
ന്നാ താൻ കേസ് കൊടുക്കെന്ന മട്ടിൽ കെഎസ്ഇബി അധികൃതർ; പരാതികൾക്ക് പരിഹാരമില്ല, വലഞ്ഞ് ജനം
അഞ്ചൽ ∙ കെഎസ്ഇബി അഞ്ചൽ ഈസ്റ്റ് സെക്ഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വ്യാപക പരാതി . തകരാറുകൾ പരിഹരിക്കുന്നതിൽ വലിയ കാലതാമസം വരുന്നതിനു പുറമേ ചില സ്ഥലങ്ങളിൽ മനഃപൂർവം വൈദ്യുതി കണക്ഷൻ വിഛേദിച്ചു ജനങ്ങളെ വലയ്ക്കുന്നതായും ആക്ഷേപം ഉയർന്നു.
സെക്ഷന്റെ പ്രവർത്തനം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. ഏതാനും ദിവസം മുൻപ് അഞ്ചൽ മേഖലയിൽ മഴയ്ക്കൊപ്പം കാറ്റ് വീശിയതിനെ തുടർന്നു വൈദ്യുതി തടസ്സം നേരിട്ടിരുന്നു.
എന്നാൽ ഇതു പരിഹരിക്കുന്ന കാര്യത്തിൽ ഈസ്റ്റ് സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ വിമുഖത കാട്ടിയെന്നാണ് ആക്ഷേപം. നെടിയറ മേഖലയിൽ 2 ദിവസം തുടർച്ചയായി വൈദ്യുതി തടസ്സപ്പെട്ടത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. നാട്ടുകാർ സംഘടിച്ച് കെഎസ്ഇബി ഓഫിസിലെത്തി.
കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ ഉണ്ടായതോടെ ഉന്നത ഉദ്യോഗസ്ഥൻ അയഞ്ഞു . 10 മിനിറ്റിനുള്ളിൽ നെടിയറയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്ന് തൊഴിലാളികൾ വിവരം നൽകിയെന്നു നാട്ടുകാർ പറയുന്നു.
സമാനമായ സംഭവങ്ങൾ മറ്റു ചില സ്ഥലങ്ങളിലും നടന്നു. പരാതി നൽകാനായി ഓഫിസിലെ 0475 2273271 നമ്പർ ഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട് .
ഇതേസമയം അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് പരിധിയിൽ പരാതികൾ അതിവേഗം പരിഹരിക്കുന്നതായും നാട്ടുകാർ പറയുന്നു . “അഞ്ചൽ ഈസ്റ്റ് സെക്ഷൻ പരിധിയിൽ കെഎസ്ഇബി അധികൃതർ ജനങ്ങളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കും.
കനത്ത മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ ഒട്ടേറെ വൈദ്യുതി ലൈനുകൾ പൊട്ടി. ഇതു നന്നാക്കുന്ന കാര്യത്തിൽ ജീവനക്കാരും തൊഴിലാളികളും കാര്യക്ഷമമായ പ്രവർത്തനം നടത്തിയതായി അറിയാൻ കഴിഞ്ഞു.
എന്നാൽ ചിലർ ജനങ്ങളുടെ പരാതിക്കു പരിഗണന നൽകാത്തതു പ്രശ്നങ്ങൾ വഷളാക്കുന്നു. ഇത് അനുവദിക്കില്ല “.
പി.എസ്.സുപാൽ, എംഎൽഎ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]