തെന്മല ∙ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു ചൂടു കൂടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട പശ്ചാത്തലത്തിൽ അതിർത്തിയിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിനു തമിഴ് ആവേശവും.
‘നമതു വേട്പാളർ… നിങ്കളുടയ അൻപാർന്ന വേട്പാളർ… ഇവരെ വെട്രിപെര സെയ്യുങ്കൾ.. നമതു സിന്നം…’ എന്നു തമിഴിലും ‘പ്രിയപ്പെട്ടവരെ നമ്മുടെ സ്ഥാനാർഥി… നിങ്ങളുടെ സ്വന്തം സ്ഥാനാർഥി… വിജയിപ്പിക്കൂ… നമ്മുടെ ചിഹ്നം…’ എന്നു മലയാളത്തിലും ഒരേ സ്വരത്തിൽ അനൗൺസർമാർ ആവേശം കൂട്ടുകയാണ് ഇവിടങ്ങളിൽ.
ഈ ആവേശച്ചൂടിനു സാക്ഷ്യം വഹിക്കാൻ തമിഴ്നാട്ടുകാരായ ബന്ധുക്കളും ഒഴുകിയെത്തുന്നു. ആര്യങ്കാവിലെ അമ്പനാട് തേയിലത്തോട്ടം ഉൾപ്പെടുന്ന അമ്പനാട് കിഴക്ക്, പടിഞ്ഞാറ്, പൂത്തോട്ടം വാർഡുകളിൽ വാശിയേറിയ അങ്കം നടക്കാനൊരുങ്ങുമ്പോൾ മലയാളത്തിനൊപ്പം തമിഴിനെയും ഒപ്പം കൂട്ടാതെ നിവൃത്തിയില്ല.
തെന്മലയിലെ നാഗമല, മാമ്പഴത്തറ തോട്ടം മേഖലകളിലും ‘തമിഴ് പേശും’ ബാനറുകൾ മലയാളത്തിനൊപ്പം നിറഞ്ഞുകഴിഞ്ഞു.
ശ്രീലങ്കയിലെ തമിഴ് വംശജരെ പുനരധിവസിപ്പിച്ച കുളത്തൂപ്പുഴയിലെ റീബാഹിലിറ്റേഷൻ റബർ പ്ലാന്റേഷനിലെ (ആർപിഎൽ) 2 വാർഡുകളിലും തമിഴഴകു വേണ്ടുവോളം മലയാളത്തിനൊപ്പം അലിഞ്ഞു ചേർന്നിട്ടുണ്ട്. 3 പഞ്ചായത്തുകളിലുമായി 6 വാർഡുകളിലാണു തമിഴ് തായ്മൊഴിയായി ഉള്ളവർ ഉള്ളത്.
അയ്യായിരത്തോളം വോട്ടർമാർ ഇവിടെയുണ്ടെന്നാണ് ഏകദേശ കണക്ക്. ആർപിഎല്ലിലെ 2 വാർഡുകളിലും തമിഴ്വംശജർ ഏറെയുണ്ട്.
ആര്യങ്കാവ് തോട്ടം മേഖലയിലെ വോട്ടർമാരിൽ കുറെപ്പേർക്കു തമിഴ്നാട്ടിലാണു വോട്ട്. തോട്ടം മേഖലയിലെ ജീവിതദുരിതവും കൂലിക്കുറവും ആരോഗ്യരംഗത്തെ തിരിച്ചടികളും യാത്രാദുരിതവും എല്ലാം തിരഞ്ഞെടുപ്പു വിഷയമായി മാറുമ്പോൾ തമിഴ്ജനതയും ഇതെല്ലാം ഏറ്റെടുത്തിട്ടുണ്ട്.
എൽഡിഎഫും യുഡിഎഫും എൻഡിഎയും സ്വതന്ത്രരും ശക്തമായ പ്രചാരണം തുടരുകയാണിവിടെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

