പരവൂർ∙ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കാർ തീവെച്ചു നശിപ്പിച്ചെന്ന പരാതിയിൽ പൂതക്കുളം മിനി സ്റ്റേഡിയം സ്വദേശി ശംഭുവിനെതിരെ കേസെടുത്ത് പരവൂർ പൊലീസ്. ബ്രേക്ക്ഡൗണായ കാർ ശരിയാക്കുന്നതിനിടയിലാണ് ആക്രമണം.
കല്ലമ്പലം പ്രസിഡന്റ് ജംക്ഷനിൽ സുഗുണാലയത്തിൽ ജയ കണ്ണന്റെ (30) പരാതിയിലാണ് കേസ്. കണ്ണനും സുഹൃത്തായ ആദർശും സഞ്ചരിച്ചിരുന്ന കാർ പൂതക്കുളം ഇടയാടി ആശാരിമുക്കിൽ നിന്നു വേക്കുളത്തേക്കു പോകുന്ന റോഡിലെ ഹോളോബ്രിക്സ് കമ്പനിക്ക് മുന്നിൽ കേടാവുകയായിരുന്നു.
കാർ നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആദർശുമായി ശംഭുവും സുഹൃത്തും തർക്കത്തിലായി.
പിന്നീട് വാക്കത്തിയുമായി എത്തിയ ശംഭുവും സുഹൃത്തും കണ്ണനെയും ആദർശിനെയും ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും കോട്ടൺ തുണി കാറിന്റെ പെട്രോൾ ടാങ്കിൽ മുക്കി കത്തിച്ച് കാറിനു തീയിടുകയും ചെയ്തുവെന്നാണ് പരവൂർ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
എന്നാൽ ലഹരിയിലായിരുന്ന യുവാക്കൾ പരസ്പരം ഏറ്റുമുട്ടുകയും പിണങ്ങിപ്പോയ പൂതക്കുളം സ്വദേശി ശംഭു സുഹൃത്തുമായി തിരിച്ചെത്തി കാർ തടഞ്ഞുനിർത്തി തീയിടുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വാഹനത്തിൽ കണ്ണനെയും ആദർശിനെയും കൂടാതെ മറ്റൊരു യുവാവ് കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
ആദർശ്, ശംഭു എന്നിവർക്കെതിരെ 2023 ൽ കൊല്ലം വെസ്റ്റ് പൊലീസിൽ ലഹരി കേസുകളുണ്ട്.
കണ്ണൻ ജോലി ചെയ്യുന്ന കല്ലമ്പലത്തെ കാർ വർക്ഷോപ്പിൽ അറ്റകുറ്റപണിക്കായി എത്തിച്ച കാറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ലഹരി ഇടപാടുകൾ സംബന്ധിച്ച് തർക്കമാണ് കാർ കത്തിക്കുന്നതിലേക്കു നീങ്ങിയതെന്ന സംശയത്തിൽ പരവൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കണ്ണൻ, ശംഭു, ആദർശ്, ഇടവ വെൺകുളം സ്വദേശി എന്നിവർ ഒരുമിച്ച് കാറിലെത്തുകയും തർക്കത്തെ തുടർന്ന് പിണങ്ങി പോയ ശംഭു സുഹൃത്തുമായി എത്തി മറ്റുള്ളവരെ ആക്രമിക്കുകയും കാറിനു തീയിടുകയായിരുന്നുവെന്നും വാദം ഉയരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]