
അഞ്ചാലുംമൂട്∙ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച അഷ്ടമുടി ഗവ. എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ കെട്ടിടത്തിന് താമസാനുമതി, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയാതെ പഞ്ചായത്തും കുട്ടികളെ ഇരുത്താൻ കഴിയാതെ സ്കൂൾ അധികൃതരും ത്രിശങ്കുവിൽ.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി വഴി അനുവദിച്ച രണ്ടു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പിഡബ്ല്യുഡിക്ക് ആയിരുന്നു നിർമാണച്ചുമതല.
നിലവിൽ ഹൈസ്കൂളിലെ 3 ക്ലാസ് മുറികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സ്ഥലപരിമിതി കാരണം രണ്ട് ക്ലാസുകൾ ഹൈസ്കൂൾ വിഭാഗത്തിലെ ഹയർ സെക്കൻഡറി കെട്ടിടത്തിലുമാണു സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണമാണ് പുതിയ കെട്ടിടം നിർമിച്ചത്.
ജൂൺ 12ന് മന്ത്രി ശിവൻകുട്ടി നേരിട്ടെത്തി ഉദ്ഘാടനവും നിർവഹിച്ചു.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് അപ്രൂവ്ഡ് പ്ലാൻ ലഭിച്ചപ്പോൾ കഴിഞ്ഞ മാസം 8ന് സ്കൂൾ അധികൃതർ താമസാനുമതി സർട്ടിഫിക്കറ്റിനായി തൃക്കരുവ പഞ്ചായത്തിൽ അപേക്ഷ നൽകി. തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് പോരായ്മകൾ കണ്ടെത്തിയത്.
പൂർത്തീകരിച്ച കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ വിസ്തീർണം, സർവേ നമ്പർ സംബന്ധിച്ച വിവരങ്ങൾ, സ്ഥലത്ത് നിലനിൽക്കുന്ന മറ്റ് കെട്ടിടത്തിന്റെ വിസ്തീർണം, കെട്ടിട നമ്പർ തുടങ്ങിയവ പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ 2019 പഞ്ചായത്ത് കെട്ടിടനിർമാണ ചട്ട
പ്രകാരം തൊട്ടടുത്ത കെട്ടിടം, റോഡ് എന്നിവയിൽ നിന്ന് പാലിക്കേണ്ട അകലം പാലിച്ചിട്ടില്ലെന്നും ഇതേ വഴി പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും എഇയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്.
കൂടാതെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ശുചിമുറി, മഴവെള്ളസംഭരണി, മാലിന്യ സംസ്കരണ സംവിധാനം എന്നിവയും ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി സ്കൂൾ പ്രധാനാധ്യാപകന് നൽകിയ മറുപടിയിൽ പറയുന്നു. താമസാനുമതി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പുതിയ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ കഴിയൂ.
എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്.
“പഞ്ചായത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് ആവശ്യമായ താമസാനുമതി, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എത്രയും വേഗം നൽകാനാണ് ശ്രമിക്കുന്നത്.
ഇതിനായി പഞ്ചായത്തിന്റെ അധ്യക്ഷതയിൽ പിഡബ്ല്യുഡി എഇ, സ്കൂൾ അധികൃതർ എന്നിവരെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനമെടുക്കും.”
സരസ്വതി രാമചന്ദ്രൻ, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ്
“പുതിയ കെട്ടിടം നിർമിച്ചിട്ടും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പഴയ കെട്ടിടത്തിൽ ഇനിയും കുട്ടികളെ ഇരുത്തുന്നത് അപകടമാണ്.
എത്രയും വേഗം പുതിയ കെട്ടിടത്തിന് താമസാനുമതിയും ഫിറ്റ്നസും ലഭിക്കാനുള്ള നടപടി സ്വീകരിക്കണം.”
ഷിബു ജോസഫ്, പിടിഎ പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]