്വഭിത്തികൾ പൊളിഞ്ഞു.
കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബ് 3 അടിയോളം ഉയർന്നു. ഓട
തകർന്നു. കൊട്ടിയം ജല സംഭരണിയിലേക്കുള്ള ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയെഴുകി.
സർവീസ് റോഡിൽ വെള്ളം കെട്ടിനിന്നു. 30 അടിയോളം ഉയരമുള്ള ആർഇ പാനൽ (കോൺക്രീറ്റ് പാളി) അകത്തേക്ക് ചരിഞ്ഞു.
ബെൽറ്റ് കൊണ്ടു ബന്ധിപ്പിച്ചിരുന്നതിനാലാണ് സർവീസ് റോഡിലേക്ക് വീഴാതിരുന്നത്.
മുകൾ ഭാഗത്തുണ്ടായിരുന്നു ഏതാനും കോൺക്രീറ്റ് പാളികൾ ഉയരപാതയിലേക്ക് വീണു. ഉയരപ്പാതയിൽ വലിയ കുഴി രൂപപ്പെട്ടു.
അപകടത്തെ ചാത്തന്നൂർ ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. ഏതാനും മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയാണ് തകർന്നത്. അപകടം നടന്നയുടൻ പൊലീസും ഫയർ ഫോഴ്സും എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല.
തടിച്ചുകൂടിയ ജനങ്ങളെ വടം കെട്ടി തടഞ്ഞു നിർത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ആർഇ പാനലുകൾ ഏതു സമയവും തകർന്നു വീഴാവുന്ന നിലയിലാണ്.
തകർന്ന സ്ഥലത്തിന്റെ മറുവശത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് നാട്ടുകാർ. 33 കെവി ലൈനിന്റെ പോസ്റ്റുകൾ ചരിഞ്ഞതിനെ തുടർന്നു വൈദ്യുത ബന്ധം വിഛേദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

