
തുറമുഖത്തെ വെയർ ഹൗസ് സൗകര്യം വാടകയ്ക്കു നൽകാൻ ശ്രമം; സ്വകാര്യ കാർഗോ സ്ഥാപനവുമായി ചർച്ച തുടങ്ങി
കൊല്ലം ∙ ചരക്കു കപ്പലുകൾ കൊല്ലം തുറമുഖത്തേക്കു വരുന്നതു വൈകുന്നതോടെ, തുറമുഖത്തെ വെയർ ഹൗസ് സൗകര്യം സ്വകാര്യ കാർഗോ സ്ഥാപനത്തിന്റെ ഉപയോഗത്തിനു വിട്ടു നൽകാൻ ശ്രമം. വിവിധതരം സാധനങ്ങൾ കണ്ടെയ്നറിലാക്കി ഇവിടെ നിന്നു റോഡ് മാർഗം വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുന്നതിനാണ് വെയർ ഹൗസ് സൗകര്യം അനുവദിക്കുന്നത്.
ചരക്കുകപ്പൽ വരാത്ത സാഹചര്യത്തിൽ ഇതിലൂടെ തുറമുഖത്തിന് വരുമാനം നേടാനാകുമെന്നാണു പ്രതീക്ഷ. കാർഗോ സ്ഥാപനം സാധനങ്ങൾ വെയർ ഹൗസിൽ സംഭരിച്ച ശേഷം കസ്റ്റംസിന്റെ അനുമതിയോടെ പായ്ക്ക് ചെയ്താണ് കണ്ടെയ്നറുകളിൽ നിറയ്ക്കുക. കപ്പലിൽ കൊണ്ടുപോകത്തക്ക വിധം കൂടുതൽ സാധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് റോഡ് മാർഗം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നത്.
60–70 കണ്ടെയ്നർ സാധനം ലഭ്യമായാൽ ബാർജോ ചെറിയ ചരക്കുകപ്പലോ ഉപയോഗിച്ച് കടൽമാർഗം വിഴിഞ്ഞത്തേക്കു ചരക്കു നീക്കം നടത്തും. കാർഗോ സ്ഥാപനവുമായി ഇതു സംബന്ധിച്ചു ചർച്ച നടക്കുകയാണ്.
നേരത്തേ കൊല്ലം തുറമുഖത്തും കൊച്ചിയിലും കാർഗോ സർവീസ് നടത്തിയിരുന്ന സ്ഥാപനവുമായാണ് മാരിടൈം ബോർഡ് ചർച്ച നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തുറമുഖത്ത് സജ്ജമാണെങ്കിലും ചരക്കു കപ്പലുകൾ കൊല്ലത്ത് എത്തുന്നില്ല. കൊല്ലത്തേക്ക് കൊണ്ടു വരുന്നതിനും ഇവിടെ നിന്നു കയറ്റി അയയ്ക്കുന്നതിനും മതിയായ സാധനങ്ങൾ ലഭ്യമല്ലാത്തതാണു കപ്പൽ വരുന്നതിന് തടസ്സം. കശുവണ്ടി വികസന കോർപറേഷനും സ്വകാര്യ സ്ഥാപന ഉടമകളും വിദേശത്തു നിന്നു വാങ്ങുന്ന തോട്ടണ്ടി പോലും കൊല്ലം തുറമുഖം വഴിയല്ല കൊണ്ടുവരുന്നത്. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളെയാണു തോട്ടണ്ടി ഇറക്കുമതിക്ക് ആശ്രയിച്ചിരുന്നത്.
ഇവിടെ നിന്നു കയറ്റി അയയ്ക്കാൻ നാമമാത്രമായി പോലും സാധനങ്ങൾ ലഭിക്കുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ കൊല്ലം തുറമുഖത്തു നിന്നു ഫീഡർ സർവീസ് നടത്താനാകുമെന്നു കരുതുന്നു. അതേ സമയം, ജീവനക്കാരൻ മാറി കയറുന്നതിനായി തുറമുഖത്ത് കഴിഞ്ഞ ദിവസം കപ്പൽ അടുത്തു.
മുംബൈയിൽ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന എംടി ഭീം എന്ന ടഗ് ആണ് കഴിഞ്ഞ ദിവസം കൊല്ലം തുറമുഖത്ത് എത്തിയത്. ടഗിലെ എൻജിനീയർ കരയ്ക്ക് അടിയന്തരമായി ഇറങ്ങുന്നതിനും പകരമുള്ള ഉദ്യോഗസ്ഥന് കയറുന്നതിനുമാണ് (ക്രൂ ചെയ്ഞ്ച്) ടഗ് എത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ടഗ് ഉടമകൾ ക്രൂ ചെയ്ഞ്ചിനായി കൊല്ലം തുറമുഖവുമായി ബന്ധപ്പെട്ടത്. തുടർന്നു തിരുവനന്തപുരം ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസിൽ നിന്നു ഉദ്യോഗസ്ഥർ എത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.
രാജ്യാന്തര കപ്പൽ ചാലിന് ഏറ്റവും അടുത്ത് ആയതിനാൽ ക്രൂ ചെയ്ഞ്ചിന് ഏറെ സാധ്യതയാണ് കൊല്ലം തുറമുഖത്തിനുള്ളത്. ക്രൂ ചെയ്ഞ്ചിന് കൂടുതൽ കപ്പൽ എത്തുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]