കൊല്ലം ∙ നഗരത്തിലെ തീരദേശ മേഖലയിലെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി കോർപറേഷൻ ആരംഭിച്ചു. തീരപ്രദേശത്തു കൂടുതലായി മാലിന്യം ഉപേക്ഷിക്കപ്പെടുന്ന പോർട്ട് പരിസരം, വാടി, പോർട്ട് ലേല ഹാൾ, ബീച്ച് തുടങ്ങിയ ഇടങ്ങൾ മേയർ എ.കെ.ഹഫീസ്, ഡപ്യൂട്ടി മേയർ ഉദയ സുകുമാരൻ, കൗൺസിലർ വിൻസി ബൈജു എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. മാലിന്യം നീക്കം ചെയ്യുന്ന കമ്പനി അധികൃതരുമായി 8ന് കോർപറേഷൻ ചർച്ച നടത്തും.
അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യാനും പിന്നീട് മാലിന്യം തള്ളാതിരിക്കാനുള്ള നടപടി സ്വീകരിക്കാനുമാണ് നീക്കം. തീരപ്രദേശത്ത് ജൈവ–അജൈവ മാലിന്യങ്ങൾ കൂടിക്കിടക്കുകയാണെന്നും ഇത് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. കൊല്ലം ബീച്ചിലെ മാലിന്യം ശേഖരിക്കാനായി മറ്റൊരു യന്ത്രം കൂടി സ്പോൺസർമാരെ കൂടി കണ്ടെത്തി വാങ്ങാൻ സാധിക്കുമോ എന്ന് കോർപറേഷൻ പരിശോധിക്കുന്നുണ്ട്.
ബീച്ചിലെ മാലിന്യം നിലവിൽ തൊഴിലാളികളെ ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്. ഇത് അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ യന്ത്രം വാങ്ങാനുള്ള നീക്കം.
എംജി പാർക്ക് വൃത്തിയാക്കിത്തുടങ്ങി
പൂട്ടിക്കിടക്കുന്ന കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാർക്ക് വൃത്തിയാക്കിത്തുടങ്ങി.
ഏറെ കാലമായി അടച്ചു കിടക്കുന്നതിനാൽ ഒരാൾ പൊക്കത്തിൽ പാർക്കിലാകെ കാട് മൂടിയിരുന്നു. പാർക്ക് എത്രയും പെട്ടെന്നു തുറന്നു നൽകാനാണ് കോർപറേഷൻ നീക്കം.
അതിനായി നിലവിലെ കരാറുകാരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കരാറുകാരനു താൽപര്യമുണ്ടെങ്കിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മേയർ പറഞ്ഞു. ഉടൻ തുറന്നു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ താൽക്കാലികമായി കോർപറേഷൻ നേരിട്ടു തന്നെ പാർക്ക് പ്രവർത്തിപ്പിച്ചേക്കും.
വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന കൊല്ലം ബീച്ചിലെ പാർക്ക് അടഞ്ഞു കിടക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

