
‘സാർ, പെട്ടെന്ന് വരണം, ഞാൻ വിഷം കഴിച്ചിട്ടുണ്ട്’: കൺട്രോൾ റൂമിലേക്ക് യുവാവിന്റെ ഫോൺകോൾ, ഉടനടി ‘ആക്ഷൻ’
കൊട്ടാരക്കര∙ വിഷം ഉള്ളിൽചെന്ന് മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം ജീവിക്കണമെന്ന തോന്നലിൽ ആ യുവാവിന്റെ മനസ്സ് പിടച്ചു.
ഫോണെടുത്ത് വിളിച്ചു. ‘സാർ, പെട്ടെന്ന് വീട്ടിലോട്ട് വരണം.
ഞാൻ വിഷം കഴിച്ചിട്ടുണ്ട്, മാനസിക വിഷമത്തിലാണ്’– കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ കൺട്രോൾ റൂമിൽ പൊലീസിന് ലഭിച്ച സന്ദേശമാണിത്. സന്ദേശം എത്തിയ ഫോൺ നമ്പറിലേക്ക് ഗ്രേഡ് എസ്ഐ ആർ.എസ്.
അനിൽ ഉടൻ വിളിച്ചു. വിഷം കഴിച്ച വിവരം സ്ഥിരീകരിച്ചായിരുന്നു യുവാവിന്റെ മറുപടി.
രക്ഷിക്കണമെന്ന അപേക്ഷയും. ‘വിഷമിക്കേണ്ട, ഞങ്ങൾ ഉടനെ തന്നെ അങ്ങോട്ട് വരും, പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാം’- അനിൽ ആശ്വസിപ്പിച്ചു. ഉടൻ തന്നെ വാഹനത്തിൽ ഡ്രൈവർ ബിനിൽ മോഹനെയും കൂട്ടി യാത്രയായി.
വഴി ചോദിച്ച് വളരെ പണിപ്പെട്ടാണ് യുവാവിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ല.
മുറിക്കുള്ളിൽ ഉറങ്ങുകയാണെന്നാണ് അവർ കരുതിയത്. കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ അവശനിലയിൽ യുവാവിനെ കണ്ടെത്തി.
മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം യുവാവിനെ പൊലീസ് ജീപ്പിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നൽകി. വിഷ പാക്കറ്റ് കവറും ആത്മഹത്യ കുറിപ്പും കൂടാതെ ഒരു ചായക്കപ്പിൽ പകുതിയോളം വരുന്ന ദ്രാവകവും കണ്ടെത്തിയിരുന്നു. അതും ആശുപത്രിയിൽ എത്തിച്ചു.
കഴിച്ചത് എലിവിഷമാണെന്നും 15 മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ ആപത്തായിരുന്നുവെന്നുമായിരുന്നു ഡോക്ടർമാർ അറിയിച്ചത്. ബോധം തിരികെ കിട്ടിയപ്പോൾ ആവശ്യപ്പെട്ടത് അയാളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കാണണമെന്നാണ്.
പൊലീസുകാർക്ക് മുന്നിൽ യുവാവ് കൈകൂപ്പി. കൗൺസലിങ് നൽകി ജീവിതത്തിലേക്ക് യുവാവിനെ തിരികെ കൊണ്ടു വരാനാണ് പൊലീസ് ശ്രമം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]