
ഉയരപ്പാത!; കോൺക്രീറ്റ് റോഡിന് ഉയരം കൂടിയതിനാൽ വീടുകളിലേക്ക് ഇറങ്ങാൻ സാധിക്കാതെ നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ വടക്കേവിള ശ്രീവിലാസം നഗറിൽ 2 മാസം മുൻപ് നിർമിച്ച കോൺക്രീറ്റ് റോഡിന് ഉയരം കൂടിയതിനാൽ വീടുകളിലേക്ക് ഇറങ്ങാൻ സാധിക്കാതെ ദുരിതത്തിലായി നാട്ടുകാർ. മുൻപുണ്ടായിരുന്ന റോഡിനേക്കാൾ ഏറെ ഉയർത്തിയതോടെ വീടുകളുടെ തറനിരപ്പിൽ നിന്ന് ഉയർന്ന നിലയിലാണ് ഇപ്പോൾ റോഡ്. ഇതോടെ ചില വീടുകളിലേക്ക് ബൈക്കുകൾക്ക് പോലും കയറാൻ സാധിക്കുന്നില്ല.
ഓട്ടോറിക്ഷകളും ചെറു കാറുകളും വീടുകളുടെ മുറ്റത്തേക്ക് കയറ്റിയാണ് ഈ റോഡിൽ നിന്ന് തിരിച്ചിരുന്നത്. റോഡും വീടും തമ്മിൽ വലിയ ഉയരവ്യത്യാസം വന്നതോടെ വാഹനങ്ങൾക്ക് വീടുകളിലേക്ക് കയറാൻ സാധിക്കാത്തതിനാൽ ഓട്ടോറിക്ഷകൾ പോലും ഇവിടേക്കു വരുന്നില്ല. എന്നാൽ കോൺക്രീറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന ടാറിട്ട പ്രധാന റോഡ് പൂർണമായും അറ്റകുറ്റപ്പണി നടത്താനിരിക്കുകയാണ്.
ഈ റോഡിന്റെ പ്രവൃത്തി പൂർത്തിയാകുമ്പോൾ ഉയരം കൂടുമെന്നും അപ്പോൾ വെള്ളം മുഴുവൻ കോൺക്രീറ്റ് റോഡിലേക്കും അതിലൂടെ ഈ വീടുകളിലേക്ക് കയറുന്നത് ഒഴിവാക്കാനാണ് കോൺക്രീറ്റ് റോഡ് ഉയർത്തി ചെയ്തതെന്നും ഈ റോഡിന്റെ നിർമാണം പൂർത്തിയാകുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
11 വീട്ടുകാരാണ് കോൺക്രീറ്റ് റോഡിന്റെ ഇരുഭാഗത്തുമായി താമസിക്കുന്നത്. മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ വീടുകളിലേക്കാണ് വരുന്നത്. ചില വീടുകളിൽ കഴിഞ്ഞ ആഴ്ച വെള്ളം കയറുകയും ചെയ്തു. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നു മേയർ സ്ഥലം സന്ദർശിച്ചിരുന്നു. കോൺക്രീറ്റ് റോഡ് പൊളിച്ചു മാറ്റുന്നത് പ്രായോഗികമല്ലെന്നും വെള്ളക്കെട്ട് ഒഴിവാക്കാനായി നടപടി സ്വീകരിക്കുമെന്നും ആവശ്യമുള്ള വീടുകളിലേക്ക് സ്ലോപ് നിർമിച്ചു നൽകുമെന്നും മേയർ വ്യക്തമാക്കി.
വടക്കേവിള പട്ടത്തിൽകാവ് അമ്പലത്തിൽ നിന്ന് ശ്രീനാരായണപുരത്തിലൂടെ തൈക്കാവ് മുക്ക് വഴി മൈലാടുംകുന്ന് വരെ പോകുന്ന റോഡിൽ നിന്നാണ് ഈ കോൺക്രീറ്റ് റോഡ് ആരംഭിക്കുന്നത്. നിലവിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡ് ബിഎം ആൻഡ് ബിസി രീതിയിൽ പുനർനിർമിക്കാനുള്ള ടെൻഡർ നൽകിക്കഴിഞ്ഞു.
ആ മാസം തന്നെ നിർമാണം ആരംഭിക്കും. ഈ റോഡ് വരുന്നതോടെ കോൺക്രീറ്റ് റോഡിന് തുല്യമായ ഉയരം വരുമെന്നും അപ്പോൾ ഉണ്ടായേക്കാവുന്ന പരാതി പരിഹരിക്കാൻ വേണ്ടിയാണ് കോൺക്രീറ്റ് റോഡ് ഉയർത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. എങ്കിലും കോൺക്രീറ്റ് റോഡിൽ നിന്ന് ഏറെ താഴ്ന്നു നിൽക്കുന്ന വീടുകളുടെ പ്രശ്നത്തിന് എങ്ങനെ പരിഹാരമാകും എന്ന ചോദ്യം ബാക്കി.