കൊല്ലം ∙ ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിത് തള്ളി. എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 8 ലേക്കു മാറ്റി.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ജാമ്യാപേക്ഷയും അന്നു പരിഗണിക്കും.
വാസുവിന്റെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തിനു മുറിവേൽപിച്ച സംഭവമായതിനാൽ പ്രായവും ആരോഗ്യ പ്രശ്നവും പരിഗണിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
അഭിഭാഷകനും 20 വർഷത്തോളം വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജിയുമായിരുന്ന വാസുവിന് ഇങ്ങനെ ഒരു പിഴവ് ഉണ്ടാകാൻ പാടില്ലായിരുന്നു. പിഴവ് വരുത്തിയത് ബോധപൂർവമാണോ എന്നു പരിശോധിക്കണം.
അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു.മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് 2019ൽ സ്വർണപ്പാളി കൈമാറുമ്പോൾ ചെമ്പെന്നു രേഖപ്പെടുത്തിയത് വാസുവിന്റെ അറിവോടെ എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറുമ്പോൾ എൻ.വാസു സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദം.
ഗൂഢാലോചനയിലടക്കം വാസുവിനു പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ അറിയിച്ചത്.
വാസു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കഴിഞ്ഞ മാസം 11നാണു വാസു അറസ്റ്റിലായത്.സുധീഷ് കുമാറിന്റെ ജാമ്യഹർജി ഇന്നലെ പരിഗണിക്കാനിരുന്നെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തേടിയ കോടതി അത് 8 ലേക്കു മാറ്റി.
2019ൽ കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയുമാണ് സുധീഷ്കുമാർ. ദേവസ്വം ബോർഡ് കമ്മിഷണർ ആയിരുന്ന എൻ.വാസു ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ സുധീഷ് കുമാർ പഴ്സനൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു.
കട്ടിളപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൊടുത്തുവിടാനുള്ള തീരുമാനം ഇക്കാലയളവിലായിരുന്നു.
സിഐടിയു നേതൃത്വത്തിലുള്ള ദേവസ്വം എംപ്ലോയീസ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ വിരമിച്ചു.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയും ആയിരുന്ന പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ എസ്ഐടിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതി തേടിയിരുന്നു.
എസ്ഐടി രണ്ടു തവണ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞതിനാൽ പത്മകുമാറിനു ജാമ്യം അനുവദിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നു പ്രോസിക്യൂഷൻ വാദിച്ചു. അഡ്വ. സുനിൽ സി.എസ്.മങ്ങാട്, അഡ്വ.
ബി.എൻ.ഹസ്കർ എന്നിവരാണ് വാസുവിനു വേണ്ടി ഹാജരായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

